മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂൺ 11 | ശനി

   ◼️വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത് കുമാറിനെ മാറ്റി. ഷാജ് കിരണുമായി അജിത് ഫോണില്‍ സംസാരിച്ചെന്ന സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിറകേയാണ് നടപടി. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല. വിജിലന്‍സ് മേധാവി എം.ആര്‍. അജിത് കുമാര്‍, ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

◼️പിണറായി സര്‍ക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന വിശേഷിപ്പിക്കുന്ന സുഹൃത്ത് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍: മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രി സഹിക്കില്ല. തെറ്റു ചെയ്ത അവരെല്ലാം ഭരിച്ചുകൊണ്ടിരിക്കുന്നു. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ ജയിലിലായി. അവരില്‍നിന്നു കാശു വാങ്ങി വിഷയം സെറ്റില്‍ ചെയ്യണം. ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് കൈകാര്യം ചെയ്യുന്നതെന്നും സംഭാഷണത്തിലുണ്ട്. പോലീസ് മേധാവികള്‍ ഷാജ് കിരണുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പാലക്കാട് എച്ച്ആര്‍ഡിഎസ് ഓഫീസില്‍നിന്നാണ് സ്വപ്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.

◼️സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട സംഭാഷണം എഡിറ്റു ചെയ്തതെന്ന് ഷാജ് കിരണ്‍. ഇന്നലത്തെ സംഭാഷണമല്ല, പല ദിവസങ്ങളിലായുള്ള സംഭാഷണം എഡിറ്റ് ചെയ്താണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിയെക്കുറിച്ച് പണ്ടെന്നോ പറഞ്ഞതാണ്. ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയെക്കുറിച്ചും കോടിയേരിയെക്കുറിച്ചും പറഞ്ഞത്. ഷാജ് കിരണ്‍ വിശദീകരിച്ചു. ശബ്ദരേഖ പുറത്തുവന്നതിനു പിറകേ, ഷാജി കിരണ്‍ നിയമോപദേശം തേടി. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ ആരോപണം പുറത്തുവന്നിട്ടും ദൂതന്‍ ചമഞ്ഞ ഷാജ് കിരണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യറായിട്ടില്ല.

◼️സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലെ 'പണം വാങ്ങി ഒത്തുതീര്‍പ്പാക്കണമെന്ന' ശബ്ദം തന്റെതാണെന്ന് സുഹൃത്ത് ഇബ്രാഹിം. സ്വപ്നയെ ആശ്വസിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് ഇയാളുടെ വിശദീകരണം. ഷാജ് കിരണിനെ സ്വപ്നക്കു പരിചയപ്പെടുത്തിയതു താനെന്നും ഇബ്രാഹിം സ്ഥിരീകരിച്ചു.

◼️മക്കളില്ലാത്ത തനിക്കു സ്വപ്ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നെന്നു ഷാജ് കിരണ്‍. ഇക്കാര്യം സ്വപ്നയും സ്ഥിരീകരിച്ചു. അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്ന സഹായം ചെയ്യാമെന്ന് താന്‍ പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും അറിയിച്ചത്. സ്വപ്ന പറഞ്ഞു.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും ഇതോടെ വ്യക്തമായെന്ന് സുധാകരന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണെന്നും ബിജെപിയുമായുള്ള ധാരണയാണു കാരണമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

◼️പിണറായി വിജയന്റെ ചിത്രമുള്ള 'ലുക്ക്ഔട്ട് നോട്ടീസു'കളുമായി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് ഇന്ന് യൂത്ത് ലീഗ് മാര്‍ച്ച്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസാണ് സമരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മിക്ക ജില്ലകളിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

◼️രാജ്യസഭാ തെരഞ്ഞെടുപ്പു നടന്ന 16 സീറ്റുകളില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലുമുള്ള വോട്ടെണ്ണല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ത്തിവച്ചു. പരസ്യമായി വോട്ടുചെയ്തെന്ന ബിജെപിയുടെ പരാതിയിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുപ്പു നടന്നിരുന്നു. കര്‍ണാടകത്തില്‍ രണ്ടു സീറ്റ് ബിജെപിക്കും ഒരു സീറ്റ് കോണ്‍ഗ്രസിനും. രാജസ്ഥാനില്‍ മൂന്നു സീറ്റു കോണ്‍ഗ്രസിനും ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു. കര്‍ണാടകയില്‍ നിന്ന് നിര്‍മ്മലാ സീതാരാമനും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം രമേശും വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്കു കിട്ടി. രാജസ്ഥാനില്‍ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു.

