മീഡിയ16*പ്രഭാത വാർത്തകൾ*2022 ജൂൺ 20 തിങ്കൾ

◼️അഗ്നിവീര്‍ നിയമനങ്ങള്‍ക്കു നടപടികളായി. കരസേനയിലെ നിയമനങ്ങള്‍ക്കുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങും. വ്യോമസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ ഈ മാസം 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിനാണ്. നാവികസേനയില്‍ 25 നാണു വിജ്ഞാപനം നല്‍കുക. ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനകം ഉണ്ടാകും. നവംബര്‍ 21-ന് നാവികസേനയില്‍ പരിശീലനം തുടങ്ങും.  

◼️ഇന്നു ഭാരത് ബന്താണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. വിവിധ തൊഴിലന്വേഷകരുടെ സംഘടനകളുടെ പേരിലാണ് ബന്ത് അറിയിപ്പു പ്രചരിച്ചത്. കട അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും അടക്കമുള്ള അക്രമങ്ങള്‍ നടത്തുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡിജിപി പോലീസിനു കര്‍ശന നിര്‍ദേശം നല്‍കി.

◼️പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 നു പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമാണു ഫലപ്രഖ്യാപനം നടത്തുക.


◼️വഴിയില്‍ കിടന്ന ചപ്പുചവറുകള്‍ കൈയിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് ഇടനാഴി ഉദ്ഘാടനത്തിനുശേഷം തുരങ്കപാത നടന്നു കാണുന്നതിനിടെയാണ് വഴിയില്‍ കിടന്ന ഒഴിഞ്ഞ വെള്ളംകുപ്പിയും ചവറുകടലാസും മോദി പെറുക്കിയെടുത്ത് സ്വച്ഛ് ഭാരത് സന്ദേശം നല്‍കിയത്.

◼️സര്‍ക്കാര്‍ നല്ലകാര്യത്തിനു നടപടിയെടുത്താല്‍ രാഷ്ട്രീയവത്കരിച്ചു തകര്‍ക്കുന്ന രീതി രാജ്യത്തിന്റെ ദുര്യോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

◼️ഡല്‍ഹിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ പോലീസ് കയ്യേറ്റത്തിനെതിരെ സിപിഎം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചു. കസ്റ്റഡിയിലെടുത്ത എല്ലാവരേയും വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അഗ്നിപഥിനെതിരായ പാര്‍ലമെന്റ് മാര്‍ച്ചിലാണു സംഘര്‍ഷമുണ്ടായത്. എ എ റഹീം എംപിയെ രാത്രി വൈകി വിട്ടയച്ചു. എന്നാല്‍ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് വിട്ടയച്ചില്ല.

◼️വിഴിഞ്ഞം ബൈപ്പാസില്‍ മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്കു സമീപമാണ് അപകടമുണ്ടായത്.

◼️മലയാളം പാഠപുസ്തകങ്ങളില്‍ ഈ വര്‍ഷം തന്നെ അക്ഷരമാല ഉള്‍പ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

◼️ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ അനിത പുല്ലയില്‍ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന പ്രവീണിനൊപ്പമാണെന്ന് റിപ്പോര്‍ട്ട്. സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്നയാളാണ് ഇദ്ദേഹം. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങു മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു.

◼️കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ കൈയിനു പരിക്കേറ്റു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ്  റിയാസിന്റെ തണലില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.

◼️നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ ഇന്നു ഹൈക്കോടതിയില്‍. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് ചോര്‍ന്നത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള  ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയാണ് ഒന്ന്. ഭരണമുന്നണിയിലെ ഉന്നതര്‍ കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയാണ് മറ്റൊന്ന്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് കേസിനെ എങ്ങനെ ബാധിക്കുമെന്നു ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ ദിലീപ് കക്ഷി ചേരും.

