◼️കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം. ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ തീയിട്ടു. കല്ലേറുമുണ്ടായി. അക്രമങ്ങള്‍ ഭയന്ന് 36 ട്രെയിനുകള്‍ റദ്ദാക്കി. 72 ട്രെയിന്‍ സര്‍വീസുകള്‍ വൈകി ഓടുകയാണ്. ബീഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധം അക്രമാസക്തമായി. ചൊവ്വാഴ്ച ഉച്ചയ്ക്കു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട 12643 നിസാമുദീന്‍ എക്സ്പ്രസിനു നേരെ ഗ്വാളിയോറില്‍ ആക്രമണമുണ്ടായി.
◼️അഗ്‌നിപഥ് പദ്ധതി യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും സൈന്യത്തിന്റെ കാര്യക്ഷമത കുറയ്ക്കുമെന്നുമാണു പ്രധാന ആരോപണം. നാലു വര്‍ഷത്തെ ജോലി കഴിഞ്ഞു പുറത്താകുന്നവര്‍ക്കു മറ്റൊരു തൊഴില്‍ ലഭിക്കാനുള്ള പ്രായപരിധി കഴിയും. സൈന്യത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള കുറുക്കുവഴിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
◼️പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതിയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 23 ആയി ഉയര്‍ത്തി. നേരത്തെ ഇത് 21 ആയിരുന്നു. ഈ വര്‍ഷത്തെ നിയമനത്തിനു മാത്രമാണ് ഇളവ് ബാധകമാകുക. തൊഴില്‍ അവസരം കൂടുമെന്നും നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◼️സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ മേല്‍ നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭത്തിന്. ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും യുഡിഎഫ് മാര്‍ച്ച് നടത്തും.
◼️മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തില്‍ അതിക്രമം കാണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരായ പരാതി പരിശോധിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മര്‍ദ്ദിച്ചെന്നും നടപടി വേണമെന്നും ഹൈബി ഈഡന്‍ എംപി പങ്കുവച്ച ട്വീറ്റിനോടു പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്‍ഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ആഭ്യന്തര സമിതി അന്വേഷിക്കും. എയര്‍ ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും.
◼️മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനത്തില്‍ പൊലീസ് പരിശോധന നടത്തി. കേസില്‍ പരാതിക്കാരനായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലുമായി പൊലീസ് മഹസ്സര്‍ തയ്യാറാക്കി.
◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതിനു കേസെടുക്കണമെങ്കില്‍ പണിയില്ലാത്തവര്‍ കേസു കൊടുക്കട്ടെയെന്നു പരിഹസിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.
◼️ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ മന്ത്രിയല്ല. തിരുനാവായിലെ മാധവ് വാര്യരെ അറിയാം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മാധവ വാര്യര്‍ വീട് വച്ചു നല്‍കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ വീടു വച്ചതിന്റെ പണം നല്കാത്തതിന് സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണയാണ് പ്രചരിപ്പിക്കുന്നതെന്നും ജലീല്‍.
◼️സ്വപ്ന സുരേഷ് ആരോപിക്കുന്ന ഫ്ളൈ ജാക് എന്ന സ്ഥാപനം തന്റേതല്ലെന്നു മാധവ വാര്യര്‍. 2010 മുതല്‍ ഹിറ്റാച്ചി ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന ഒരു ജാപ്പനീസ് കമ്പനിയാണ് ഉടമകള്‍. 2014 ല്‍ കമ്പനിയില്‍ നിന്ന് താന്‍ എംഡിയായി വിരമിച്ചു. കെ.ടി ജലീലിനെ നാലഞ്ച് തവണ കണ്ടതല്ലാതെ മറ്റു ബന്ധങ്ങളില്ല. താനും ജലീലും തമ്മില്‍ ബിനാമി ബന്ധമുണ്ടെന്ന ആരോപണം കളവാണ്. മാധവ വാര്യര്‍ പറഞ്ഞു.
