* മീഡിയ 16 *പ്രഭാത വാർത്തകൾ*2022 | ജൂൺ 13 | തിങ്കൾ

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള പ്രതിഷേധം തുടരുന്നു. കോഴിക്കോട്ടെ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് ഇന്നലെ രാത്രി പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നേരത്തെ കനത്ത സുരക്ഷയിലും ഇന്നലെ കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയിരുന്നു. പ്രതിഷേധം ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്.

◼️ഇന്നലെ രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി വീട്ടില്‍ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടില്‍ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

◼️സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ സന്ദര്‍ശിക്കാന്‍ പാലക്കാട് എത്തും മുന്‍പു ഷാജ് കിരണ്‍ 4 മണിക്കൂര്‍ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയില്‍ ചെലവഴിച്ചതായി  റിപ്പോര്‍ട്ടുകള്‍. കേരളാ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.

◼️ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു. 

◼️സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ ടെന്‍ഷന്‍ ഇല്ലെന്ന് കെ ടി ജലീല്‍. സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം എനിക്കെന്തിന്  ടെന്‍ഷനെന്നാണ് , സ്വപ്ന സുരേഷ് പറഞ്ഞതിന്   മറുപടിയെന്നോണം ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

◼️മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള  കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്തുമായി മുതിര്‍ന്ന സിപിഎം നേതാവ് എം എ ബേബി. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കള്‍ ബോധവാനാണെന്നാണ് കരുതുന്നതെന്നും ഈ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് താങ്കളുടെ നേതൃത്വത്തില്‍ ആര്‍എസ്എസിന്റെ ചട്ടുകം ആവരുത് എന്ന് അഭ്യര്‍ത്ഥിക്കാനാണ് എഴുതുന്നതെന്നുമാണ് എം എ ബേബി കത്തില്‍ പറയുന്നത്.  

◼️കറുത്ത മാസ്‌ക് അഴിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി അഭിഭാഷകന്‍. അഡ്വ. സേതുകുമാര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. സുരക്ഷയുടെ പേരില്‍ കറുത്ത മാസ്‌ക് ഊരുന്നത് നിയമവിരുദ്ധമാണ്. ഏത് മാസ്‌ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അഭിഭാഷകന്‍ ഇന്ന്  ഹൈക്കോടതിയെയും സമീപിക്കുമെന്ന് അറിയിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തോന്നിയത് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നായിരുന്നു.  കണ്ണൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് നിന്നുകൊണ്ട് വളര്‍ന്നുവന്ന ജ്വലിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും ബിഷപ്പ്  പറഞ്ഞു.  മതേതരത്ത്വത്തിന്റെ കാവല്‍ക്കാരായ പാരമ്പര്യമാണ് കോഴിക്കോട് രൂപതക്കെന്ന് മുഖ്യമന്ത്രിയും പ്രകീര്‍ത്തിച്ചു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടിയിലായിരുന്നു ബിഷപ്പ് മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചത്.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍. കോഴിക്കോട് രൂപതയുടേയും സഹകരണ ആശുപത്രിയുടയും പരിപാടികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പ്രവീണ്‍ കുമാര്‍ പരിപാടികളില്‍ പങ്കെടുത്തില്ല. കറുപ്പിനോടുള്ള മുഖ്യമന്ത്രിയുടെ അലര്‍ജി പരിഗണിച്ച് വിട്ടു നില്‍ക്കുന്നുവെന്ന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ടി. സിദ്ദീഖ് എംഎല്‍എ രൂപത പരിപാടിയില്‍ പങ്കെടുത്തു.

◼️പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയെന്ന് കെ കെ രമ എം എല്‍ എ. ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ വായടപ്പിച്ച്, ജനാധിപത്യ പൗരസ്വാതന്ത്ര്യത്തെ തടവിലിട്ട്, പ്രതിഷേധങ്ങളെ തല്ലിയൊതുക്കി, സമരങ്ങളേയും പ്രതിഷേധക്കാരെയും അപഹസിച്ചും അപമാനിച്ചും ധിക്കാരപൂര്‍വ്വം നാടുവാഴാമെന്ന് കരുതുന്ന കേരള മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ ജനാധിപത്യ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യുമെന്നും കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

◼️കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുഖ്യന്റെ വിരട്ടല്‍ സ്വന്തം വീട്ടുകാരോടും പാര്‍ട്ടിക്കാരോടും മതിയെന്നും യുവമോര്‍ച്ച. കറുപ്പ് നിറം മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉള്ളില്‍ കള്ളമുള്ളത് കൊണ്ട് തന്നെയാണെന്ന്  യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◼️തൃക്കാക്കര  ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃയോഗം. സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ തീയതി തീരുമാനിച്ചു. ജൂണ്‍ 24,25,26 തീയതികളില്‍ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം. തൃക്കാക്കര തോല്‍വിയും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

◼️എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ റിമാന്‍ഡില്‍. വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ ഇന്നലെ രാവിലെ കീഴടങ്ങുകയായിരുന്നു. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എസ്എഫ്ഐ നേതാവ് റിമാന്‍ഡിലായിട്ടും പ്രവര്‍ത്തകര്‍ ജയിലിന് മുന്നില്‍ സ്വീകരണം നല്‍കി

◼️നീന്തല്‍ പഠിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. 16 വയസുകാരായ ജഗന്‍, സായൂജ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇരുവരെയും ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചു.

