◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിനുകള്‍ കത്തിച്ചു. നളന്ദയില്‍ ഇസ്ലാംപൂര്‍ - ഹാതിയ എക്സ്പ്രസിനു തീയിട്ടു. മൂന്ന് എസി കോച്ചുകള്‍ കത്തി നശിച്ചു. നിരവധി കോച്ചുകള്‍ അടിച്ചുതകര്‍ത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണുദേവിയുടേയും ബിജെപി സംസ്ഥാന അധ്യക്ഷന്റേയും വീടുകള്‍ക്കുനേരേയും ആക്രമണമുണ്ടായി. ഡല്‍ഹി - ആഗ്ര ദേശീയപാതയിലും അക്രമങ്ങളുണ്ടായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പട്നയില്‍ നിരോധനാജ്ഞ. ബീഹാറിലെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. അക്രമം ഭയന്ന് രാജ്യത്ത് 340 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
◼️അഗ്നിപഥ് പദ്ധതിയില്‍ രണ്ടു ദിവസത്തിനകം വിജ്ഞാപനം ഇറങ്ങുമെന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത വര്‍ഷം പകുതിയോടെ ഇവര്‍ സേനയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സേനാ വിഭാഗങ്ങളിലേക്ക് ഇനി നിയമനം അഗ്‌നിപഥ് പദ്ധതിയിലൂടെ മാത്രമെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറും വ്യക്തമാക്കി.
◼️സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഡിഇഒ, എഇഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളിലാണു ക്രമക്കേടുകളും കോഴയും കണ്ടെത്തിയത്. അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാനേജുമെന്റുകള്‍ കുട്ടികളുടെ കണക്കുകളില്‍ കൃത്രിമം കാണിച്ചെന്നാണ് ഒരു കണ്ടെത്തല്‍. നിയമനം സ്ഥിരപ്പെടുപ്പെടുത്താനും ഗ്രാന്റുകള്‍ അനുവദിക്കാനും ഇന്‍ക്രിമെന്റ് അനുവദിക്കാനും കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി.
◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. കണ്ണൂര്‍ സ്വദേശി സുജിത് നാരായണനാണ് ഹര്‍ജി നല്‍കിയത്. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പോലീസ് തെറ്റായി പ്രതിച്ചേര്‍ത്തെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
◼️അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ വല്ലി നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ചെയ്ത് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. വിചാരണ തുടങ്ങിയതിനു പിറകേ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മയും സഹോദരിയും വിചാരണ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
◼️സോളാര്‍ പീഡനക്കേസില്‍ പി.സി.ജോര്‍ജ്ജ്, എന്‍സിപി നേതാവ് ലതികാ സുഭാഷ് എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സോളാര്‍ കേസിനെക്കുറിച്ച് രണ്ടു നേതാക്കളും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സോളാര്‍ പദ്ധതിക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളും എ.പി.അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചുവെന്നാണ് പരാതി.
◼️കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും ശമ്പളം വിതരണം ചെയ്തു തുടങ്ങിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തിങ്കളാഴ്ച മുതല്‍ സമരം കടുപ്പിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചിരിക്കേയാണ് ശമ്പളം നല്‍കുന്നത്. തൊഴിലാളി യൂണിയനുകളുമായി ഈ മാസം 27 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
◼️പയ്യന്നൂരില്‍ സിപിഎം ഫണ്ട് തിരിമറി സംഭവത്തില്‍ കൂട്ട അച്ചടക്ക നടപടി. ടിഐ മധുസൂധനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയേറ്റില്‍നിന്നും ജില്ലാ കമ്മറ്റിയിലേക്കു തരം താഴ്ത്തി. രണ്ട് ഏരിയ കമ്മറ്റി അംഗങ്ങളായിരുന്ന കെ.കെ ഗംഗാധരന്‍, ടി വിശ്വനാഥന്‍ എന്നിവരെ കീഴ്ക്കമ്മറ്റിയിലേക്കു തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയില്‍നിന്നു മാറ്റി. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. സംസ്ഥാന കമ്മറ്റി അംഗം ടി.വി. രാജേഷിനാണു ഏരിയാ സെക്രട്ടറിയുടെ ചുമതല.
◼️കോഴിക്കോട്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത്. 87 ശതമാനം വീതം സ്‌കോറോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചത്.