◼️മാധവ് വാര്യരുമായി തര്‍ക്കമില്ലെന്ന് എച്ച്ആര്‍ഡിഎസ്. അട്ടപ്പാടിയിലെ വീട് നിര്‍മ്മാണത്തിന്റെ കരാര്‍ മാധവ് വാര്യരുടെ കമ്പനിക്കാണ് നല്‍കിയത്. 192 വീടുകളില്‍ ചിലതിന്റെ പണി പൂര്‍ത്തിയായിട്ടില്ല. പണം നല്‍കാത്തതിനു കാരണം ഇതാണ്. ഇനി രണ്ടര കോടി രൂപയാണ് നല്‍കാനുള്ളത്. അവശേഷിക്കുന്ന പണി പൂര്‍ത്തിയാക്കുന്ന മുറയ്ക്കു പണം നല്‍കുമെന്നും എച്ചആര്‍ഡിഎസ് അറിയിച്ചു.
◼️തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ പോലീസിനെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പത്തു മല്‍സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. കോസ്റ്റല്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പൊലീസിലെ ഒരു ഗാര്‍ഡിനെയുമാണു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ട് പോയത്. മണിക്കൂറുകള്‍ക്കകം അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ നേതൃത്തിലുള്ള പോലീസ് സംഘം മൂന്ന് പേരേയും മോചിപ്പിച്ചു.
◼️അധികാര ദുര്‍വിനിയോഗം നടത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കി രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരേയും എഐസിസിയില്‍ പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചുള്ള രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
◼️നിലയ്ക്കല്‍ അന്നദാന അഴിമതിക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെ വിജിലന്‍സ് പോലീസ് അറസ്റ്റു ചെയ്തു. അന്നദാനത്തിന് സാധനങ്ങള്‍ ഇറക്കിയ ഇനത്തില്‍ കരാറുകാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ കഴിഞ്ഞമാസം സര്‍വ്വീസില്‍നിന്നു വിരമിച്ചിരുന്നു.
◼️മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിന്നതെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. സ്പീക്കര്‍ എംബി രാജേഷ് അധ്യക്ഷനായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. 65 രാജ്യങ്ങളില്‍നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 351 പ്രതിനിധികളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
◼️ലോക കേരള സഭ യുഡിഎഫ് പ്രതിനിധികള്‍ ബഹിഷ്‌കരിക്കും. പ്രവാസി പ്രതിനിധികളെ വിലക്കില്ല. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.
◼️സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ഇകെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവിടങ്ങളിലാണ് വന്ധ്യതാ ചികിത്സയുള്ളത്.
◼️മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. കലാപ ശ്രമത്തില്‍നിന്നു കോണ്‍ഗ്രസ് പിന്‍മാറണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളേയും എംഎല്‍എമാരേയും തടയുമെന്നും പാലാരിവട്ടത്തെ പൊതു യോഗത്തില്‍ മോഹനന്‍ പറഞ്ഞു.
◼️ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ നടത്തിയ ഭീഷണി പ്രസംഗം കലാപ സാഹചര്യം സൃഷ്ടിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ആയ റിയാസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
◼️കാറില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം ജില്ലയിലെ മേലാറ്റൂരിലാണ് ഒരു കോടി 15 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ തുലാപറമ്പ് നടുവത്ത് വി മഹേഷ് (29), സഹായി തുലാപറമ്പ് വടക്ക് പുത്തിക്കാട്ടില്‍ ബാസിത് (24) എന്നിവരെ കസ്റ്റഡിയിലെടുത്തു.
◼️നോണ്‍ സ്റ്റിക് കുക്കറിന്റെ കൈ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 497 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണ്ണ കമ്പികളുമായി യുവാവ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ജിദ്ദയില്‍നിന്ന് 23 ലക്ഷം രൂപ വിലയുള്ള സ്വര്‍ണവുമായി വന്ന തൃശൂര്‍ സ്വദേശി നിഷാദ് (39) ആണ് പിടിയിലായത് .
◼️വൈക്കം എംഎല്‍എ സികെ ആശയുടെ പിതാവ് കെ ചെല്ലപ്പന്‍ സിപിഐ വൈക്കം ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. 82 വയസായിരുന്നു.
◼️നെടുമ്പാശ്ശേരിയില്‍നിന്ന് കാണാതായ യുവാവിനെ വരാപ്പുഴ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വാപ്പാലശ്ശേരി സ്വദ്ദേശി ടോണി വിന്‍സന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലില്‍ കണ്ടെത്തിയത്.
◼️വിതുരയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഹാരിഷിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. നേരത്തെ ജോലി ചെയ്തിരുന്ന ഹോട്ടലുടമകളാണ് പ്രതികള്‍. പെരിങ്ങമല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അല്‍ഫയാദ്, സുല്‍ത്താന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്.