◼️ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമന്‍ നായര്‍  (62) ആണ് മരിച്ചത്. ഇരുമ്പ്തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പുടമയായ പുരുഷോത്തമന്‍ നായരുടെ മരണം. രണ്ടു ദിവസം മുന്‍പ്  ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും മരിച്ചിരുന്നു.

◼️ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ആലുവയില്‍ വീട്ടുകാരെ ബന്ദിയാക്കി  സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ നാല് പ്രതികള്‍ക്കായി പൊലീസ്  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സ്വര്‍ണ്ണപ്പണിക്കാരന്റെ വീട്ടില്‍ നിന്ന് അഞ്ചംഗ സംഘം 37.5 പവന്‍ സ്വര്‍ണവും 1,80,000 രൂപയുമാണ് സംഘം തട്ടിയെടുത്തത്. കേസില്‍ റെയില്‍വേ ജീവനക്കാരനും ഗോവ സ്വദേശിയുമായ ഒരാള്‍ നേരത്തെ പിടിയിലായിരുന്നു.

◼️തിരുവനന്തപുരത്ത് ഇന്നോവ കാര്‍ 11 ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ആര്യനാട് ബാങ്കിന് സമീപം വഴി യാത്രക്കാരന്റെ കാലിലൂടെ വണ്ടി കയറിയിറങ്ങി. ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

◼️ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം മെഡിക്കല്‍ കോളേജ് അധികൃതര്‍ തിരിച്ചുവാങ്ങിയ സംഭവം പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നതിനാല്‍ ആണെന്ന് തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പില്‍ യൂസഫിന്റെ (46) മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ബന്ധുക്കള്‍ മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.

◼️സമൂഹത്തില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന പരസ്യത്തില്‍ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുനെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ പരാതി നല്‍കി.  ഐഐടി, എന്‍ഐടി റാങ്കിങ്ങിനെ കുറിച്ച് സംസാരിക്കുന്ന ശ്രീ ചൈതന്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് വിവാദത്തിന് കാരണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് നടനെയും വിദ്യാഭ്യാസ സ്ഥാപനത്തെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇന്ന്  രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഇഡിക്ക് മുമ്പില്‍ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും. ഈ സമയം രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്‍പിലും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് വേട്ടയാടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ന് ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കി.

◼️കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയായ സോണിയ ഗാന്ധിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്.

◼️അനധികൃതനിര്‍മ്മാണമെന്ന് കാട്ടി യു. പി.സര്‍ക്കാര്‍  പ്രയാഗ് രാജ് കലാപത്തില്‍ പ്രതികളായവര്‍ക്കെതിരെ  നടപടികള്‍  തുടങ്ങി. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ജാവേദ് അഹമ്മദിന്റെ മൂന്ന് നില വീട് പൂര്‍ണ്ണമായി പ്രയാഗ് രാജ് വികസന അതോറിറ്റി പൊളിച്ചു നീക്കി. അനധികൃതനിര്‍മ്മാണെന്ന് കാട്ടിയാണ് നടപടി. കേസില്‍ ജാവേദിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ അറസ്റ്റിലാണ്. പൊളിക്കല്‍ പ്രതികാരനടപടിയെന്ന് പ്രതിപക്ഷം. ഹൌറയിലും റാഞ്ചിയിലും അതീവ ജാഗ്രത തുടരുന്നു.

◼️നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മയ്ക്ക് പരോക്ഷ പിന്തുണയുമായി ബിജെപി എംപി ഗൗതം ഗംഭീര്‍. മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ നടക്കുന്ന വധ ഭീഷണികളും മതേതരവാദികളുടെ മൗനവും കാതടപ്പിക്കുന്നതെന്നാണെന്നും ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

◼️അപമാനിച്ച യുവാക്കളെ തല്ലിയതിന് സ്ത്രീയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. അശ്ലീല ചുവയോടെ സംസാരിച്ചതിന് തല്ലിയ സ്ത്രീയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി സ്ത്രീയെ ആശുപത്രിയിലാക്കി. സ്ത്രീയുടെ മുഖത്ത് 118 തുന്നല്‍ ഉണ്ട്.