◼️സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്നു കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. ജീവനക്കാരെ ആരെയും ഓഫീസിലേക്കു പ്രവേശിപ്പിക്കില്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

◼️സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. പാലക്കാട് പുതുനഗരം മേഖലാ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചാണു കേസ്.

◼️തിരുവനന്തപുരം കഠിനംകുളത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ നെയ്യാറ്റിന്‍കര ആനാവൂര്‍ സ്വദേശി ശിവപ്രസാദ്, വെഞ്ഞാറമ്മൂട് സ്വദേശി അജ്മല്‍ എന്നിവരാണ് പിടിയിലായത്. എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗമാണ് ശിവപ്രസാദ്.

◼️കാലടി മരോട്ടിച്ചോടില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മറ്റൂര്‍ സ്വദേശി കിഷോര്‍, തുറവൂര്‍ സ്വദേശികളായ സനു, ജോബി, ഇടുക്കി സ്വദേശി സിജു എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

◼️മലപ്പുറം മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടക്കല്‍ സ്വദേശി മുജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെക്സ്റ്റൈല്‍സ് ഉടമയ്ക്കു പങ്കാളിത്തമുള്ള മറ്റൊരു സ്ഥാപനത്തില്‍ മുജീബിന് ബാധ്യത ഉണ്ടായിരുന്നു. പണം ലഭിക്കാന്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദിച്ചെന്നാണ് പൊലീസ് കരുതുന്നത്. മുജീബിന്റെ കൈ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ മുജീബിന്റെ ഭാര്യയുടെ ഫോണിലേക്ക് അയച്ചയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.  

◼️ഭാര്യയെ പറ്റി മോശമായി സംസാരിച്ചതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒറീസ സ്വദേശിയെ വെട്ടിക്കൊന്നു. തിരുവഞ്ചൂരില്‍ താമസിക്കുന്ന ഷിഷിറിനെയാണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ ഒറീസക്കാരനായ രാജേന്ദ്രന്‍ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചു. കൊല്ലം മെഡിക്കല്‍ കോളജിലെ ഡോ. എസ്. ശ്രീകണ്ഠന്‍, ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഓര്‍ത്തോ യൂണിറ്റ് തലവന്‍ ഡോ. പി.ജെ ജേക്കബിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

◼️നൂറ്റമ്പതിലേറെ മോഷണം നടത്തി രണ്ടു കോഴിക്കോട്ടുകാര്‍ കാസര്‍കോട്ട് പിടിയില്‍. പ്രബീഷ്, ഷിജിത്ത് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയില്‍ നിന്നും ബസില്‍ പോക്കറ്റടിക്കിടെയാണ് പിടിയിലായത്.

◼️കിടങ്ങൂരില്‍ ചിറപ്പുറത്ത് പള്ളിയമ്പില്‍ ജോബിയുടെ വീട്ടില്‍ മോഷണം. സമീപത്തെ മൂന്നു വീടുകളിലും മോഷണ ശ്രമമമുണ്ടായി. ജോബിയുടെ വീട്ടില്‍നിന്ന് ഏഴു പവന്റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.

◼️പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാര്‍ റിമാന്‍ഡില്‍. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു പോക്സോ കേസില്‍ നഗരസഭ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായിരുന്ന ശശികുമാര്‍ പിടിയിലായത്. മൂന്ന് പോക്സോ ഉള്‍പ്പെടെ പത്തു കേസുകളാണ് നിലവിലുള്ളത്.

