*മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂൺ 15 | ബുധൻ *

◼️സായുധ സേനകളിലേക്ക് 'അഗ്‌നിപഥ്' എന്ന പുതിയ റിക്രൂട്ടിംഗ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.  ഒന്നര വര്‍ഷത്തിനകം പത്തു ലക്ഷം പേരെ നിയമിക്കാനാണു പരിപാടി. ഈ വര്‍ഷം 46,000 പേരെ 'അഗ്‌നിവീര്‍' സൈനികരായി നിയമിക്കും. ആദ്യവര്‍ഷം 30,000 രൂപ ശമ്പളം. നാലു വര്‍ഷത്തേക്കാണു നിയമനം. തുടര്‍ന്ന് 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. വിരമിക്കുന്നവര്‍ക്കു പെന്‍ഷന് അര്‍ഹതയില്ല. പതിനേഴര മുതല്‍ 21 വരെ വയസുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

◼️പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞു മൂന്നിനു പിആര്‍ഡി ചേംബറിലാണു ഫലപ്രഖ്യാപനം. 4,27,407 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
keralaresults. nic.in, pareekshabhavan.kerala.gov.in

◼️വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളായ മൂന്നു പേരുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും. വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കഴുത്തുഞ്ഞെരിച്ചു മര്‍ദ്ദിച്ചുവെന്ന് ഒന്നാം പ്രതി ഫര്‍സിന്‍ മജീദ് കോടതിയോടു പറഞ്ഞു. മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു. വധശ്രമം നടത്തിയത് ഇ.പി ജയരാജനാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.

◼️പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയതിന് കസ്റ്റഡിയിലെടുത്ത   ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സുരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യാത്ത സ്ഥലമായതിനാലാണു സ്റ്റേഷന്‍ ജാമ്യം. പോലീസിന്റെ ബാരിക്കേഡ് മറികടന്നാണ് നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറിയത്.

◼️പ്രതിപക്ഷ നേതാവായ വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് അക്രമികളെ തടഞ്ഞുവച്ചത്. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കന്റോണ്‍മെന്റ് മാര്‍ച്ച്.

◼️പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കു ഗുണ്ടകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി. സതീശന്‍. പതിനായിരം പൊലീസിന്റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയവര്‍ക്ക് ജാമ്യവും സര്‍ക്കാറിനെതിരെ സമരം ചെയ്തവരെ തുറങ്കില്‍ അടക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും സതീശന്‍ ആരോപിച്ചു.

◼️വിമാനത്തില്‍ തനിക്കെതിരേ ആക്രമണശ്രമം ഉണ്ടായെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ വിശദീകരിച്ചത്. എല്‍ഡിഎഫ് വിശദീകരണ യോഗങ്ങള്‍ 21 ന് ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ സ്വര്‍ണക്കടത്ത്, ബിരിയാണിപാത്ര വിവാദങ്ങളില്‍ മുഖ്യമന്ത്രിയെ ന്യായീരിക്കാനാണ് യോഗ പരമ്പരകള്‍.

◼️സര്‍ക്കാരിനെതിരേ കലാപമുണ്ടാക്കാന്‍ പി.സി. ജോര്‍ജും സ്വപ്നയും ഗൂഢാലോചന നടത്തിയെന്ന കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് സരിതയുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ മാസം 23 ന് മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കി.

◼️മുഖ്യമന്ത്രിയുമായും കുടുംബാംഗങ്ങളുമായും പലപ്പോഴായി അനേകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവര്‍ അത് ഓര്‍ക്കുന്നില്ലെങ്കില്‍ ഓര്‍മിപ്പിച്ചുതരാമെന്നും സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. തനിക്കെതിരേ പൊലീസ് എത്ര കേസു രജിസ്റ്റര്‍ ചെയ്താലും നേരിടുമെന്നും  സ്വപ്ന പറഞ്ഞു.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഇന്‍ഡിഗോ വിമാനകമ്പനി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചു. ഇ.പി. ജയരാജന്‍ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️വിമാനത്തില്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇ.പി. ജയരാജനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി. ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് പരാതി നല്‍കിയത്. ജയരാജനു വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആശ്യപ്പെട്ടിട്ടുണ്ട്.  