◼️റഷ്യ - യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  റഷ്യയില്‍ പഠനത്തിന് അവസരം ഒരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടമാകാതെ തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യന്‍ ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ വ്യക്തമാക്കി.  പഠനം മുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ റഷ്യന്‍ ഹൗസില്‍  ബന്ധപ്പെടണം എന്ന് നോര്‍ക്കാ റൂട്സും റഷ്യന്‍ എംബസിയും അറിയിച്ചു

◼️യുഎഇയില്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷക്കപ്പെട്ടത്. എമിറേറ്റ്സ് ഐഡി വ്യാജമായുണ്ടാക്കിയതിന് പുറമെ മറ്റൊരാളുടെ വസ്തുവകകള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

◼️ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം  കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത്  പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

◼️ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി. 46 പന്തില്‍ 81 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

◼️മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് പേടിഎമ്മിലും ഇനി സര്‍ചാര്‍ജ് ഈടാക്കും. റീച്ചാര്‍ജ് ചെയ്യുന്ന തുക അനുസരിച്ച് ഒരു രൂപ മുതല്‍ ആറ് രൂപ വരെയാണ് അധികതുക ഈടാക്കുക. 100 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണ് പേടിഎം സര്‍ച്ചാര്‍ജ് ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പേടിഎം വാലറ്റ്, യുപിഐ, ബാങ്ക് ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങി എല്ലാ പേയ്മെന്റ് ഓപ്ഷനുകളിലും ചാര്‍ജ്ജ് ഈടാക്കും. അതേസമയം ഇതേക്കുറിച്ചുള്ള ഔദ്യോ?ഗിക സ്ഥിരീകരണം പേടിഎം അധികൃതര്‍ നടത്തിയിട്ടില്ല. മാര്‍ച്ചില്‍ തന്നെ ഈ അപ്‌ഡേറ്റ് കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ അത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിയെങ്കിലും പൂര്‍ണ്ണമായും അപ്‌ഡേറ്റ് നടപ്പാക്കിയിട്ടില്ല.

◼️ഷെയ്ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പെണ്ണേ പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെയാണ്. സംഗീതം ഷാന്‍ റഹ്‌മാന്‍. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ.  ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

◼️നിവിന്‍ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മഹാവീര്യര്‍' ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.  ടൈം ട്രാവലും ഫാന്റസിയും കോടതി- നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ചിത്രത്തില്‍ നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

◼️ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് പുതിയ മെഴ്‌സിഡസ്-എഎംജി ജിടി ബ്ലാക്ക് സീരീസ് അനാച്ഛാദനം ചെയ്തു. എഎംജി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ എഎംജി വി8 സീരീസ് എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.  ജിടി ബ്ലാക്ക് സീരീസിന് 5.50 കോടിയോളമാണ് വില. ഇന്ത്യയ്ക്ക് അനുവദിച്ച രണ്ട് യൂണിറ്റുകളും ഇതിനകം വിറ്റുകഴിഞ്ഞു. 6700-6900 ആര്‍പിഎമ്മില്‍ 720 ബിഎച്ച്പിയും 800 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ടര്‍ബോചാര്‍ജ്ഡ് 4-ലിറ്റര്‍ വി8 എഞ്ചിനാണ് ഈ മെഴ്‌സിഡസ്-എഎംജിക്കുള്ളത്. മണിക്കൂറില്‍ 325 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

◼️ജനിച്ചനാള്‍ മുതലാണ് ജീവിതമാരംഭിക്കുന്നത് എന്ന ധാരണ അയാള്‍ക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെ ക്കുറിച്ച് എവിടെവച്ച് എപ്പോള്‍ നാം ബോധവാനാകുന്നുവോ അവിടെവച്ച് അപ്പോഴാണ് നാം നമ്മുടെ ജീവിതമാരംഭിക്കുന്നത്. ആദിത്യന്‍ തന്റെ കുഴപ്പ ങ്ങള്‍ നിഞ്ഞ ജീവിതത്തിന്റെ തുടക്കം എവിടെയെന്നു നിര്‍ണ്ണയിക്കുന്നില്ല. എം.മുകുന്ദന്റെ നവീനമായ രചനാരീതിയും രചനാപദ്ധതിയും കെണ്ട് വ്യത്യസ്തവും ദീപ്തവുമായ ഈ കൃതി. 'ആദിത്യനും രാധയും മറ്റുചിലരും'. ഡിസി ബുക്സ്. 12-ാം പതിപ്പ്. വില 171 രൂപ.