◼️കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു കോടിയിലധികം രൂപ ചെലവാക്കി കോട്ടയം അയ്മനത്ത് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ തറയും ഭിത്തിയും തകര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞ് അടച്ചിട്ട സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്നാണു റിപ്പോര്‍ട്ട്.
◼️പാലക്കാട് വാളയാറില്‍ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച അരിയെന്നാണ് വീട്ടുടമ റസാഖിന്റെ മൊഴി.
◼️ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി മുസ്തഫ, എന്‍.കെ സിറാജുദ്ദീന്‍, പറവൂര്‍ സ്വദേശി കെ.കെ അഫ്സല്‍ എന്നിവരാണ് അറസ്റ്റിലായത്.
◼️വീട്ടില്‍ ട്യൂഷനു വന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അധ്യാപകന് ഏഴു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ തളിപറമ്പ് സ്വദേശി കെ.പി.വി സതീഷ് കുമാറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
◼️സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരേ ഹര്‍ത്താല്‍ ആചരിച്ച ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഫോറസ്റ്റ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളെ ഇറക്കിവിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗാര്‍ഡന്‍ അടച്ചുപൂട്ടുകയും ചെയ്തു.
◼️പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടനാണു ജീവനൊടുക്കിയത്.
◼️ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന തെക്കെപാനൂരിലെ കെ വത്സരാജ കുറുപ്പ് വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കിര്‍മ്മാണി മനോജ് ഉള്‍പെടെ ഏഴു സിപിഎം പ്രവര്‍ത്തകരെയാണ് തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടത്. 2007 മാര്‍ച്ച് നാലിന് രാത്രിയാണ് വത്സരാജക്കുറുപ്പിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി തലക്കടിച്ചു കൊന്നത്.
◼️ആലപ്പുഴ വളവനാട് 17 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. 35,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് നര്‍കോട്ടിക് വിഭാഗം പിടിച്ചെടുത്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശികളായ ദീപു, രാജു, ജോര്‍ജ് എന്നിവര്‍ അറസ്റ്റിലായി.
◼️അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ്. സൈന്യത്തിന്റെ കാര്യശേഷി ഇല്ലാതാക്കുകയും യുവാക്കള്‍ക്കു തൊഴിലവസരം നിഷേധിക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
◼️അഗ്‌നിപഥ് പദ്ധതിയെ പരിഹസരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'റാങ്കില്ല, പെന്‍ഷനില്ല. രണ്ടു വര്‍ഷത്തേക്കു നേരിട്ടുള്ള നിയമനമില്ല, നാലു വര്‍ഷത്തിനു ശേഷം സ്ഥിരതയില്ല, സൈന്യത്തോട് ആദരവില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കൂ' രാഹുല്‍ ട്വീറ്റ് ചെയ്തു.
◼️അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതി. നാല് വര്‍ഷത്തെ കരാര്‍ നിയമനം നല്‍കി പ്രൊഫഷണല്‍ സൈനികരെ ഉണ്ടാക്കാനാവില്ല. പെന്‍ഷന്‍ പണം ലാഭിക്കാനുള്ള നടപടി സൈന്യത്തിന്റെ കാര്യശേഷിയെ ബാധിക്കുമെന്നും സിപിഎം പിബി കുറ്റപ്പെടുത്തി.
◼️സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ട്. സേനയില്‍ നിശ്ചിത കാലം തൊഴില്‍ പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ തുറന്നുകിട്ടുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
◼️5 ജി സ്‌പെക്ട്രം ലേലം അടുത്ത മാസം 26 ന് ആരംഭിക്കും. 72,000 മെഗാഹെട്‌സ് അല്ലെങ്കില്‍ 72 ഗിഗാഹെട്‌സിലേറെ എയര്‍വേവ്‌സ് ലേലത്തില്‍ വയ്ക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. 4 ജിയേക്കാള്‍ പത്തിരട്ടി വേഗമുള്ളതാണ് 5 ജി. 20 വര്‍ഷമായിരിക്കും ലേലം പിടിക്കുന്നവര്‍ക്കു ലഭിക്കുന്ന കാലാവധി. അഞ്ചു ലക്ഷം കോടിയിലേറെ രൂപയാണ് മൊത്തം സ്‌പെക്ട്രത്തിന്റെ മൂല്യമായി വിദഗ്ദര്‍ കണക്കാക്കുന്നത്.