◼️പതിനാറു വയസിനു മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയും 21 കാരനും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

◼️സര്‍ക്കാര്‍ ചെലവിലുള്ള യാത്രക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂവെന്ന് ജീവനക്കാരോട് കേന്ദ്ര സര്‍ക്കാര്‍. യാത്രയ്ക്ക് 21 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◼️അഗ്നിപഥ് പദ്ധതി പിന്‍വലിക്കാനാവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ്  ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതി കര്‍ഷക നിയമങ്ങളേപ്പോലെ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണഗ്രസ് നേതാവും രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

◼️അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് സേന മേധാവികള്‍ എല്ലാ സംശയങ്ങളും ദൂരീകരിച്ചു കഴിഞ്ഞെന്ന് ബിജെപി വക്താവ് സമ്പീത് പത്ര. ദേശസുരക്ഷക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. സൈന്യം വളരാന്‍ സോണിയ്ക്കും, രാഹുലിനും താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◼️അഗ്നിപഥ് പദ്ധതിയിലൂടെ നിയമിതരായി വിരമിക്കുന്നവരെ ബിജെപി ഓഫീസുകള്‍ക്കു കാവല്‍ക്കാരായി നിയമിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറികൂടിയാണ് കൈലാഷ് വിജയ്വര്‍ഗിയ. പ്രസ്താവന വിവാദമായിരിക്കുകയാണ്.

◼️കോഴിയുടെ ആര്‍ത്തവ രക്തംകൊണ്ടാണു മുട്ടയുണ്ടാകുന്നതെന്ന് ബിജെപി എംപി മനേക ഗാന്ധി. കുട്ടികള്‍ മുട്ട കഴിക്കരുത്. ഒരു മുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ രണ്ട് സ്പൂണ്‍ പരിപ്പില്‍ ഉണ്ട്. മുട്ട ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. മനേക പറഞ്ഞു.

◼️പ്രതിഷേധത്തിനു കറുപ്പണിഞ്ഞും കരിങ്കൊടിയുമായി എത്തിയയാള്‍ക്കരികില്‍ വാഹനം നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ചണ്ഡീഗഡില്‍ മുഖ്യമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിലാണ് സംഭവം. വാഹനം നിര്‍ത്തി പ്രതിഷേധക്കാരന്റെ കൈയില്‍ പിടിച്ചാണു മുഖ്യമന്ത്രി സംസാരിച്ചത്. അഗ്‌നിപഥ് പദ്ധതിക്കെതിരേ ശക്തമായ നിലപാടുവേണമെന്നായിരുന്നു പ്രതിഷേധക്കാരന്റെ ആവശ്യം.

◼️ബിഹാറിലും ഒഡീഷയിലുമായി മിന്നലേറ്റ് 21 പേര്‍ മരിച്ചു. ബിഹാറില്‍ 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേര്‍ മരിച്ചത്.

◼️പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍ണാടകയിലേക്ക്. ഉച്ചയോടെ കര്‍ണാടകയിലെത്തുന്ന മോദി രാജ്യത്തെ ആദ്യത്തെ പൂര്‍ണമായി ശീതീകരിച്ച റെയില്‍വേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം  നിര്‍വ്വഹിക്കും. കൊങ്കണ്‍ റെയില്‍വേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

◼️വിവാഹ തീയതി കുറിച്ച് ഒടുവില്‍ വിവാഹത്തിന് എത്താതിരുന്ന എംഎല്‍എയായ വരനെതിരെ പൊലീസില്‍ പരാതി നല്‍കി വധു. ഒഡീഷ എംഎല്‍എ ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് പ്രതിശ്രുത വധുവായ സൊമാലിക ദാസ് പരാതി നല്‍കിയത്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു.

◼️സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കു സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പു നടത്തി പന്ത്രണ്ടംഗ സംഘം അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ആറുപേര്‍ യെമന്‍ പൗരന്മാരാണ്.