◼️മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ കൈയാങ്കളി നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും കേസില്‍ കുടുങ്ങിയേക്കും. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്ത അതേ കുറ്റംതന്നെയാണ് ജയരാജനും വിമാനത്തില്‍ ചെയ്തത്. പ്രതിഷേധം പ്രകടിപ്പിച്ച രണ്ടു യാത്രക്കാരെ കൈയേറ്റം ചെയ്തതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

◼️പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും സിപിഎമ്മുകാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വമാണു കേരളത്തിലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്കു ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണ് പൊലീസ് അടിച്ചുതകര്‍ത്തു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ജനങ്ങളെ ചോരയില്‍ മുക്കി വിവാദങ്ങളില്‍നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിച്ചു.

◼️മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു കേസെടുക്കാന്‍ സര്‍ക്കാരിനു നാണമില്ലേയെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിഷേധം എന്നു രണ്ടു തവണ വിളിച്ചുപറഞ്ഞാല്‍ മരിച്ചുവീഴുന്നതാണോ മുഖ്യമന്ത്രി പദവി? വധശ്രമക്കേസ് കേരളാ പൊലീസിന് നാണക്കേടാണ്. കുറ്റം ചെയ്തത് ഇ.പി  ജയരാജനാണെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നും ഷാഫി പറഞ്ഞു.

◼️സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കറുത്ത മാസ്‌കോ, വസ്ത്രങ്ങളോ ധരിക്കുന്നവരെ തടയാന്‍ പോലീസിന് കേരള സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 18 ന് പരിഗണിക്കും. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

◼️സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ -987. സംസ്ഥാനത്തു മൂന്നു പേര്‍ മരിക്കുകയും ചെയ്തു.

◼️തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക്  വിട്ടുനല്‍കിയശേഷം തിരികേവിളിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവത്തില്‍ ഓര്‍ത്തോ മൂന്ന് വിഭാഗം യൂണിറ്റ് ചീഫ് ഡോ.പി.ജെ. ജേക്കബിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം. ഇന്നു രാവിലെ പത്തു മുതല്‍ 11 വരെ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോയിയേഷന്‍ അറിയിച്ചു.

◼️വയനാട് മേപ്പാടി മുണ്ടക്കൈയ്ക്കു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകന്‍ മോഹനനാണ് (40) മരിച്ചത്. രാത്രി പത്തോടെയായായിരുന്നു ആക്രമണം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനന്‍ ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു.

◼️മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജോലി സമയത്തു മാര്‍ച്ച് നടത്തി. ഉച്ചയ്ക്ക് 12.30 മുതല്‍ 12.50വരെയായിരുന്നു വനിതകളടക്കമുള്ളവര്‍ പങ്കെടുത്ത പ്രകടനം. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെയാണ് ഉച്ചഭക്ഷണ ഇടവേള. ഡ്യൂട്ടി സമയത്തു പുറത്തുപോകരുതെന്ന സര്‍വ്വീസ് ചട്ടങ്ങള്‍ മറികടന്നായിരുന്നു പ്രകടനം.

◼️ഡെയ്ലി ന്യൂസ് എഡിറ്റര്‍ ഫ്രാങ്കോ ലൂയിസിന് ഭാരത് സേവക് സമാജ് പുരസ്‌കാരം. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ  എഴുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിഎസ്എസ് നാഷണല്‍ ചെയര്‍മാന്‍ ബി.എസ്. ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. സാമൂഹിക വികസനത്തിനു മാധ്യമങ്ങളിലൂടെ നല്‍കിയ സേവനത്തിനാണു പുരസ്‌കാരം.

◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജയിലില്‍ നിന്ന് പ്രതികളെ വിട്ടയച്ചു തുടങ്ങി. 20 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മണിച്ചനും കുപ്പണ മദ്യദുരന്തകേസിലെ പ്രതിയായ തമ്പിക്കും പുറത്തിറങ്ങാനായിട്ടില്ല. 25 ലക്ഷം രൂപ പിഴയടച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. തമ്പിയും പിഴ അടയ്ക്കണം.

◼️പാലക്കാട് കൊടുമ്പില്‍ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ചെന്ന കേസില്‍ ഒളിവിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പിടിയില്‍. പാലക്കാട് സൗത്ത് പൊലീസ് തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

◼️ആലപ്പുഴ കരിലക്കുളങ്ങര ജലജ വധക്കേസിലെ പ്രതി സജിത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡിലെ ഒരു ലോഡ്ജിലാണ് തൂങ്ങി മരിച്ചത്. ഇയാള്‍ കേസിന്റെ വിചാരണക്കായി ഇന്നലെ ഹാജരാകണ്ടതായിരുന്നു. 2015 ഓഗസ്റ്റ് 13 നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടില്‍ ലൈംഗീകപീഡനത്തിനു ശേഷം കൊലപ്പെടുത്തിയത്.