◼️സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്ആര്‍ഡിഎസിന്റെ ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായരാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിക്കും പരാതി നല്‍കിയത്.

◼️സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയാണെന്നും കലാപമുണ്ടാക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ജനങ്ങളെ ഉപയോഗിച്ചു നേരിടുമെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

◼️മൂന്നു തവണ അമേരിക്കയില്‍ ചികില്‍സിക്കാന്‍ പോയതിന്റേയും ചെലവ് പൂര്‍ണ്ണമായും വഹിച്ചത് പാര്‍ട്ടിയാണെന്നും മറ്റാരും ഒരു നയാ പൈസ ചെലവാക്കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷാജ് കിരണിനെ അറിയില്ല. സ്വപ്നയെ നേരില്‍ കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

◼️സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ബന്ധമില്ല. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് ബിലീവേഴ്സ് ചര്‍ച്ച് വഴി പണം എത്തിച്ചെന്നാണ് ഷാജ് കിരണിന്റെ ശബ്ദരേഖയിലെ ആരോപണം.

◼️സ്വപ്നയുടെ മൊഴി വിശ്വസിക്കണമെന്ന് ആദ്യം പറഞ്ഞത് സിപിഎം നേതാക്കളാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സ്വപ്നയുടെ വെളിപെടുത്തലിനു മണിക്കൂറുകള്‍ക്കകം സരിത്തിനെ കസ്റ്റഡിയില്‍ എടുത്ത സര്‍ക്കാരിന്റെ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് പിണറായി വിജയന്റെ ചേട്ടന്റെ മകന്റെ വക വധഭീഷണി. കണ്ണൂര്‍ മീഡിയയുടെ ശിവദാസന്‍ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത്.

◼️കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. കെജിഎംഒഎയുടെ ആഹ്വാനമനുസരിച്ചാണ് സമരം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുമെന്ന ആരോഗ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം പുനരാരംഭിക്കുന്നത്.

◼️തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നു സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്‌കാനിംഗിനുള്ള കാലതാമസം ഒഴിവാക്കണം. പരമാവധി പേര്‍ക്ക് സേവനം നല്‍കേണ്ടതാണ്. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മാസം 15 ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേമ്പറിലായിരിക്കും സത്യപ്രതിജ്ഞ.

◼️ശമ്പളം നല്‍കാന്‍ കാശില്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ 353 ജീവക്കാര്‍ക്കു സ്ഥാനക്കയറ്റം. ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായി ഒപ്പുവച്ച കരാറനുസരിച്ചാണു പ്രമോഷന്‍. നാലു വര്‍ഷത്തിനു ശേഷമാണ് സ്ഥാനക്കയറ്റം നടപ്പാക്കുന്നത്. 107 കണ്ടക്ടര്‍മാരെ സ്റ്റേഷന്‍ മാസ്റ്റര്‍മാരാക്കി. 71 സ്റ്റേഷന്‍ മാസ്റ്റര്‍മാരെ ഇന്‍സ്പെക്ടര്‍മാരായും 113 ഡ്രൈവര്‍മാരെ വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാരായും പ്രമോട്ടു ചെയ്തു. കെഎസ്ആര്‍ടിസിയുടെ  ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്‍സ്പെക്ടറായി.  തൊടുപുഴ ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ കെ.ആര്‍. രോഹിണിയാണ് ഇന്‍സ്പെക്ടറായത്. പുനലൂരിലാണ് നിയമനം.