◼️എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ രാജ്യസഭാ മാര്‍ച്ചും എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചും നടത്തി. കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പൊലീസിനെതിരെ പരാതി അറിയിച്ചു.
◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
◼️കോണ്‍ഗ്രസിന്റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളുടെ ചുമതല ജയ്റാം രമേശിന്. രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റിയാണ് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിനെ നിയമിച്ചത്.
◼️നയന്‍താര വിഘ്നേഷ് വിവാഹത്തിനു പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. വിവാഹം നടന്ന ചെന്നൈ മഹാബലിപുരം ഇസിആര്‍ റോഡിലെ സ്റ്റാര്‍ ഹോട്ടലിനു സമീപത്തെ ബീച്ചിലേക്കു പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ലെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ശരവണന്‍ നല്‍കിയ പരാതിയിലാണു കേസെടുത്തത്.
◼️പഞ്ചനക്ഷത്ര ഹോട്ടലില്‍ 35 കാരിയായ എഴുത്തുകാരിയെ ബലാത്സംഗം ചെയ്ത എഴുപത്തഞ്ചുകാരനായ വ്യവസായിക്കെതിരേ കേസ്. സംഭവം പുറത്തു പറയാതിരിക്കാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന് യുവതി. കടം വാങ്ങിയ രണ്ട് കോടി രൂപ തിരികെ തന്നില്ലെന്നും പരാതിയിലുണ്ട്.
◼️ജമ്മുകാഷ്മീരിലെ അനന്തനാഗിലും കുല്‍ഗാമിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ടു ഭീകരരെ വധിച്ചു.
◼️സിറിയയിലെ റഖയയ്ക്ക് അടുത്തുള്ള ഗ്രാമത്തില്‍ അമേരിക്കന്‍ സംയുക്ത സൈനിക കമാന്‍ഡോകള്‍ നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവ് പിടിയില്‍. ഹാനി അഹമ്മദ് അല്‍ കുര്‍ദിയെയാണ് പിടികൂടിയത്.
◼️സൗദി അറേബ്യയിലേക്കു ചെമ്മരിയാടുകളെ കൊണ്ടുപോയ കപ്പല്‍ ചെങ്കടല്‍ തീരത്ത് മുങ്ങി. കപ്പലിലെ ചെമ്മരിയാടുകളില്‍ ഭൂരിഭാഗവും മുങ്ങിച്ചത്തു. കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി. ചെങ്കടല്‍ തീരത്തെ സുഡാന്‍ തുറമുഖമായ സുവാകിന്‍ തീരത്തായിരുന്നു സംഭവം.
◼️സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചു. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്.
◼️അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ 1838 പോയന്റ് നേടിയ ബ്രസീല്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 1822 പോയന്റ് നേടിയ ബെല്‍ജിയമാണ് രണ്ടാമത്. അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി 1784 പോയിന്റ് നേടി മൂന്നാം റാങ്കിലേക്ക് കുതിച്ചു. അതേസമയം മൂന്നാം റാങ്കിലുണ്ടായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ അഞ്ചുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ത്യ 106-ാം സ്ഥാനത്താണ്.
◼️വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്‌പൈസ് ജെറ്റ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണ്. ടിക്കറ്റ് നിരക്കില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ വര്‍ധന വരുത്തേണ്ടിവരും. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം ഇന്ധന വിലയില്‍ 120 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പ്രവര്‍ത്തന ചെലവിന്റെ അന്‍പതു ശതമാനവും ഇന്ധന വിലയാണ്. ഇനിയും ഈ നിലയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് കമ്പനി അറിയിച്ചു.
◼️യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കുകളില്‍ മാറ്റം വരുത്തി. പണപ്പെരുപ്പത്തെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടിസ്ഥാന പലിശ നിരക്ക് 0.75 ശതമാനം വര്‍ധിപ്പിച്ചു, 1994 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയിരിക്കുന്നത്. വരുന്ന മാസങ്ങളില്‍ സാമ്പത്തിക രംഗത്തു മാന്ദ്യവും തൊഴിലില്ലായ്മയും പ്രവചിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഫെഡറല്‍ റിസര്‍വ്വിലെ മാറ്റം യൂറോപ് - ഏഷ്യന്‍ വിപണികളേയും ബാധിക്കും.