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി  സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പലയിടത്തും നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പാലേരി ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചങ്ങോരത്ത് പഞ്ചായത്തില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

◼️കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോടുനിന്നു രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍. മയക്കുമരുന്നു കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.  

◼️ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്‌മകുളം കോറോട്ട് വീട്ടില്‍ വിഷ്ണുവാണ് അറസ്റ്റിലായത്.

◼️കോടഞ്ചേരി നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. നൂറാംതോട് ഈട്ടിക്കാട്ടില്‍ സിസ്റ്റര്‍ ഗ്രേയ്സ് ജോസ് എഫ്സിസി (46)യാണ് മരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട് മിഷനില്‍ സേവനം ചെയ്യുകയായിരുന്നു.

◼️രാഷ്ട്രപതി സ്ഥാനത്തേക്കു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. പകരം ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരാണ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മൂന്നാം ദിവസമായ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ഹാജരാകണം. ഓഹരി വാങ്ങാന്‍ കൊല്‍ക്കത്തയിലെ യങ് ഇന്ത്യ വായ്പ നേടിയത് നിയമപരമെന്ന് രാഹുല്‍ ഗാന്ധി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമായല്ല യങ് ഇന്ത്യ പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

◼️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.9 ശതമാനമാണ് പലിശ. 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.9 ശതമാനം. 210 ദിവസം വരെയുള്ളവയ്ക്ക് 4.4 ശതമാനം. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയ്ക്കു 4.4 ശതമാനത്തില്‍നിന്ന് 4.6 ശതമാനമായി ഉയര്‍ത്തി. രണ്ടു വര്‍ഷത്തേക്ക് 5.3 ശതമാനമാക്കി. മൂന്നു വര്‍ഷത്തേതിന് 5.35 ശതമാനം. മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കു പലിശ നിരക്ക് 5.45 ശതമാനമായി നിലനിര്‍ത്തി.

◼️പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ 11 കോടിയിലധികം വരുന്ന കര്‍ഷകരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ വിദഗ്ധനായ അതുല്‍ നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  വെബ്‌സൈറ്റിന്റെ ഡാഷ്‌ബോര്‍ഡിന്റെ ഫീച്ചറില്‍ സുരക്ഷാവീഴ്ചകളുണ്ടെന്നും പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ഷകരുടെയൊക്കെ  ആധാര്‍ നമ്പറുകള്‍ ലഭ്യമാകുമെന്നും അതുല്‍ പറയുന്നു.

◼️മദ്യപിച്ച് ശല്യം ചെയ്തതിന് പിതാവ് വെയിലത്ത് കെട്ടിയിട്ട മകന്‍ മരിച്ചു. ഒഡിഷയിലെ മസിനബില ഗ്രാമത്തിലെ പനുവ നായിക് എന്ന അറുപതുകാരനെ അറസ്റ്റു ചെയ്തു.  മദ്യലഹരിയില്‍ വീട്ടില്‍ പതിവായി ശല്യമുണ്ടാക്കിയ മകന്‍ സുമന്തയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്തു നിര്‍ത്തുകയായിരുന്നു. മൂന്ന് മണിക്കൂറിനുശേഷം സുമന്ത മരിച്ചെന്ന് പോലീസ് പറഞ്ഞു.

◼️സ്ത്രീധനമായി കാറു കിട്ടാത്തതിന് യുവാവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട് സേലത്താണ് സംഭവം. 31 കാരന്‍ കീര്‍ത്തി രാജിനെ അറസ്റ്റു ചെയ്തു. മൂന്നു വര്‍ഷം മുമ്പാണ് ധനശ്രിയയെ (26) വിവാഹം ചെയ്തത്.

◼️വിദേശ യാത്രകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മലവും മൂത്രവും ശേഖരിച്ച് സംസ്‌കരിക്കാന്‍ റഷ്യ പ്രത്യേക സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പുട്ടിന്റെ അനാരോഗ്യ വിവരങ്ങള്‍ മറ്റാരും അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഫോക്‌സ് ന്യൂസ്  റിപ്പോര്‍ട്ടു ചെയ്തു.

◼️വടക്കന്‍ ബുര്‍ക്കിന ഫാസോയിലെ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അല്‍-ഖ്വയ്ദ, ഐഎസ്ഐഎല്‍ ഭീകരവാദികള്‍ക്ക് ആധിപത്യമുള്ള സെനോ പ്രവിശ്യയുടെ ഭാഗമായ സെയ്റ്റെംഗ കമ്യൂണിലാണ് ശനിയാഴ്ച രാത്രി അക്രമം നടന്നത്.

