◼️എസ്എസ്എല്‍സി പരീക്ഷയില്‍ 99.26 ശതമാനം വിജയം. 4,23,303 പേര്‍ ഉപരിപഠനത്തിനു യോഗ്യരായി. 44,363 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 2,961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികള്‍ പരീക്ഷ എഴുതി. 2134 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. വയനാട്ടിലാണു കുറവ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
◼️മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കു വിദേശത്തു ബിസിനസ് തുടങ്ങാന്‍ ക്ലിഫ് ഹൗസില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം. ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി. ചര്‍ച്ചകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു. 2017 ല്‍ ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ച തുടര്‍ന്നെന്നും ആരോപിച്ചിട്ടുണ്ട്.
◼️സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്നു രാജ്ഭവന്‍ മാര്‍ച്ച്. കോണ്‍ഗ്രസിനെ അപമാനിക്കാന്‍ കേന്ദ്രനീക്കം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് പത്രം കോണ്‍ഗ്രസിന്റേതാണ്. ഇടപാടുകളുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു. (ഭരണകൂട ഭീകരതയോ? ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/b64kCx40EeI )
◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. രാഹുലിനെ ഇന്നലെ അറസ്റ്റു ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കരുതെന്ന് രാഹുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഡോടെക്സ് മെര്‍ച്ചന്‍ഡെയ്സ് രാഹുലിന്റെ നേതൃത്വത്തിലുള്ള യംഗ് ഇന്ത്യന്‍ കമ്പനിക്കു 90 ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കിയിരുന്നു. ഈ തുക യംഗ് ഇന്ത്യ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
◼️വിമാനത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. കോടിയേരി പറഞ്ഞു.
◼️മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രി വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിനു ഡിജിപി നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
◼️സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത്. ഉച്ചകഴിഞ്ഞു മൂന്നിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം.
◼️സംസ്ഥാനത്തെ സ്‌കൂള്‍ സിലബസില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. 15 വര്‍ഷത്തിനു ശേഷമാണ് സിലബസ് നവീകരിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ എല്ലാ ക്ലാസുകളിലും സമ്പൂര്‍ണ അഴിച്ചു പണി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
◼️തിരുവനന്തപുരം പൂന്തുറയില്‍ എസ്ഐയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എസ്‌ഐ വിമലിനെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎന്‍ടിയുസി കൊടി നശിപ്പിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ പിറകിലൂടെ എസ്ഐയുടെ തലക്ക് അടിക്കുകയായിരുന്നു. എസ്‌ഐയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരാണ് എസ്ഐയെ അടിച്ചതെന്നു വ്യക്തമല്ലെന്നു പോലീസ്.
◼️സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഇന്നു വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
◼️സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രാഹിമിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഷാജ് കിരണിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വപ്നയുമായി ഇവര്‍ നടത്തിയ സംഭാഷണം വീണ്ടെടുക്കാനാണ് ഫോണ്‍ കൈമാറിയത്. സ്വപ്ന സുരേഷ് കൃത്രിമം നടത്തിയാണ് ഓഡിയോപുറത്തുവിട്ടതെന്നു മൊഴി രേഖപ്പെടുത്തി. സ്വപ്ന പറഞ്ഞ പലതും കെട്ടിച്ചമച്ചതാണെന്നും മൊഴി നല്‍കി.
◼️നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തടഞ്ഞ വിചാരണ കോടതി ഉത്തരവിനെതിരായ ക്രൈം ബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് ആരോ പരിശോധിച്ചെന്നും ഹാഷ് വാല്യൂ മാറിയെന്നും ഡിജിപി വാദിച്ചു. ഹാഷ് വാല്യൂ മാറിയതു പ്രതിയ്ക്ക് എങ്ങനെ ഗുണകരമാകുമെന്നു കോടതി തിരിച്ചു ചോദിച്ചു.
◼️കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം വേട്ടയാടുന്നുവെന്ന പരാതിയുമായി കോഴിക്കോട് ഡിസിസി നേതൃത്വം കോടതിയിലേക്ക്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ഈ ദിവസങ്ങളില്‍ ആക്രമണമുണ്ടായി. പൊലീസില്‍നിന്നും സുരക്ഷ കിട്ടാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ബോംബേറുണ്ടായി.
◼️എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
◼️ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്നു തുടക്കം. വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തിന് നാലുകോടി രൂപയാണ് ചെലവാക്കുന്നത്. ജൂണ്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
◼️മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍. പൊലീസിനോട് മാറിനില്‍ക്കാന്‍ പറയും. എന്നിട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കും, റിയാസുദ്ദീന്‍ പാലക്കാട് പറഞ്ഞു.