◼️ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഡോണ്‍. നവാഗതനായ സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. മോശമല്ലാത്ത പ്രതികരണം ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയിരുന്നു. ഇപ്പോഴിതാ ഡോണ്‍ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിഘ്നേശ് ശിവന്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആദിത്യ ആര്‍ കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നായിരുന്നു. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ചിത്രത്തിലെ നായിക.
◼️ഷെയ്ന്‍ നിഗമിന്റെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസം ജൂലൈ 1ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്‌കര്‍ നൃത്തചുവടുകള്‍ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
◼️എച്ച്ഓപി ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഓക്സോ. ഈ സ്‌കൂട്ടറിന്റെ ബാറ്ററികള്‍ക്കായുള്ള എഐഎസ് 156, അതിന്റെ വിശ്വാസ്യത, പ്രകടനം, ഗുണനിലവാരം, സുരക്ഷ എന്നിവ ഉള്‍പ്പെടുന്ന ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ ലോഞ്ച് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ്.
◼️ആധുനിക സാങ്കേതിക വിദ്യകള്‍ മാത്രം അറിയുന്ന ഒരു തലമുറയാണ് ഇന്നു നമുക്കിടയില്‍ വളര്‍ന്നു വരുന്നത്. അത്തരമൊരു തലമുറകൂടി വന്നാല്‍ അവര്‍ക്കിടയില്‍ ഗുരുത്വം സ്നേഹം, കരുണ, അച്ചടക്കം തുടങ്ങിയ ഗുണങ്ങള്‍ക്ക് വല്യസ്ഥാനമൊന്നും കാണില്ല. 'ഗുണപാഠകഥകള്‍'. ഡോ. സി ഉദ്യകല. ഫേമസ് ബുക്സ്. വില 437 രൂപ.
◼️കൊവിഡിന്റെ പുതിയ വേരിയന്റുകളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. പുതിയ വകഭേദങ്ങള്‍ വരുന്നതോടെ ലക്ഷണങ്ങളും മാറി വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിന്റെ തുടക്കത്തില്‍ പനി, ചുമ, മണം ,രുചി നഷ്ടമാവുക എന്നവിയാണ് കൊവിഡ് അണുബാധയുടെ പ്രധാനലക്ഷണങ്ങളായി എന്‍എച്ച്എസ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കണ്ട് വരുന്നതായി എന്‍എച്ച്എസ് വ്യക്തമാക്കുന്നു. കൊവിഡ് പിടിപെട്ടാല്‍ ത്വക്കിലുണ്ടാകുന്ന മുറിവുകളാണ് പ്രധാന ലക്ഷണമായി വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് അണുബാധ ചര്‍മ്മത്തെ പല തരത്തില്‍ ബാധിക്കും. ചില ആളുകള്‍ക്ക് ചര്‍മ്മത്തിന് നിറം മാറി വരിക അനുഭവപ്പെടാം. മറ്റുള്ളവര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതായി വിദഗ്ധര്‍ പറയുന്നു. കാല്‍വിരലുകള്‍ ചുവന്നതോ വീര്‍ത്തതോ ആയ ചര്‍മ്മ പ്രശ്നവും പ്രകടമാകുന്നു. ഈ ലക്ഷണം കൗമാരക്കാരിലും യുവാക്കളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. ശാരീരിക സമ്മര്‍ദ്ദം കാരണം നഖത്തിന്റെ വളര്‍ച്ചയില്‍ താല്‍ക്കാലിക തടസ്സം ഉണ്ടാകുന്നു. നഖത്തില്‍ നേരിയ വരകള്‍ ചിലരില്‍ പ്രകടമാണ്. നഖങ്ങളുടെ അടിഭാഗത്ത് വികസിക്കുന്ന വരകള്‍ നഖത്തിലെ പ്രോട്ടീനുകളുടെ അസാധാരണമായ ഉത്പാദനം മൂലമാണെന്ന് കരുതപ്പെടുന്നു. കൊവിഡ് ബാധിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്ക് ഈ ലക്ഷണം കണ്ട് വരുന്നു. മുടികൊഴിച്ചില്‍ കൊവിഡിന്റെ ഒരു ലക്ഷണമാകാം. ഇന്‍ഫ്ലുവന്‍സ, അഞ്ചാംപനി തുടങ്ങിയ മറ്റ് വൈറല്‍ അണുബാധകളെപ്പോലെ ചിലപ്പോള്‍ കേള്‍വിക്കുറവ് അല്ലെങ്കില്‍ ടിന്നിടസ് ഉള്ളിലെ ചെവിയിലെ കോശങ്ങളെ ബാധിക്കുന്നതായി കണ്ടെത്തി.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരു യാത്രയ്ക്കിടെ ഒരു വലിയ മരത്തണലില്‍ വിശ്രമിക്കാന്‍ ഇരുന്നു. മരത്തില്‍ നിന്നും പഴങ്ങള്‍ കഴിച്ചു. അരികെയുള്ള നദിയില്‍ നിന്നും വെള്ളം കുടിച്ചു. ക്ഷീണം മാറിയപ്പോള്‍ യാത്ര തുടരാന്‍ തയ്യാറായി. അപ്പോള്‍ അദ്ദേഹം മരത്തോട് ചോദിച്ചു: നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്. മരം പറഞ്ഞു: എന്റെ പഴങ്ങള്‍ക്ക് നല്ല മധുരമുണ്ടാകണം. അപ്പോള്‍ ഗുരു പറഞ്ഞു. അതു വേണ്ട ഇപ്പോള്‍ തന്നെ നല്ല മധുരമുണ്ട്. ധാരാളം ഇലകള്‍ ചോദിച്ചപ്പോള്‍ ഇലകള്‍ ധാരാളം മരത്തിനുള്ളത് കൊണ്ട് അതും ഗുരു അനുവദിച്ചില്ല. അരുവി അടുത്തുള്ളതുകൊണ്ട് ജലാംശത്തിനു വേണ്ടിയുള്ള ആവശ്യവും അപ്രസക്തമായി. അവസാനം ഗുരു ഇങ്ങനെ ഒരു അനുഗ്രഹം നല്‍കി: നിന്റെ വിത്തില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന എല്ലാ മരങ്ങളും നിറയെ ഫലങ്ങള്‍ നല്‍കട്ടെ. മരത്തിന് ഒരുപാട് സന്തോഷമായി. ഗുരു തന്റെ യാത്ര തുടര്‍ന്നു... സ്വയം എന്തായി തീര്‍ന്നു എന്നതിനേക്കാള്‍ പ്രധാനമാണ് തന്നിലൂടെ വളര്‍ന്നവര്‍ എന്തായി തീര്‍ന്നു എന്നത്. അവനവന്‍ നന്നാകണമെന്നതും അപരനേക്കാള്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കണമെന്നതുമാണ് സാധാരണ മനോഭാവം. തന്റെ തണലില്‍ വളര്‍ത്തുന്നവരും, തന്റെയൊപ്പം വളര്‍ത്തുന്നവരും, തന്നേക്കാള്‍ മുകളില്‍ വളര്‍ത്തുന്നവരും ഉണ്ട്. തണലില്‍ വളര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ മാനസിക സുഖം മാത്രമാണ് പ്രധാനം. ഇത്തരക്കാര്‍ ആശ്രിതരില്ലാതായാല്‍ തളര്‍ന്ന് വീഴാന്‍ സാധ്യതയുണ്ട്. തന്റെയൊപ്പം വളര്‍ത്തുന്നവര്‍ അധികമായി വളരുന്ന ഓരോ കൊമ്പും വെട്ടിയൊതുക്കി നിര്‍ത്തും, സ്വയം ഒതുങ്ങേണ്ടതിന്റെ ആവശ്യകത അവര്‍ വളരുന്നവരെ ബോധ്യപ്പെടുത്തും. തന്നേക്കാള്‍ ഉയരത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ചങ്കൂറ്റമുള്ളവര്‍. വളര്‍ന്ന് തലയ്ക്ക്മീതെ ഇവര്‍ ചായും എന്ന ആകുലതയേക്കാള്‍ തനിമ കാട്ടി ഇവര്‍ വളരണം എന്നാണ് അവര്‍ ചിന്തിക്കു. കരുത്തുള്ള വിത്തില്‍ നിന്നുമാത്രമേ ശൗര്യമുളള നാമ്പുകള്‍ മുളച്ചുപൊങ്ങൂ. കരുത്ത് ഉള്ളില്‍ നിന്നും രൂപപ്പെടുത്താന്‍ സാധിക്കട്ടെ - ശുഭദിനം.
*മീഡിയ16*