◼️തനിക്കെതിരെ ഗൂഡാലോചനയും കള്ളക്കേസുമാണെന്ന് ക്രൈം നന്ദകുമാര്‍. പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നന്ദകുമാര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പ്രതികരിച്ചു. മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.
◼️ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള ക്രൂരതയും അവഹേളനവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുന്ന ജനവിഭാഗമാണ് പ്രവാസികളെന്ന് സിപിഎം ഓര്‍മിപ്പിച്ചു.
◼️ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പ്രൊസിക്യൂട്ടറായ വിനോജ് കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് വിനോജ്കുമാര്‍.
◼️കഞ്ചാവ് വില്‍പ്പനക്കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപന്‍ നായരാണ് അറസ്റ്റിലായത്. ആയുര്‍വേദ കോളജ് ജംഗ്ഷനിലുള്ള ആഷിക്കിന്റെ വീട്ടില്‍നിന്ന് 9.6 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
◼️സംസ്ഥാനത്ത് ഇന്നലെ 3253 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് ഏഴു മരണം. മരിച്ചവരില്‍ നാല് പേര്‍ കോട്ടയം ജില്ലക്കാരും മൂന്നു പേര്‍ എറണാകുളം ജില്ലക്കാരുമാണ്. കൊവിഡ് രോഗികളില്‍ 841 പേര്‍ എറണാകുളത്തും 641 പേര്‍ തിരുവനന്തപുരത്തുള്ളവരുമാണ്.
◼️സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. വടക്കന്‍ കര്‍ണാടക മുതല്‍ തെക്കന്‍ തമിഴ്നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നുമുണ്ട്. രണ്ടിന്റേയും സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഈ മാസം 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും.
◼️സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ കോടതിയില്‍. സ്വപ്നയുടെ മൊഴിയില്‍ തന്നെ കുറിച്ചു പരാമര്‍ശങ്ങളുണ്ടെന്ന് അറിഞ്ഞെന്നും വിശദമായ വിവരങ്ങളറിയണമെന്നും സരിത എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.
◼️ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ ആരംഭിക്കണമെന്നാണു നിര്‍ദേശം.
◼️വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തി. നൂറനാട് മാമ്മൂട് കോണത്തു പടീറ്റതില്‍ ശാലിനി, ഭര്‍ത്താവ് സനല്‍കുമാര്‍ മകള്‍ അനന്യ എന്നിവരടങ്ങുന്ന കുടുബം ചുനക്കര നടുവില്‍ രാഗം ഫൈനാന്‍സിയേഴ്സ് ഉടമയുടെ വീട്ടുമുറ്റത്താണ് കുത്തിയിരിപ്പു സമരം നടത്തിയത്.
◼️മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണന്‍ ഷെട്ടി. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
◼️ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവു മരിച്ചു. തൊടുപുഴ വഴിത്തല പീടികതടത്തില്‍ എബിന്‍ വില്‍സണ്‍ (23) ആണ് മരിച്ചത്.
◼️എസ്ഐയെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പിച്ച കേസിലെ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് സ്റ്റേഷനിലെ എസ്ഐ വി.ആര്‍. അരുണ്‍കുമാറിനെ (37) വെട്ടിയ നൂറനാട് മുതുകാട്ടുകര സ്വദേശി സുഗതന്‍ (48) ആണു പിടിയിലായത്. ബലപ്രയോഗത്തിലൂടെ എസ്ഐതന്നെയാണ് പ്രതിയെ പിടികൂടിയത്.
◼️കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 47 ലക്ഷം രൂപ വില വരുന്ന 899 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റു ചെയ്തു.
◼️ഡോക്ടര്‍ എന്ന് ഉണ്ടാകുമെന്ന് ഫോണിലൂടെ ചോദിച്ച വനിത രോഗിയോട് ലീവില്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നു മറുപടി നല്‍കിയ ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടു. കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് പിരിച്ചുവിട്ടത്. സംഭാഷണത്തിന്റെ ഓഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
◼️അഞ്ചാം വാര്‍ഷികദിനമായിരുന്ന കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. രാത്രി എട്ടുവരെ 1,01,152 പേരാണ് മെട്രോയില്‍ യാത്രചെയ്തത്. അഞ്ച് രൂപ ടിക്കറ്റില്‍ യാത്ര അനുവദിച്ചതാണ് യാത്രക്കാരെ ആകര്‍ഷിച്ചത്. എഴുപതിനായിരം യാത്രക്കാരായിരുന്ന നേരത്തെയുണ്ടായിരുന്ന റിക്കാര്‍ഡ്.