◼️ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി വിപുലമായി നടത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചും ചടങ്ങുകള്‍ നടത്തും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, മന്ത്രി ആന്റണി രാജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 28 നാണ് കര്‍ക്കടക വാവ്.
◼️തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയ കരുണാമൂര്‍ത്തി കോട്ടയം ജില്ലയിലെ വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്.
◼️മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട ആദിവാസി വനപാലകനെ സസ്പെന്‍ഡ് ചെയ്തു. പെരിയാര്‍ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാന്‍ സെക്ഷന്‍ ഫോറസ്റ്റ് വാച്ചര്‍ ആര്‍. സുരേഷിനെയാണ് സസ്പെന്റ് ചെയ്തത്.
◼️പ്രതിഷേധങ്ങള്‍ക്കിടെ ഒരേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. തിരുവനന്തപുരം എകെജി ഹാളില്‍ വേദി പങ്കിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം ഒന്നും സംസാരിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി മടങ്ങി. മഹാകവി കുമാരനാശാന്റെ 150 ാം ജന്മവാര്‍ഷികവും കേരള കൗമുദിയുടെ 111 ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യാനായാണ് ഇരുവരും എത്തിയത്.
◼️കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം. പൊയ്കയില്‍ വീട്ടില്‍ മേരി, മകള്‍ ജെസ്സി എന്നിവരാണ് ആത്മഹത്യക്കു ശ്രമിച്ചത്. അയല്‍വാസിയുമായുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.
◼️ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളം എടവാട്ടന്‍ നാസര്‍ (36) നെ കുത്തിക്കൊന്ന കേസിലാണ് പയ്യന്നൂര്‍ പിലാത്തറ താഴത്തെപുരയില്‍ ടി.പി. ശിവാനന്ദന്‍ എന്ന പ്രകാശന്‍ (49) കുറ്റക്കാരനെന്ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കണ്ടെത്തിയത്. 2006 ജനുവരി എട്ടിനാണു കൊലപാതകം നടന്നത്.
◼️സ്‌കൂള്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ചു തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്.
◼️എസ്എസ്എല്‍സി പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ രണ്ടു വിദ്യാര്‍ത്ഥികളെ കായംകുളത്ത് കാണാതായി. എരുവ കോട്ടപ്പുറത്ത് പടീറ്റതില്‍ അനിയുടെ മകന്‍ അക്സം, കായംകുളം കളീക്കല്‍ തെക്കതില്‍ അബ്ദുല്‍ വാഹിദിന്റെ മകന്‍ ലുക്ക്മാന്‍ എന്നിവരെയാണ് കാണാതായത്.
◼️രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ മല്‍സരിപ്പിക്കുമെന്നു തീരുമാനിക്കാനാകാതെ പ്രതിപക്ഷ കക്ഷികളുടെ യോഗം പിരിഞ്ഞു. മമതാ ബാനര്‍ജി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു. ഗോപാല്‍കൃഷ്ണ ഗാന്ധി, ഫറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകള്‍ മമത ബാനര്‍ജി മുന്നോട്ടുവച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് യോഗത്തില്‍ ശരദ് പവാര്‍ ആവര്‍ത്തിച്ചു. ടിആര്‍എസ്, ബിജെഡി, എഎപി, അകാലിദള്‍ പാര്‍ട്ടികള്‍ പങ്കെടുത്തില്ല.
◼️രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, നവീന്‍ പട്നായിക്ക് എന്നിവരുമായി രാജ്നാഥ് സിംഗ് സംസാരിച്ചിരുന്നു. ചര്‍ച്ചകളില്‍ ആരുടെയും പേര് രാജ്നാഥ് സിംഗ് മുന്നോട്ടു വച്ചില്ല. ഗോപാല്‍കൃഷ്ണ ഗാന്ധിയെ പോലൊരാളെ രാഷ്ട്രപതിയാക്കിയാല്‍ സമവായം ആകാമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
◼️അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ ഇരു വശങ്ങളില്‍നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സേനയുടെ അച്ചടക്കവും ഊര്‍ജ്ജവും വിട്ടുവീഴ്ച ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
◼️അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമനം നേടുമ്പോള്‍ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദേശീയ പാത ഉപരോധിച്ചും ടയറുകള്‍ കത്തിച്ചുമാണ് പ്രതിഷേധിച്ചത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
◼️ശനിയാഴ്ച തുടങ്ങാനിരുന്ന രണ്ടു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം സിപിഎം വെട്ടിച്ചുരുക്കി. യോഗം ശനിയാഴ്ച മാത്രമാക്കി. ഓണ്‍ലൈനായി യോഗം ചേരാനും തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനാലാണ് ഓണ്‍ലൈനായി ചേരാന്‍ തീരുമാനിച്ചത്.