◼️ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച ഇരു ടീമുകളും ട്രോഫി പങ്കുവെച്ചു. നേരത്തെ മഴമൂലം വൈകി ആരംഭിച്ച മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നാലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. ഇതോടെ കളി നിര്‍ത്തിവെയ്ക്കാനും മഴ തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കാനും അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

◼️ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 2022ല്‍ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത് 2.06 ലക്ഷം കോടി രൂപ. എക്കാലത്തെയും വലിയ നഷ്ടമാണിത്. കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും റെക്കാഡ് തകര്‍ത്ത് മുന്നേറുന്ന നാണയപ്പെരുപ്പവും ഉയരുന്ന പലിശഭാരവുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വഴിവയ്ക്കുന്നത്. മേയില്‍ മാത്രം ഓഹരി വിപണിക്ക് നഷ്ടമായത് 45,276 കോടി രൂപയാണ്. ഈമാസം 17 വരെ മാത്രം 28,445 കോടി രൂപയും പിന്‍വലിക്കപ്പെട്ടു. ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂണ്‍ 10ന് സമാപിച്ച ആഴ്ചയില്‍ 460 കോടി ഡോളര്‍ താഴ്ന്ന് 59,600 കോടി ഡോളറിലെത്തി. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് തടയിടാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞതാണ് കാരണം. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇതുവരെ വിദേശ നാണയശേഖരത്തിലെ നഷ്ടം 3,600 കോടി ഡോളറാണ്.

◼️മുന്‍നിര ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫര്‍ സാംസങ്  ഇന്ത്യ പ്രഖ്യാപിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓഫര്‍, ഗാലക്‌സി ഇസഡ് ഫോള്‍ഡ്3 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5 ജി, അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എസ് 22 സീരീസ് എന്നി ഫോണുകള്‍ക്ക് ലഭ്യമാണ്. ഇന്ത്യയിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഇത് ലഭിക്കും. ഓഫറിന്റെ ഭാഗമായി, ഗാലക്സി എസ് 22+, ഗാലക്സി എസ് 22 എന്നിവ 3,042 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐയിലും ഗാലക്സി എസ് 22 അള്‍ട്ര 4584രൂപ ഇഎംഎയിലും ലഭ്യമാകും. സാംസങ്ങിന്റെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്സി ഇസെഡ് ഫോള്‍ഡ് 3 5ജി, ഗാലക്സി ഫ്ലിപ്പ് 3 5ജി എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.

◼️സര്‍വ്വ റെക്കോര്‍ഡുകളെയും കടപുഴക്കി മുന്നേറുകയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം. തമിഴ്നാട് ബോക്സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ 'വിക്രം' കളക്ട് ചെയ്തു കഴിഞ്ഞു. ഇതോടെ 'ബാഹുബലി; ദ കണ്‍ക്ലൂഷന്‍' എന്ന ചിത്രം സൃഷ്ടിച്ച റെക്കോര്‍ഡാണ് വിക്രം മറികടന്നിരിക്കുന്നത്. 146 കോടിയാണ് 'ബാഹുബലി'യുടെ തമിഴ്നാട് ബോക്സ് ഓഫീസ് കളക്ഷന്‍. ആഗോളതലത്തില്‍ 315 കോടിക്ക് മുകളില്‍ സിനിമ സ്വന്തമാക്കി കഴിഞ്ഞു. റിലീസിന് മുന്നേ തന്നെ ഈ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടി, സാറ്റ്ലൈറ്റ് റൈറ്റ് വഴിയാണ് ചിത്രം 200 കോടി സ്വന്തമാക്കിയത്. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

◼️ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതം സിനിമയാകുകയാണ്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായി അഭിനയിക്കുന്നത്.   'ഛക്ദ എക്സ്പ്രസ്'  എന്ന സിനിമയെ കുറിച്ച് അനുഷ്‌ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'ഛക്ദ എക്സ്പ്രസ്'  എന്ന സിനിമയ്ക്ക് വേണ്ടി പരിശീലനം നടത്തുന്നതിന്റെ ഫോട്ടോയൊക്കെ നേരത്തെ അനുഷ്‌ക ശര്‍മ പങ്കുവെച്ചിരുന്നു.  ജൂലന്‍ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലന്‍ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്.