◼️പത്തനംതിട്ട കോയിപ്രത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനുമടക്കം നാലു പേര്‍ അറസ്റ്റില്‍. സ്വന്തം വീട്ടിലാണ് പത്താം ക്ലാസ്‌കാരിക്ക് സഹോദരന്റെ ലൈംഗിക ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.
◼️തുനീഷ്യയില്‍നിന്ന് കാണാതായ മലയാളിയായ കപ്പല്‍ ജീവനക്കാരന്‍ അര്‍ജുന്‍ രവീന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഏപ്രീല്‍ 27 ന് എംവി എഫിഷന്‍സി കപ്പലില്‍ നിന്നാണ് അര്‍ജുനെ കാണാതായത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായിരുന്നു അര്‍ജുന്‍ രവീന്ദ്രന്‍.
◼️സൗദിയില്‍ മലയാളി യുവാവിനെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റിയെ (49)യാണ് ജിദ്ദക്കും അല്ലൈത്തിനും ഇടയില്‍ മുജൈരിമ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.
◼️കാസര്‍കോട് ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റു മരിച്ച കേസിലെ പ്രതി 28 കാരനായ ശ്രീഹരി പൊലീസില്‍ കീഴടങ്ങി. കാട്ടുപന്നിയെ കുടുക്കാന് വച്ച തോക്ക് കെണിയില്‍നിന്നു വെടിയേറ്റ് രക്തം വാര്‍ന്നാണ് മാധവന്‍ നമ്പ്യാര്‍ മരിച്ചത്.
◼️ട്രെയിനില്‍നിന്ന് എട്ടു കിലോ കഞ്ചാവ് പിടികൂടി. ഷാലിമാര്‍ - നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
◼️പെരിന്തല്‍മണ്ണ നഗരത്തില്‍ ഭീകരരുടെ വേഷത്തില്‍ എത്തിയ സംഘം ദേശീയപാതയോരത്തെ മെഡിക്കല്‍ സ്ഥാപനങ്ങളിലടക്കം അഞ്ചു കടകള്‍ കൊള്ളയടിച്ചു. പെരിന്തല്‍മണ്ണ - മാനത്തുമംഗലം ബൈപ്പാസില്‍ കക്കൂത്ത് റോഡിലെ ബാഗ് കടയില്‍നിന്ന് 60, 000 രൂപ നഷ്ടപ്പെട്ടു.
◼️പോക്സോ കേസില്‍ കളരി ഗുരു അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരന്‍ (62) ആണ് പിടിയിലായത്. കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
◼️വീട്ടിനുള്ളില്‍ പത്തൊന്‍പതകാരിയായ ഭാര്യ ആത്മഹത്യ ചെയ്തു. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജയാണു മരിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണിനെ വിവാഹം കഴിച്ചത്.
◼️കാസര്‍ഗോഡ് ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് അടുപ്പത്തിലായി പീഡിപ്പിച്ചെന്നാണു കേസ്.
◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍വച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവമെന്നു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതിന്റെ വൈരാഗ്യത്തിനു വൈദികനെതിരെ വ്യാജ പരാതി നല്‍കിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◼️ഭീമാ കൊറേഗാവ് കേസ് പൂനെ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബര്‍ ഏജന്‍സികള്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ മാഗസിനായ വയേഡ്. ഡിജിറ്റല്‍ തെളിവുകള്‍ വ്യാജമാണ്. മലയാളിയായ ഹാനിബാബു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയാണു പോലീസ് കള്ളക്കേസില്‍ കുടുക്കിയതെന്നാണു റിപ്പോര്‍ട്ട്. ഭരണകൂടം എങ്ങനെയാണു സൈബര്‍ കുറ്റകൃത്യം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ആന്‍ഡി ഗ്രീന്‍ബര്‍ഗ് നിര്‍ണായക വിവരങ്ങള്‍ വയേഡില്‍ പങ്കുവച്ചത്.