◼️ബൈക്കില്‍നിന്നു തെറിച്ചgവീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരിലാണ് അപകടം. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മകന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍നിന്ന് തെറിച്ച് വീഴുകയായിരുന്നു.

◼️ആലുവയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ ഒരാള്‍ ഗോവയില്‍ പിടിയില്‍.  മൗലാലി ഹബീബുല്‍  ഷെയ്ഖ് (36) ആണ് പിടിയിലായത്. 50 പവനോളം സ്വര്‍ണവും  ഒന്നര ലക്ഷം രൂപയുമാണു കവര്‍ന്നത്.

◼️തൃശൂര്‍ അന്തിക്കാട് സ്വദേശി ശ്രുതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പെരിങ്ങോട്ടുകര സ്വദേശി അരുണിനെയും അമ്മ ദ്രൗപതിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതി മരിച്ചത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ശ്രുതിയെ വിവാഹം ചെയ്തത്.

◼️മലപ്പുറം വേങ്ങര ടൗണിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും 40 പവന്‍ സ്വര്‍ണം വാങ്ങി ഓണ്‍ലൈന്‍ വഴി പണം കൈമാറിയെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍. കിഴിശ്ശേരി കുഴിമണ്ണ പാലക്കപ്പറമ്പില്‍ ഷബീറലി (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണു രൂപ നല്‍കാതെ കബളിപ്പിച്ചു മുങ്ങിയത്.  

◼️ഇലഞ്ഞിയില്‍ വീടു വാടകയ്ക്ക് എടുത്ത് കള്ളനോട്ട് നിര്‍മ്മിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. ഇടുക്കി ഉടുന്പന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

◼️പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മാങ്കോട് സ്വദേശി പ്രണവിനെ  അറസ്റ്റു ചെയ്തു.

◼️ഗുജറാത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പഴയ അധ്യാപകന്‍ ജഗദീഷ് ഭായ് നായിക്കിനെ സന്ദര്‍ശിച്ചു. നവ്‌സാരിയിലെ വാദ്നഗറിലായിരുന്നു ഈ കൂടിക്കാഴ്ച. അധ്യാപകനു മുന്നില്‍ കൈകൂപ്പിയ മോദിയെ അധ്യാപകന്‍ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രം വൈറലായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാടായ വാദ്നഗറിലെ ദര്‍ബര്‍ഗഡ് പ്രദേശത്തെ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നവ്‌സാരിയില്‍ മൂവായിരം കോടി രൂപ മുടക്കി നിര്‍മിച്ച എ എം നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം  23 ന് ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നല്‍കി.

◼️റോഡില്‍ പരിക്കേറ്റ് അവശയായി കിടന്ന പരുന്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ കാറിടിച്ചു മരിച്ചു. മുംബൈയിലെ ബാന്ദ്രാ- വെര്‍ളി കടല്‍പ്പാലത്തിനു മുകളിലാണ് സംഭവം.  അമര്‍ മനീഷ് ജാരിവാല (43), അദ്ദേഹത്തിന്റെ ഡ്രൈവര്‍ ശ്യാം സുന്ദര്‍ എന്നിവരാണ് മരിച്ചത്. പിന്നില്‍നിന്ന് അമിതവേഗത്തിലെത്തിയ ഒരു ടാക്‌സി ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

◼️വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്കു നേരെ ആസിഡ് ആക്രമണം. വിവാഹമോചിതയും മൂന്നു കുട്ടികളുടെ മാതാവുമായ 32 കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. ബെംഗളൂരു സൗത്ത് സ്വദേശിയായ ഹമ്മദ് (36) എന്നയാളാണ് ആക്രമി. മൂന്നു വര്‍ഷമായി ഇരുവരും ഒരേ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണെന്നു പൊലീസ് .

◼️പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചെന്നു വ്യാജപ്രചാരണം. മരിച്ചിട്ടില്ലെന്നും അത്യാസന്ന നിലയിലാണെന്നും കുടുംബം. 1999 ല്‍ പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷാറഫ് അധികാരം നേടിയത്. അസുഖംമൂലം ദീര്‍ഘനാളായി ചികില്‍സയിലും വെന്റിലേറ്ററിലുമാണ്.