◼️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍. അക്കൗണ്ട് ബ്ലോക്കായി എന്നും ശരിയാക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമുള്ള സന്ദേശങ്ങള്‍ വ്യാജമാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങള്‍ പങ്കിടരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പു നല്‍കി.
◼️അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി താരം സഞ്ജു സാംസണ്‍. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ നായകന്‍.
◼️ഇറാഖ് കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. സൗദിയെ മറികടന്നാണ് റഷ്യ ഈ സ്ഥാനത്ത് എത്തിയത്. യുക്രെയിന്‍ യുദ്ധത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ റഷ്യ പ്രഖ്യാപിച്ച വലിയ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചത്. മേയ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും 25 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തോളം വരും ഇത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 85 ശതമാനം ഇന്ധന ഉപയോഗവും ഇറക്കുമതി ചെയ്യുന്ന ക്രൂഡിനെ ആശ്രയിച്ചാണ്.
◼️മൈക്രോസോഫ്റ്റിന്റെ ഏറ്റവും പഴയ ബ്രൗസര്‍ ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ജൂണ്‍ 15ന് അടച്ചുപൂട്ടി. മൈക്രോസോഫ്റ്റ് എഡ്ജിനും ഇന്റര്‍നെറ്റ് എക്സ്പ്ലോററിനും ഒരുമിച്ച് 3.8 ശതമാനം ആഗോള ബ്രൗസര്‍ വിപണി വിഹിതമേയുള്ളൂ. എന്നാല്‍ ഗൂഗിള്‍ ക്രോമിന് ഏകദേശം 71.6 ശതമാനം ഓഹരിയുണ്ട്. വേഗമേറിയതും സുരക്ഷിതവുമായ ബ്രൗസിംഗ് അനുഭവം ലഭിക്കാന്‍ പുതിയ എഡ്ജ് ബ്രൗസറിലേക്ക് മാറാന്‍ കമ്പനി ഉപയോക്താക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പഴയ ബ്രൗസറിന്റെ വെര്‍ച്വല്‍ പതിപ്പ് ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ലഭ്യമാകും.
◼️ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയില്‍ അച്ഛന്‍ മഠത്തിപ്പറമ്പില്‍ മുകുന്ദന്‍ നായരും അഭിനയിക്കുന്നു. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന വിശേഷം ഉണ്ണി മുകുന്ദന്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അച്ഛന്‍ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കി എന്ന് എഴുതിയാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം.
◼️വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ 'കുറി' ജൂലൈ 8ന് തിയേറ്ററുകളിലേക്ക്. കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. നിഗൂഢത നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഒളിപ്പിച്ചു വെച്ച കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്.
◼️നീണ്ട കാത്തിരിപ്പിനൊടുവില്‍ കാവസാക്കി വേഴ്സിസ് 650യുടെ അപ്ഡേറ്റഡ് മോഡല്‍ ഈ മാസം അവസാനത്തോട് കൂടി എത്തും. വേഴ്സിസ് 1000ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വേഴ്സിസ് 650യുടെ പുത്തന്‍ പതിപ്പ് കാവസാക്കി ഇറക്കിയിരിക്കുന്നത്. എന്‍ജിന്റെയും കരുത്തിന്റെയും കരുത്തില്‍ പുതിയ വേഴ്സിസും പഴയതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. 66 എച്ച്പിയും 61 എന്‍എം ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് വേഴ്സിസിന്റെ കരുത്ത്. വില സംബന്ധിച്ച വിവരങ്ങള്‍ കാവസാക്കി ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും പഴയ മോഡലിനെക്കാളും കുറഞ്ഞത് 30,000 മുതല്‍ 50,000 രൂപ വരെ കുടുതലാകുമെന്ന് കരുതുന്നു. എക്സ്ഷോറൂം വില ഏകദേശം 7.15 ലക്ഷത്തിന് അടുത്തെത്താനാണ് സാദ്ധ്യത.
◼️മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകള്‍ തെളിയുന്ന തിരക്കഥ. മൃത്യുവിനുമുന്നില്‍ നിരുപാധികം കീഴടങ്ങേണ്ടിവരുന്നവന്റെ ദാരുണതയാണ് ഇതില്‍ പ്രമേയമാകുന്നത്. 'സുകൃതം'. എം ടി വാസുദേവന്‍ നായര്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 57 രൂപ.