◼️അഗ്നിപഥിനെതിരേ അക്രമങ്ങള്‍ അരുതെന്ന് ലോക്സഭ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ലോക്സഭയില്‍ ചര്‍ച്ചയ്ക്കു സാവകാശമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
◼️വായ്പാതുക തിരിച്ചുപിടിക്കാന്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത്തരം അസന്മാര്‍ഗിക രീതികള്‍ പിന്തുടരുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
◼️രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരന്റേയും പി. രവിചന്ദ്രന്റേയും മോചന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ആര്‍ട്ടിക്കിള്‍ 142 ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. സുപ്രീം കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. ഈ അധികാരം ഉപയോഗിച്ചായിരുന്നു എ.ജി. പേരറിവാളനെ കഴിഞ്ഞ മാസം 18 ന് സുപ്രീം കോടതി മോചിപ്പിച്ചത്.
◼️പ്രവാചക നിന്ദ, മതവിദ്വേഷക്കേസില്‍ കുടുങ്ങിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മ ഒളിവില്‍. അറസ്റ്റു നീക്കവുമായി എത്തിയ മുംബൈ പോലീസിനു നൂപുര്‍ ശര്‍മയെ ഡല്‍ഹിയില്‍ കണ്ടെത്താനായില്ല. ഡല്‍ഹി പോലീസില്‍ വിവരം അറിയിച്ച് തെരച്ചില്‍ തുടരുകയാണെന്നും മുംബൈ പോലീസ്.
◼️വളരെ കുഞ്ഞായിരിക്കേ, അമ്മയില്‍നിന്ന് വേര്‍പെട്ട കടുവക്കുട്ടിയെ വേട്ട പഠിപ്പിക്കാന്‍ 75 ലക്ഷം രൂപ മുടക്കി കൂറ്റന്‍ കൂടൊരുക്കി തമിഴ്നാട് വനംവകുപ്പ്. ആനമല കടുവാ സങ്കേതത്തില്‍ പതിനായിരം ചതുരശ്ര അടി വലുപ്പത്തിലാണു കൂടുണ്ടാക്കിയത്. ഒന്നരക്കൊല്ലം മുമ്പ് വാല്‍പാറയിലെ മാനംപള്ളിയില്‍ മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റ് അവശനിലയില്‍ കണ്ടെത്തിയ കടുവക്കുട്ടിയെ സ്വയം ഇരതേടാന്‍ പരിശീലിപ്പിക്കുകയാണ്. പരിശീലനം പൂര്‍ത്തിയായാല്‍ കടുവയെ കാട്ടില്‍ തുറന്നുവിടും.
◼️വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ അമേരിക്കയ്ക്കു വിട്ടുകൊടുക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അസാന്‍ജെയെ കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പിട്ടു. തീരുമാനത്തിനെതിരെ അസാന്‍ജെയ്ക്ക് അപ്പീല്‍ നല്കാന്‍ അവസരമുണ്ട്.
◼️ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്കു കടത്താനെത്തിച്ച 51 കിലോ ഹെറോയ്ന്‍ നേപ്പാളില്‍ പിടികൂടി. ഏഴു ദക്ഷിണാഫ്രിക്കന്‍ യുവതികളാണ് ഹെറോയ്ന്‍ കടത്താന്‍ ശ്രമിച്ച് പിടിയിലായത്.
◼️ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവ കിട്ടാനില്ലാത്തതാണു കാരണം.
◼️ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്.
◼️ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്‌സിനെതിരേ നടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ടീം അടിച്ചുകൂട്ടിയത് 498 റണ്‍സ്. 2018 ല്‍ ഓസ്‌ട്രേലിയക്കെതിരേ ആറു വിക്കറ്റിന് 481 റണ്‍സ് നേടിയ തങ്ങളുടെ തന്നെ റെക്കോഡാണ് ഇംഗ്ലണ്ട് ഈ മത്സരത്തോടെ പഴങ്കഥയാക്കിയത്. 93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട്, 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാന്‍, വെറും 70 പന്തില്‍ നിന്ന് 162 റണ്‍സടിച്ച ജോസ് ബട്ട്‌ലര്‍, 22 പന്തില്‍ നിന്ന് 66 റണ്‍സടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തച്ചത്.
◼️കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി 5 വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 100 കോടി രൂപയുടെ വിറ്റുവരവ്. ഇതുവരെ 79 ലക്ഷം കിലോ ചിക്കന്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തി. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേര്‍ന്നു പദ്ധതിയുടെ തുടക്കം. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ചിക്കന്റെ 50% ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകള്‍ക്കു മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കാന്‍ അവസരം ഒരുക്കുകയും ആയിരുന്നു ലക്ഷ്യം. പൊതു വിപണിയെക്കാള്‍ വില കുറവായതിനാല്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ധിച്ചതായും തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂര്‍ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി 270 ബ്രോയ്‌ലര്‍ ഫാമുകളും 94 ചിക്കന്‍ ഔട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നതായും കുടുംബശ്രീ പറയുന്നു.