◼️മുഹമ്മദ് നബിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി. ജൂണ്‍ 16 ന് ഇന്ത്യന്‍ എംബസിയിലേക്ക് മാര്‍ച്ചു നടത്തും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

◼️ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ പരിശീലകനാകുമെന്ന വാര്‍ത്തകള്‍ തള്ളി ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍. അടുത്ത സീസണില്‍ മൗറീഷ്യോ പോച്ചറ്റീനോക്ക് പകരം സിദാനെ പരിശീലക സ്ഥാനത്തേക്ക് പി എസ് ജി പരിഗണിക്കുന്നുവെന്ന് ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ റേഡിയോ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

◼️ഐപിഎല്ലിന്റെ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഒടിടി ഭീമന്‍മാരായ ആമസോണ്‍ പിന്‍മാറി. സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ടെക്നിക്കല്‍ ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. പത്തു കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാള്‍ട്ട് ഡിസ്നിയുടെ കീഴിലുള്ള സ്റ്റാര്‍ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖര്‍.

◼️ഓഹരി വിപണി തുടര്‍ച്ചയായ ദിവസങ്ങളില്‍ തകര്‍ച്ച നേരിട്ടിട്ടും ഇക്വിറ്റി ഫണ്ടില്‍ കൂടുതല്‍ തുക നിക്ഷേപമായെത്തുന്നു. ഏപ്രില്‍ മാസത്തെ 15,890 കോടിയെ അപേക്ഷിച്ച് മേയില്‍ 18,529 കോടിയുടെ നിക്ഷേപമാണെത്തിയത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍(എസ്‌ഐപി)വഴിയുള്ള നിക്ഷേപം 11,863 കോടി രൂപയില്‍നിന്ന് 12,286 കോടി രൂപയുമായി. പലിശ നിരക്ക് കൂടുന്നതിനാല്‍ ഡെറ്റ് ഫണ്ടുകളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുകയും ചെയ്തു. ഏപ്രില്‍ വരെയുള്ള മൊത്തം ആസ്തിയായ 38.89 ലക്ഷം കോടി രൂപയില്‍നിന്ന് മെയില്‍ 37.37 ലക്ഷം കോടിയായാണ് കുറഞ്ഞത്. പലിശ നിരക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകളില്‍നിന്ന് മെയ് മാസത്തില്‍ 32,722 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്.

◼️സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സര്‍പ്രൈസ് പ്രഖ്യാപനം. എന്നാല്‍ പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമല്ല ഇത്. ബ്ലെസിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം ആദ്യം സംവിധാനം ചെയ്യുക ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ ആയിരിക്കും. അതിനു ശേഷമാണ് ടൈസണിന്റെ പ്രൊഡക്ഷനിലേക്ക് കടക്കുക. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.

◼️സത്യദേവ് നായകാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗോഡ്സെയുടെ ട്രെയ്ലര്‍ പുറത്തെത്തി. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും ഗോപി ഗണേഷ് പട്ടാഭിയാണ്. ഐശ്വര്യലക്ഷ്മിയാണ് നായിക. ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണിത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ പോരാടുന്ന നായകനാണ് ചിത്രത്തില്‍ സത്യദേവിന്റേത്. ജിയ ശര്‍മ്മ, ബ്രഹ്‌മാജി, താണികെല്ല ഭരണി, ഗാനഹാഹു കൊനിഡേല, സിജ്ജു മേനോന്‍, വര്‍ഗീസ്, പൃഥ്വി രാജ്, നോയല്‍ സീന്‍, പ്രിയദര്‍ശിനി, ചൈതന്യ കൃഷ്ണ, പവന്‍ സന്തോഷ്, ഗുരു ചരണ്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും.