◼️ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗം കുറയ്ക്കാന്‍ സഹായകരമാകുമെന്ന് അടുത്തിടെ നടത്തിയ ഒരു ഗവേഷണ പഠനം സൂചിപ്പിക്കുന്നു. മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് കാര്‍ഡിയോവാസ്‌കുലര്‍ സൊസൈറ്റി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണം സൂചിപ്പിക്കുന്നത് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസിന് രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാന്‍ കഴിയുമെന്നാണ്. ഹൃദ്രോഗമുള്ളവരില്‍ രക്തക്കുഴലുകളിലെ വീക്കം ഉണ്ടാകാറുണ്ട്. ആരോഗ്യവന്മാരായ 114 സന്നദ്ധപ്രവര്‍ത്തകരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ശരീരം സ്വാഭാഭികമായി ഉത്പാദിപ്പിക്കുന്നതും നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലമുണ്ടാക്കാനും സഹായിക്കുന്നു. ഹൃദ്രോഗമുള്ളവരില്‍ നൈട്രിക് ഓക്സൈഡിന്റെ അളവ് കുറവാണ്. നൈട്രേറ്റുകളാല്‍ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. നൈട്രിക് ഓക്സൈഡിന്റെ വര്‍ദ്ധിച്ച അളവ് വീണ്ടെടുക്കല്‍ വേഗത്തിലാക്കാന്‍ സഹായിച്ചതായി ഗവേഷകര്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന നൈട്രേറ്റ് ഭക്ഷണത്തിന് സമാനമായ ഫലങ്ങള്‍ ഉണ്ടോയെന്നും ഹൃദയാഘാത സാധ്യത കുറയ്ക്കാനാകുമെന്നും ഹൃദ്രോഗമുള്ള ആളുകളെ ഉള്‍പ്പെടുത്തി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അവര്‍ ഇപ്പോള്‍ പദ്ധതിയിടുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
നേതാവും അനുയായികളും കൂടി കാട്ടിലൂടെ നടക്കുകയാണ്. ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ മരത്തിനു മുകളില്‍ ഒരു സ്വര്‍ണ്ണപക്ഷി ഇരിക്കുന്നത് കണ്ടു. ആ പക്ഷിയെ പിടിക്കാന്‍ അവര്‍ക്കാഗ്രഹം തോന്നി. വളരെ ഉയരമുള്ള മരമായതുകൊണ്ട് ആരും അതില്‍ കയറാന്‍ തയ്യാറായില്ല. അവസാനം നേതാവ് പറഞ്ഞു. നിങ്ങള്‍ പരസ്പരം തോളില്‍ കയറിനിന്നാല്‍ ഞാന്‍ അതിന്റെ ഏറ്റവും മുകളില്‍ കയറി പക്ഷിയെ പിടിക്കാം. അവര്‍ സമ്മതിച്ചു. വലിയ ഗോവണിപോലെയായവര്‍. നേതാവ് മുകളിലെത്താറായപ്പോഴേക്കും താഴെ നില്‍ക്കുന്നവര്‍ക്ക് ക്ഷീണംകൊണ്ടും വേദനകൊണ്ടും മടുത്തു. ഏറ്റവും താഴെ നിന്നവര്‍ പിന്മാറി. അതോടെ നേതാവ് താഴെ വീണു. അടിത്തറയില്ലെങ്കില്‍ മേല്‍ക്കൂരയുമില്ല. വേരിന് ആഴമില്ലെങ്കില്‍ എത്രവലിയ വൃക്ഷമായാലും ചെറിയ മണ്ണൊലിപ്പില്‍ കടപുഴകി വീഴും. ആകര്‍ഷകമാക്കാന്‍ നടത്തുന്ന ചിത്രപ്പണികളുടെ പാതി അധ്വാനമെങ്കിലും അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടത്തിയിരുന്നെങ്കില്‍ ദൃഢതയുള്ള ഒരു സമൂഹവും വ്യവസ്ഥിതിയും ഉണ്ടായേനെ. ആരെ മറന്നാലും നമ്മള്‍ ആധാരശിലകളെ മറക്കരുത്. അരങ്ങത്ത് നില്‍ക്കുന്നവരോട് തോന്നുന്ന ആരാധന അണിയറയിലുള്ളവരോട് ഉണ്ടാകണമെന്നില്ല. പക്ഷേ, അവരുടെ അധ്വാനമാണ് അരങ്ങിനെ മനോഹരമാക്കുന്നത്. പിന്നാമ്പുറങ്ങളില്‍ മാത്രം പണിയെടുക്കുന്ന ചില നിശ്ശബ്ദ ജന്മങ്ങളുണ്ട്. മുന്‍നിരയില്‍ അവര്‍ പ്രത്യക്ഷപ്പെടാറേയില്ല. പക്ഷേ, അവരായിരിക്കും മുന്‍നിരയുടെ നെടുതൂണുകള്‍. അടിത്തട്ടില്‍ നില്‍ക്കുന്നവരുടെ മനോഭാവവും മനോബലവും ആരോഗ്യകരമായി നിലനിര്‍ത്തുക എന്നതാണ് മുകളില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്വം. നമുക്ക് നമ്മുടെ ആദ്യപടിയെ ബഹുമാനിക്കാന്‍ ശീലിക്കാം. - ശുഭദിനം.
മീഡിയ16