◼️ഓസ്‌കര്‍ ജേതാവായ നടന്‍ കെവിന്‍ സ്‌പേസിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ കുറ്റം ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ്. നടനെ നാളെ കോടതിയില്‍ ഹാജരാക്കും. മൂന്നു പുരുഷന്മാര്‍ക്കെതിരെയാണ് നടന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണു കേസ്.

◼️എ.എഫ്.സി. എഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഹോങ് കോങ്ങിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. അന്‍വര്‍ അലി, നായകന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്.

◼️ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം. 48 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്നുവിക്കറ്റെടുത്ത ചാഹലുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

◼️അടുത്ത അഞ്ചു വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സും റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും സ്വന്തമാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും വയാകോമും ചേര്‍ന്ന് സ്വന്തമാക്കിയത്. ആകെ 48,390.52 കോടി രൂപയാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വിറ്റതിലൂടെ ബിസിസിഐക്ക് ലഭിക്കുക. 23,575 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. 20,500 കോടി രൂപക്ക് വയാകോം ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കി.

◼️രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍. മെയ് മാസത്തില്‍ 15.88 ശതമാനമായാണ് നിരക്ക് ഉയര്‍ന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നു നില്‍ക്കുന്നതുമാണ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കിനെ സ്വാധീനിച്ചത്. ഏപ്രിലില്‍ 15.08 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. കഴിഞ്ഞവര്‍ഷം മെയില്‍ 13.11 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഇതില്‍ നിന്ന് കുത്തനെയുള്ള വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

◼️സഞ്ചരിക്കുന്ന പാതയിലെ ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങള്‍ ഇനിമുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. ഇന്ത്യ,യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ രാജ്യങ്ങളിലെ 2000 ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങളാണ് ഗൂഗിള്‍ മാപ്പിലുണ്ടാവുക. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാണ്. ഉടന്‍തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഗൂഗിള്‍ മാപ്പിലെ വലതു വശത്ത് മുകളിലായുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇതില്‍ത്തന്നെ 'അവോയ്ഡ് ടോള്‍സ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ടോള്‍ ഫ്രീ റൂട്ടുകള്‍ വ്യക്തമാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

◼️മഹേഷ് ബാബു നായകനായി എത്തിയ  ചിത്രമാണ് 'സര്‍ക്കാരു വാരി പാട്ട'. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായത്.  കലാവതി എന്ന പാട്ടിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളോടെയുള്ള പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധനേടിയിരുന്നു. മഹേഷ് ബാബുവിന്റെ ബിസിനസുകാരനായ കഥാപാത്രത്തിന്റെ കാശ് തട്ടിയെടുക്കുന്ന കീര്‍ത്തിയുടെ കഥാപാത്രമാണ് വീഡിയോയില്‍ കാണുന്നത്. സിദ്ദ് ശ്രീറാം പാടിയ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് എസ്. തമന്‍ ആണ്.

◼️കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 300 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലേറെ കളക്ഷന്‍ നേടി. കേരളത്തില്‍ നിന്ന് 30 കോടിയിലേറെ വരുമാനം സ്വന്തമാക്കി. ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമലുമായിരിക്കും പ്രധാനതാരങ്ങള്‍.
വിക്രം എല്ലാ ബോക്സ് ഓഫീസ് റെക്കോഡുകളും തകര്‍ക്കുമെന്നാണ് നടന്‍ ഉദയനിധി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്. കമലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വിക്രം.

◼️ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ കുഷാക്ക് നിരയില്‍ സ്റ്റൈല്‍ എന്‍എസ്ആര്‍ എന്ന പുതിയ വേരിയന്റ് പുറത്തിറക്കി. 'എന്‍എസ്ആര്‍' എന്ന പദം 'നോണ്‍ സണ്‍റൂഫ്' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് വേരിയന്റിന് ഒരു ഇലക്ട്രിക് സണ്‍റൂഫ് നഷ്ടമാകുമെന്ന് സൂചിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1.0 ടിഎസ്ഐ എഞ്ചിനില്‍ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ, ഇതിന്റെ എക്‌സ്‌ഷോറൂം വില 15.09 ലക്ഷം രൂപയാണ്. ഇത് സ്റ്റാന്‍ഡേര്‍ഡ് സ്റ്റൈല്‍ വേരിയന്റിനേക്കാള്‍ 20,000 രൂപ വില കുറവാണ്.