◼️ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന പാസഞ്ചര്‍ ഇവി ടാറ്റ ടിഗോര്‍ ഇവിയാണ്. ഇതിന് 10 ലക്ഷം രൂപയില്‍ അധികം വിലവരും. എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള പിഎംവി ഇലക്ട്രിക് എന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് 10 ലക്ഷത്തില്‍ താഴെ വിലയില്‍ നഗര വൈദ്യുത യാത്രകള്‍ക്കായി ഒരു മൈക്രോ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഈസ്-ഇ എന്ന പേരില്‍ രണ്ട് സീറ്റുള്ള ഇലക്ട്രിക് വാഹനം കമ്പനി 2022 ജൂലൈയില്‍ 4 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ പുറത്തിറക്കും.

◼️ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക് ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ ഒരു നോവല്‍. വായനക്കാരനെയും പങ്കാളിയാക്കുന്ന ഒരു മൊബൈല്‍ ഗെയിമിലൂടെ കഥ മുന്നേറുന്നു. അവസാന പുറം വരെ ഉദ്വേഗം നിലനിര്‍ത്തുന്ന അവതരണം. വിസ്മയ തലങ്ങളിലൂടെ ഒരു വായനാ സഞ്ചാരം. 'സ്വോഡ് ഹണ്ടര്‍.01'. സൂധ തെക്കേമഠം. മനോരമ ബുക്സ്. വില 180 രൂപ.

◼️നാല്‍പതു വയസ്സ് കഴിയുമ്പോഴേക്കും ശരീരഭാരം സ്ത്രീകളില്‍ കൂടുന്നത് സാധാരണയാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിനു കാരണം. പ്രായമേറുമ്പോള്‍ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുകയും ഇതു മൂലം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാവുകയും ചെയ്യും. പ്രായം കൂടുന്തോറും മസില്‍ മാസ് കുറയുകയും ശരീരം കത്തിച്ചു കളയുന്ന കാലറിയുടെ അളവ് കുറയുകയും ചെയ്യും. ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീ ശരീരത്തില്‍ മാറ്റങ്ങള്‍ക്കു കാരണമാകും. എല്ലുകളുടെ സാന്ദ്രത കുറയുക, മസില്‍ മാസ് കുറയുക, ലൈംഗികതൃഷ്ണ കുറയുക, മൂഡ് സ്വിങ്സ് അങ്ങനെ നിരവധി മാറ്റങ്ങള്‍ ശരീരത്തിനുണ്ടാകും. വര്‍ധിച്ച ശരീരഭാരം കുറയ്ക്കാന്‍ വഴികളുണ്ട്. പഴങ്ങളും പച്ചക്കറികളും കാലറി വളരെ കുറഞ്ഞതും എന്നാല്‍ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതുമാണ്. നാരുകള്‍ ധാരാളമടങ്ങിയ ഇവ ഭക്ഷണം നിയന്ത്രിച്ചു കഴിക്കാനും സഹായിക്കും. ലീന്‍പ്രോട്ടീന്‍, നാരുകള്‍, സസ്യാധിഷ്ഠിത കൊഴുപ്പുകള്‍ ഇവ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം, വിശപ്പകറ്റാനും ഇടയ്ക്കിടെ വിശക്കാതിരിക്കാനും സഹായിക്കും. രാത്രി ഭക്ഷണമായി സാലഡോ സൂപ്പോ കഴിക്കാം. ഒപ്പം കാലറി കുറഞ്ഞ ഭക്ഷണം മിതമായി കഴിക്കാം.  എത്ര തിരക്കായാലും ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനും വര്‍ക്കൗട്ടിനുമായി മാറ്റി വയ്ക്കാം.  ടെന്‍ഷന്‍ മൂലം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുകയും ഇത് ശരീരത്തിന് കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ പ്രയാസമാകുകയും ചെയ്യും. സമ്മര്‍ദം അകറ്റാന്‍ ധ്യാനം ശീലമാക്കാം. ശ്വസനവ്യായാമങ്ങള്‍ പരിശീലിക്കാം അല്ലെങ്കില്‍ നല്ല ഒരു പുസ്തകം വായിക്കാം.