◼️ചെറു എസ്യുവി വിപണിയില്‍ മത്സരിക്കാന്‍ സുസുക്കി ടൊയോട്ട സഖ്യം വികസിപ്പിക്കുന്ന വാഹനത്തിന്റെ മാരുതി പതിപ്പിനു പേര് വിറ്റാര. ഇതിന്റെ ഭാഗമായി, വിറ്റാര ബ്രെസയില്‍നിന്ന് വിറ്റാര ഒഴിവാക്കും. വൈഎഫ്ജി എന്നാണ് ഇതിന്റെ കോഡ് നാമം. ഡി 22 എന്ന കോഡ്നാമത്തില്‍ അറിയപ്പെടുന്ന ടൊയോട്ട പതിപ്പാണ് ആദ്യം പുറത്തിറങ്ങുക. ഹൈറൈഡര്‍ എന്നു പേരുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇതിന്റെ ആദ്യ പ്രദര്‍ശനം ജൂലൈ 1 ന് നടക്കും. ദെയ്ഹാറ്റ്സുവിന്റെ ഡിഎന്‍ജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിക്കുക. ഫുള്‍ ഹൈബ്രിഡ് എന്‍ജിനും മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനും വാഹനത്തിനുണ്ടാകും. ഉയര്‍ന്ന മോഡലില്‍ മാത്രമായിരിക്കും ഫുള്‍ ഹൈബ്രിഡ് എന്‍ജിന്‍. ടൊയോട്ടയുടെ ബിഡഡി ശാലയില്‍ നിന്നാണ് വാഹനം പുറത്തിറങ്ങുക.

◼️ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന ആറുവിധം ഹാസ്യത്തില്‍ ആദ്യത്തെ രണ്ടെണ്ണം സ്മിതവും ഹസിതവും നമുക്കിവിടെ കാണാം. ഒരു കോണ്‍കേവ് മിറ്റാണ് ജിജിയുടെ കയ്യില്‍ രൂപങ്ങള്‍ അവിടെ തെളിയും ഒരല്പം. 'നഥിങ് പേഴ്സണല്‍'. ജിജി തോംസണ്‍. ഡിസി ബുക്സ്. വില 142 രൂപ.