◼️ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുഎസിലെ കോസ്‌മെറ്റിക് ഭീമനായ റെവ്‌ലോണിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഗോള വിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതും വിപണിയില്‍ റെവ്‌ലോണിനെ തളര്‍ത്തിയിരുന്നു. ടെലികോം, റീട്ടെയില്‍ മേഖലകളില്‍ ഇതിനകം തന്നെ ചുവടുറപ്പിച്ച റിലയന്‍സ് സമീപ കാലങ്ങളില്‍ ഫാഷന്‍ ലോകത്തും മുന്നേറ്റം നടത്തിയിരുന്നു. പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുക എന്ന തീരുമാനം വന്നതോടുകൂടി വിപണിയില്‍ റെവ്‌ലോണിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ റിലയന്‍സ് ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ട് വന്നതോടുകൂടി റെവ്‌ലോണിന്റെ ഓഹരികള്‍ 20% ഉയര്‍ന്ന് 2.36 ഡോളറിലെത്തി.
◼️'ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പൂക്കാലം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ യുവതാരങ്ങള്‍ പങ്കുവച്ചു. 'വളര്‍ച്ചയുടെയും മാറ്റത്തിന്റെയും സ്നേഹത്തിന്റെയും സീസണ്‍', എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഗണേഷ് രാജ് കുറിച്ചത്. വൃദ്ധരായ രണ്ടുപേര്‍ കട്ടിലുകളില്‍ കിടക്കുന്ന രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. വിജയരാഘവന്‍, കെ പി എ സി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുരിയന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ്, തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◼️നാഗ ചൈതന്യ നായകനാകുന്ന ചിത്രമാണ് 'താങ്ക്യു'. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. നാഗ ചൈതന്യയുടെ 'താങ്ക്യു' എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.'ഏണ്‍ടോ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. എസ് തമന്‍ ആണ് സംഗീത സംവിധായകന്‍. ജൊനിത ഗാന്ധി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് ശ്രീറാം ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു.
◼️റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ ഹണ്ടര്‍ 350 ആഗസ്റ്റ് ആദ്യവാരത്തോടെ വിപണിയിലെത്തുമെന്ന് സൂചന. പുതിയ ക്ളാസിക്ക് 350, മെറ്റിയോര്‍ 350 എന്നീ മോഡലുകളുടെ പ്ളാറ്റ്ഫോമായ 'ജെ' തന്നെയാണ് ഹണ്ടര്‍ 350യിലും ഉപയോഗിച്ചിട്ടുള്ളത്. ജെ പ്ളാറ്റ്ഫോമില്‍ ഉള്‍പ്പെടുന്ന മോഡലുകളില്‍ ഉപയോഗിക്കുന്ന ജെ സിരീസ് എന്‍ജിന്‍ തന്നെയാകും ഹണ്ടറിനും കരുത്ത് പകരുന്നത്. 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 6,100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
◼️അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിതത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ഏറിയും കുറഞ്ഞുമുള്ള തോതില്‍ അദ്ദേഹത്തിന്റെ ആത്മസത്തയുടെ പ്രതിഫലനമുള്‍ച്ചേര്‍ന്ന അഞ്ച് മുഖ്യകഥാപാത്രങ്ങളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് അല്‍കെമി എന്ന് ചലച്ചിത്ര വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന സംഗതി ഉള്‍പ്പെടെയുള്ള ലാവണ്യപ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി നമ്മുടെ സിനിമാപഠനത്തില്‍ പുതിയ ചാലു കീറാന്‍ പര്യാപ്തമാണ്. 'സിനിമയുടെ ശരീരം'. ജോണ്‍ സാമുവല്‍. ഡിസി ബുക്സ്. വില 123 രൂപ.