◼️കേരളദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയുമുള്ള ഒരു പിന്‍നടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍. നാട്ടുരാജ്യങ്ങളുടെ വാഴ്ചയില്‍ തുടങ്ങി, അധികാരം വിദേശശക്തികള്‍ക്ക് കരഗതമാകുന്നതുവരെയുള്ള കാലഘട്ടമാണ് ഈ കൃതിയില്‍ പ്രതിപാദിക്കപ്പെടുന്നത്. 'കേരള ചരിത്രം വിദേശികള്‍ കപ്പലിറങ്ങുന്നു'. പുറത്തൂര്‍ ശ്രീധരന്‍. എച്ചആന്‍ഡ്സി ബുക്സ്. വില 95 രൂപ.

◼️ഇറച്ചി കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് അതിന്റെ വേവ്. ഇറച്ചി നല്ലതുപോലെ വേവിച്ച ശേഷം വേണം കറികളോ മറ്റോ തയ്യാറാക്കാന്‍. നന്നായി വേവിക്കാത്തപക്ഷം ഇറച്ചിയിലൂടെ പല രോഗാണുക്കളും നമ്മുടെ ശരീരത്തിലെത്തിയേക്കാം. അത്തരത്തില്‍ മനുഷ്യരിലേക്ക് എത്താന്‍ സാധ്യതയുള്ളൊരു പാരസൈറ്റ് ആണ് 'ടോക്സോപ്ലാസ്മ ഗോണ്ടി'. സാധാരണഗതിയില്‍ മൃഗങ്ങളില്‍ കാണുന്ന പാരസൈറ്റ് ആണിത്. എന്നുവച്ചാല്‍ എല്ലാ മൃഗങ്ങളിലുമല്ല. മൃഗങ്ങളെയാണ് ഇത് അധികവും ബാധിക്കാറ്. അവരില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്. അത് നേരാംവണ്ണം പാകം ചെയ്യാത്ത ഇറച്ചിയാണ് കഴിക്കുന്നതെങ്കില്‍ അതിലൂടെ എളുപ്പത്തില്‍ തന്നെ ഈ സൂക്ഷ്മജീവിയായ പാരസൈറ്റ് ശരീരത്തിലെത്തുന്നു. നമ്മുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ ഈ പാരസൈറ്റ് ബാധിച്ചിട്ടുണ്ട് എങ്കില്‍ അവയുടെ കാഷ്ഠത്തിലൂടെയും ഇത് നമ്മളിലേക്ക് എത്താം. എന്നാല്‍ അതിലും സാധ്യതയുള്ളത് ഇറച്ചി നല്ലരീതിയില്‍ വേവിക്കാതെ ഉപയോഗിക്കുന്നത് തന്നെയാണ്. ഈ പാരസൈറ്റ് നമ്മുടെ ശരീരത്തിലെത്തിയാല്‍ കണ്ണിനെയാണ് കാര്യമായും ബാധിക്കുന്നത്. കാഴ്ചയെ തന്നെ പ്രതികൂലമായി ഇത് ബാധിച്ചേക്കാം. ഓസ്ട്രേലിയയിലെ ഫ്ളിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ഇതിനുള്ള കൂടുതല്‍ തെളിവുകളും അടുത്തിടെ ലഭിച്ചിരുന്നു. 149 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്നം വരാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