◼️പല കാര്യങ്ങളും മറന്നുപോകുന്നു, ഓര്‍മ്മ വയ്ക്കാന്‍ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിനെ 'റീചാര്‍ജ്ജ്'ചെയ്യാന്‍ സഹായിക്കും. അതുപോലെ 'സ്ട്രെസ്', ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക.  ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തിയേക്കാം. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ് വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം നമ്മള്‍ തന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഈ പരിശീലനവും ഓര്‍മ്മ വര്‍ധിപ്പിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നതും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ഇത് തലച്ചോറിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു.  സമൂഹത്തിലേക്കിറങ്ങി ഇടപെടലുകള്‍ നടത്തുന്നതിലൂടെയും സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതിലൂടെയും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ബദാം, ഡാര്‍ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ചും ഓര്‍മ്മശക്തിക്ക് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
'ഞാനൊരു ഫാസ്റ്റ് ബൗളറാണ്. എനിക്ക് മൂന്ന് റൊട്ടിപോരാ.'  അവന്‍ പറഞ്ഞു.  'എടാ മണ്ടാ ഇന്ത്യക്ക് ഫാസ്റ്റ്ബൗളര്‍മാര്‍ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ ?'  കോച്ചിങ്ങ് ക്യാംപിലെ ട്രെയിനര്‍ സഹപാഠികളുടെ മുമ്പില്‍വെച്ച് അവനെ കളിയാക്കി.  അത് ശരിയായിരുന്നു.  ബേദി, ചന്ദ്ര, പ്രസന്ന, വെങ്കട് എന്നിങ്ങനെ സ്പിന്നര്‍മാര്‍ അരങ്ങുവാണിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍, അവര്‍ പന്തെടുക്കുംമുമ്പ് പന്തിന്റെ ഷൈനിങ്ങ് കളയുന്ന ജോലിയേ മറ്റുള്ളവര്‍ക്കുണ്ടായിരുന്നുള്ളൂ. സോബേഴ്‌സിനേയും ഇംറാനേയും പോലൊരു ഓള്‍റൗണ്ടര്‍ എന്നത് അന്ന് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു.  ഈ സാഹചര്യങ്ങള്‍ക്കിടയിലേക്കാണ് 1978 ഒക്ടോബറില്‍ ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തില്‍ നിന്ന് കപില്‍ദേവ് രാംലാല്‍ നിഖഞ്ജ് എന്ന പത്തൊന്‍പതുകാരന്‍, ഫൈസലാബാദില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതൊരു തുടക്കമായിരുന്നു.  ഇന്ത്യയുടെ സ്‌ട്രൈക്കിങ്ങ് ബൗളറും ഓള്‍റൗണ്ടറും മികച്ചക്യാപ്റ്റനുമായ ഹരിയാന ഹരികെയ്‌ന്റെ തുടക്കം.  ഏകദിന ക്രിക്കറ്റില്‍ ഒന്നുമല്ലാതിരുന്ന ഇന്ത്യ ലോക കപ്പിന് ഇറങ്ങിയത് കപില്‍ദേവിന്റെ നേതൃത്വത്തിലായിരുന്നു.  ഗവാസ്‌കറില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കപിലിന്റെ ടീം ലേകകപ്പിനിറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം ഇന്ത്യക്ക് നല്‍കിയ കിരീടസാധ്യത ആയിരത്തില്‍ ഒന്നുമാത്രമായിരുന്നു.  അന്ന് സിംബാംവെയുമായായായിരുന്നു മത്സരം.  ടോസ് ചെയ്ത് പവലിയനില്‍ തിരിച്ചെത്തിയ കപില്‍ ഒന്ന് ഫ്രെഷ് ആവാനായി വാഷ്‌റൂമില്‍ കയറി അധികം വൈകാതെ ഒരു ശബ്ദം കേട്ടു,  ഓപ്പണര്‍മാര്‍ ഗവാസ്‌കറും ശ്രീകാന്തും പൂജ്യത്തിന് പുറത്തായിരിക്കുന്നു.  17/5 എന്ന പരിതാപകരമായ അവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴാണ് പതുക്കെ, ഉറച്ച കാല്‍വെയ്പുകളോടെ , ഇരുകയ്യിലും ബാറ്റു മാറി മാറി പിടിച്ച് കൈകള്‍ വീശി ആ ഹരിയാന കൊടുങ്കാറ്റ് ക്രീസിലേക്ക് നടന്നുകയറിയത്.  അവസാന വാലറ്റത്തെ വരെ കൂട്ടുപിടിച്ച് കപില്‍ ഇന്ത്യയെ സുരക്ഷിത സ്‌കോറില്‍ എത്തിച്ചു. അങ്ങനെ ഇന്ത്യന്‍ ടീം , സിംബാംബ്വേയെ ഓള്‍ഔട്ടാക്കി വിജയമാഘോഷിച്ചു.  പിന്നീടൊരിക്കല്‍ കപില്‍ പറഞ്ഞു:   തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം എന്ന് ആരോ പറഞ്ഞ വാക്കായിരുന്നു മനസ്സില്‍.  എനിക്ക് പക്ഷേ, നാട്ടിലേക്ക് മടങ്ങേണ്ടത് കപ്പുമായി ആയിരുന്നു.  അതെ നമുക്ക് ശ്വാസം എത്രത്തോളം ആവശ്യമുണ്ടോ, അത്രയും ആവശ്യം വിജയത്തോടുണ്ടെങ്കില്‍ നാം വിജയിക്കുക തന്നെ ചെയ്യും.  - ശുഭദിനം
* മീഡിയ16*