◼️രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ എന്ന വകഭേദം തന്നെയാണ് നിലവില്‍ ആഗോളതലത്തില്‍ കാര്യമായ രോഗവ്യാപനം സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തിന് കാരണമായിരുന്ന ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്റെ വലിയ സവിശേഷത. ഒമിക്രോണുമായി ബന്ധപ്പെട്ട് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. യുകെയിലെ കിംഗ്സ് കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റി'ലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ലോംഗ് കൊവിഡ് ബാധിക്കപ്പെടുന്നത് ഒമിക്രോണ്‍ കേസുകളില്‍ കുറവായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏറെ ആശ്വാസം പകരുന്നൊരു വാര്‍ത്ത തന്നെയാണിത്. കാരണം ലോംഗ് കൊവിഡ് അത്രമാത്രം തലവേദനയുണ്ടാക്കുന്നൊരു പ്രശ്നമാണ് നിലവില്‍. 20 മുതല്‍ 50 ശതമാനം വരെ ഒമിക്രോണില്‍ ലോംഗ് കൊവിഡ് സാധ്യത കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഡെല്‍റ്റ വകഭേദവുമായാണ് ഗവേഷകര്‍ ഒമിക്രോണിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഡെല്‍റ്റ യുകെയിലുണ്ടാക്കിയ തരംഗത്തില്‍ 41,361 പേരില്‍ 10.8 ശതമാനം പേരില്‍ ലോംഗ് കൊവിഡ് കണ്ടിരുന്നുവെങ്കില്‍ ഒമിക്രോണ്‍ തരംഗത്തില്‍ 56,003 പേരില്‍ 4.5 ശതമാനം പേരില്‍ ആണ് ലോംഗ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ചങ്ങാതിമാര്‍ കുതിരപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ദീര്‍ഘദൂരയാത്രയായിരുന്നു. ക്ഷീണം തോന്നിയപ്പോള്‍ തൊട്ടടുത്ത നദിക്കരയില്‍ അവര്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. നദിയില്‍ നിന്നും വെള്ളം കുടിക്കുമ്പോഴാണ് അയാള്‍ ആ കുതിരയെ ശ്രദ്ധിച്ചത്. കുതിര കാലുകൊണ്ട് വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കുന്നുള്ളൂ. അയാള്‍ക്ക് അത് കൗതുകമായി. അതയാള്‍ ചങ്ങാതിയോട് പറഞ്ഞു. അപ്പോള്‍ ചങ്ങാതി പറഞ്ഞു: കുതിര വെള്ളത്തില്‍ തന്റെ നിഴല്‍ കാണുന്നു. തന്റെ വെള്ളം വേറൊരു കുതിര കുടിക്കാന്‍ വരികയാണെന്ന് തെറ്റിദ്ധരിച്ച് അത് കാലുകൊണ്ട് ആ കുതിരയെ ഓടിപ്പിക്കുയാണ്. ഒരുപാട് കുതിരള്‍ക്ക് കുടിക്കാവുന്ന അത്ര വെള്ളം നദിയിലുണ്ടെന്ന് അതിനറിയില്ലല്ലോ...ചങ്ങാതി പറഞ്ഞു നിര്‍ത്തി. നിലനില്‍പ്പിനുവേണ്ടിയുള്ള എല്ലാ പ്രവൃത്തികള്‍ക്കിടയിലും ചില തെറ്റിദ്ധാരണകള്‍ പടരുന്നുണ്ട്. എല്ലാവരും സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ ഇടത്തേക്ക് കയറിവരുന്നുണ്ടോ എന്ന സൂക്ഷ്മനിരീക്ഷണമാണ് എപ്പോഴും. തനിക്കുളളവ ശരിയായി വിനിയോഗിച്ച് തന്റേതായ ഇടം കണ്ടെത്താന്‍ കഴിയാത്തവരാണ് അന്യരുടെ സാന്നിധ്യം ഭയപ്പെടുന്നത്. ദുരാഗ്രഹങ്ങള്‍ കടന്നുകൂടിയാല്‍ പിന്നെ താരതമ്യങ്ങളിലൂടെയുള്ള ജീവിതം മാത്രമേ നയിക്കൂ. മറ്റുള്ളവര്‍ വളരുന്നത് നോക്കി വളര്‍ന്നാല്‍ സ്വന്തം വേരുകളേയും ചില്ലകളേയും മറന്നുപോകും. നമുക്ക് താരമ്യങ്ങള്‍ ഒഴിവാക്കാം. നമുക്ക് നമ്മളുടെ ഇടം ഫലഭൂയിഷ്ടമാക്കാം - ശുഭദിനം.
*മീഡിയ16*