*ശുഭദിനം*
*കവിത കണ്ണന്‍*
ഇത് സരിത.  മുബൈ ഘാട്‌കോപറിലെ ചേരിയില്‍ റാമിന്റെയും സരോജിന്റെയും രണ്ടാമത്തെ മകള്‍.  ചേച്ചിയും രണ്ടനിയന്‍മാരും ഉള്ള കുടുബത്തിന്റെ ആകെ സമ്പാദ്യം ദാരിദ്ര്യം മാത്രമായിരുന്നു.  മാലി സമുദായത്തില്‍ പെട്ടവര്‍ പൂക്കള്‍ വില്‍ക്കേണ്ടവരാണെന്ന അലിഘിത നിയമത്തിന്റെ പേരില്‍ പൂവില്‍പന തൊഴിലാക്കിയവരാണ് ഈ കുടുംബം.  അമ്മയും ചേച്ചിമാരും നേരംപുലരുവോളം കെട്ടുന്ന പൂക്കള്‍ രാവിലെ സരിതയും അച്ഛനും അനിയന്മാരും ചേര്‍ന്നാണ് തെരുവുകളില്‍ വില്‍ക്കാറുള്ളത്.  ഉച്ചയ്ക്ക് 12മണി വരെ പൂക്കള്‍വിറ്റാല്‍ ഒരുനേരം വയറുനിറയ്ക്കാനുള്ളത് കഷ്ടിച്ച് ലഭിക്കും.  റാമിന് ഒന്നറിയാമായിരുന്നു, രക്ഷപ്പെടണമെങ്കില്‍ പഠിക്കണം.  അത് അദ്ദേഹം തന്റെ മക്കളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.  അതുകൊണ്ട് തന്നെ വയറെത്രയെരിഞ്ഞാലും സരിത പുസ്തകം താഴെവെയ്ക്കില്ലായിരുന്നു.  പൂവില്‍ക്കുന്ന ഇടവേളകളിലെല്ലാം അവള്‍ പഠിച്ചുകൊണ്ടേയിരുന്നു..  ദാരിദ്ര്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും, ജാതീയമായ അധിഷേപത്തിന്റെയും ഇടയില്‍ നിന്നും രക്ഷപ്പെടണമെന്ന് അച്ഛനോട് പറയുമ്പോഴെല്ലാം അദ്ദേഹം മക്കളുടെ മടിയിലേക്ക് പുസ്തകങ്ങള്‍ വെച്ചുകൊടുക്കുമായിരുന്നു.  ഘാട്‌കോപറിലെ കെജെ സോമയ്യ കോളേജില്‍ നിന്ന് 2014 ല്‍ ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ സരിതയുടെ കഴുത്തില്‍ ഒരു നേട്ടം കിടന്ന് തിളങ്ങി.  ഒരു സ്വര്‍ണ്ണമെഡല്‍.  ഡിഗ്രിക്ക് ശേഷം എന്തെന്ന ചോദ്യത്തിന് സരിതയ്ക്ക് ഒരു ഉത്തരമുണ്ടായിരുന്നു.  2011 ല്‍ തന്റെ സഹോദരനില്‍ നിന്നാണ് അവള്‍ ആ പേര് ആദ്യമായി കേട്ടത്.  അവിടെ പഠിക്കുന്നവര്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകുമെന്ന സഹോദരന്റെ വാക്കുകളായിരുന്നു ആ സ്വപ്നത്തിന് വിത്തിട്ടത്. അങ്ങനെ സരിത, ജെ എന്‍ യു യില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നു.  2016 ല്‍ അത് പൂര്‍ത്തിയാക്കി അവിടെ തന്നെ പിഎച്ച്ഡിക്ക് അപേക്ഷിച്ചു.  അച്ഛനെ വിളിച്ച് പിഎച്ച്ഡിക്ക് ചേരണമെന്ന് പറഞ്ഞപ്പോള്‍ അത് എന്താണെന്ന് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിനായിരുന്നില്ല.  എങ്കിലും ആ അച്ഛന്‍ ഇങ്ങനെ പറഞ്ഞു: നീ പഠിക്കൂ!.. അപ്പോഴാണ് യുഎസില്‍ തുടര്‍പഠനം എന്നൊരു വഴിതുറന്നത്.  ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് വാഷിങ്ടണ്‍, കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ അപേക്ഷിച്ചു.  അതുവരെയുള്ള പഠനമികവ് കണക്കിലെടുത്ത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് ഒരു സന്ദേശമെത്തി - 7 വര്‍ഷ കോഴ്‌സിന് 'ചാന്‍സലര്‍ ഫെല്ലോഷിപ്പ്'.  അങ്ങനെ മുബൈയിലെ തെരുവില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് സരിത നടന്നുകയറുകയാണ്.   പൂവില്‍ നിന്ന് പുസ്തകത്തിലേക്കും അവിടെ നിന്ന് കാലിഫോര്‍ണിയയിലേക്കും വളര്‍ന്ന പെണ്‍കുട്ടിയുടെ കഥ. മുന്നില്‍ പ്രതിസന്ധികള്‍ കടന്നുവരുമ്പോള്‍, പ്രതീക്ഷയുടെ എല്ലാവാതിലുകളും അടഞ്ഞുപോയി എന്ന് തോന്നുമ്പോള്‍, നിശ്ചയദാര്‍ഢ്യത്തിന്റെ പൂമാല കോര്‍ത്ത ഈ 28 കാരിയുടെ കഥ നമുക്ക് ഓര്‍മ്മിക്കാം - ശുഭദിനം.
മീഡിയ16