◼️കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും വ്യക്തമായി ചിന്തിക്കാനും  ഗ്രഹിക്കാനും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കഴിവ് നഷ്മാകുന്ന അവസ്ഥയെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്നു പറയുന്നത്. പ്രായമാകുമ്പോഴാണ് പലര്‍ക്കും മറവി രോഗം പ്രത്യക്ഷമായി തുടങ്ങുന്നതെങ്കിലും ചെറുപ്പകാലത്തിലെ പല ശീലങ്ങളും ഇതിലേക്ക് നയിക്കാം. ജീവിതശൈലിക്ക് പുറമേ ജനിതകപരമായ കാര്യങ്ങളും മറവിരോഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുക വഴി പില്‍ക്കാലത്തെ മറവിരോഗത്തിന്റെ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കിയ പഠനം പറയുന്നു. മറവിരോഗത്തിന് ഉയര്‍ന്ന സാധ്യതയുള്ളവര്‍ ജീവിതശൈലിയില്‍ വരുത്തിയ പോസിറ്റീവായ ചില മാറ്റങ്ങളിലൂടെ തങ്ങളുടെ രോഗസാധ്യത 9 ശതമാനം വരെ കുറച്ചതായും അക്കാദമിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ അഭിപ്രായത്തില്‍ മറവിരോഗ സാധ്യത കുറയ്ക്കുന്നതിന് ചെയ്യേണ്ട എട്ട് കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. സജീവമായ ഒരു ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, അമിതഭാരം കുറയ്ക്കുക, പുകവലി ഒഴിവാക്കുക, രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്തുക, കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തുക, രക്തത്തില്‍ പഞ്ചസാരയുടെ തോത് കുറയ്ക്കുക, നിത്യവും വ്യായാമം ചെയ്യുക. ഇത്തരം നല്ല  മാറ്റങ്ങള്‍ എത്ര നേരത്തെ ജീവിതത്തില്‍ നടപ്പാക്കാനാകുമോ അത്രയും ഗുണം ലഭ്യമാകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

അയല്‍നാടുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.  അതിന്റെ ഭാഗമായി അയല്‍ രാജ്യത്തെ രാജാവ് അമൂല്യമായ ഒരു രത്‌നം സമ്മാനിച്ചു.  രത്‌നം ലഭിച്ച രാജ്യത്തെ രാജ്ഞി പകരമായി അഞ്ചു ജീവിതപ്രമാണങ്ങളടങ്ങിയ ഫലകം നല്‍കി.  കൂടെ ഒരു കുറിപ്പും.  ഇത് അങ്ങയുടെ രാജ്യത്തെ എല്ലാ വീടുകളുടെ മുന്നിലും തൂക്കിയിടണം.  അമൂല്യ രത്‌നത്തിന് പകരം വെറും ഫലകം കൊടുത്തയച്ച രാജ്ഞിയോട് രാജാവിന് ദേഷ്യം തോന്നി.  ഇതറിഞ്ഞ രാജ്ഞി ഒരു കുറിപ്പ് കൂടി രാജാവിന് കൊടുത്തയച്ചു.  ' അങ്ങ് അയച്ചുതന്ന രത്‌നം സൂക്ഷിക്കാന്‍ ഞാന്‍ രാവും പകലും കാവലിരിക്കണം.  എന്നാല്‍ ഞാന്‍ തന്ന പ്രമാണങ്ങള്‍ അങ്ങയെയും അങ്ങയുടെ ജനങ്ങളേയും സംരക്ഷിക്കും.'   നമ്മള്‍ സംരക്ഷിക്കുന്നവയല്ല, നമ്മളെ സംരക്ഷിക്കുന്നവയാണ് യഥാര്‍ത്ഥ സമ്പാദ്യം.   അമൂല്യമെന്ന് കരുതപ്പെടുന്ന സ്വത്തു സംരക്ഷിക്കാന്‍ ചിലവഴിക്കുന്ന പണവും സമയവും, സ്വന്തം സ്വപ്നങ്ങളും പെരുമാറ്റസംഹിതകളും സംരക്ഷിക്കാന്‍ ചെലവഴിച്ചിരുന്നെങ്കില്‍ അടുത്ത തലമുറയ്ക്ക് വേണ്ടി അവശേഷിപ്പിക്കുന്ന സമ്പാദ്യങ്ങളുടെ കൂടെ സന്മാര്‍ഗ്ഗങ്ങളും ഗുണപാഠങ്ങളും ഉള്‍പ്പെടുമായിരുന്നു.   വിലയുള്ളവ വാങ്ങിക്കൂട്ടിയ തുകയും അവ നഷ്ടപ്പെടാതിരിക്കാന്‍ വിനിയോഗിക്കുന്ന തുകയും ചേര്‍ത്ത് വായിച്ചാല്‍ നഷ്ടങ്ങളുടെ ആകെത്തുക മനസ്സിലാകും.  നമുക്ക് മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒരു തലമുറയുടെ ഭാഗമാകാന്‍ പരിശ്രമിക്കാം - *ശുഭദിനം.* 

മീഡിയ16