*ശുഭദിനം*

1982 ല്‍ രാജസ്ഥാനിലാണ് മിതാലി ദുരൈ രാജ് ജനിച്ചത്. കുട്ടിക്കാലത്ത് ഭരതനാട്യമായിരുന്നു അവള്‍ക്ക് ഏറെ ഇഷ്ടം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഓഫീസറായിരുന്നു മിതാലിയുടെ അച്ഛന്‍.  അവളുടെ വികൃതികള്‍ കൂടിയപ്പോള്‍ അച്ചടക്കം പഠിപ്പിക്കുന്നതിനും കുറെക്കൂടി ഊര്‍ജ്ജസ്വലയാക്കാനും വേണ്ടി അടുത്തുള്ള ക്രിക്കറ്റ് പഠനകേന്ദ്രത്തില്‍ മകളെ ചേര്‍ത്തു.  തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു അവള്‍ ആദ്യമൊക്കെ ക്രിക്കറ്റ് കളിച്ചത് . പിന്നീട് ആ ക്രിക്കറ്റ് അവളുടെ ജീവശ്വാസമായി മാറുകയായിരുന്നു.  കുട്ടിക്കാലത്ത് തന്നെ റെയില്‍വേയ്ക്ക് വേണ്ടി ആഭ്യന്തരമാച്ചുകളില്‍ മിതാലി കളിച്ചിരുന്നു.  1997 ലെ വനിതാ ലോകകപ്പിനുള്ള സാധ്യതാപട്ടികയില്‍ വെറും 14 വയസ്സുമാത്രമുള്ള മിതാലിയും ഉണ്ടായിരുന്നു. പക്ഷേ, 9-ാം ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി അവസാന നിമിഷം ഒഴിവാക്കപ്പെട്ടു.  ഒടുവില്‍ 1999 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി കുറിച്ച് രാജകീയമായി സ്വന്തം അരങ്ങേറ്റം മിതാലി നടത്തി.  2002 ലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം.  അന്ന് 19കാരിയായ മിതാലി 214 റണ്‍ നേടിയപ്പോള്‍ വനിതാ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ ആയിരുന്നു അത്.  പിന്നീടുള്ള വര്‍ഷങ്ങള്‍ മിതാലിയുടേതായിരുന്നു. അങ്ങനെ അരങ്ങേറ്റം കുറിച്ച് 4 വര്‍ഷത്തിനുള്ളില്‍ 2003 ല്‍ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.  21-ാം വയസ്സില്‍ ദേശീയ ക്യാപ്റ്റന്‍ ആയ മിതാലിയുടെ നേതൃത്വത്തില്‍, പ്രബലരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യ ചരിത്രത്തിലാദ്യമായി പരമ്പര വിജയം നേടി.  2013 ല്‍ ലോകത്തെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയ മിതാലിക്ക് 2015 ല്‍ രാജ്യം പത്മശ്രീ നല്‍കി.  ലോക ക്രിക്കറ്റിലെ ഏറ്റവുമധികം റണ്‍സ് നേടിയ താരം, ലോകത്തില്‍ 7000 റണ്‍സിലധികം സ്വന്തമാക്കിയ ഒരേയൊരു വനിത, തുടര്‍ച്ചയായ 7 അര്‍ദ്ധസ്വെഞ്ചറികള്‍ നേടിയ ഒരേയൊരു താരം, 200 ഏകദിനങ്ങള്‍ പിന്നിട്ട ആദ്യ താരം.. എണ്ണിയാലൊടുങ്ങാത്ത റെക്കാര്‍ഡുകളുമായി മിതാലി ഒരു റോള്‍മോഡലാവുകയാണ്.  ക്രിക്കറ്റിന്റെ ലോകത്ത് വളരെയധികം അവഗണ നേരിടുന്ന വിഭാഗമായിരുന്നു വനിതാക്രിക്കറ്റ്. ആ അവഗണനകള്‍ക്കിടയിലും എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും വിജയത്തിലേക്ക് കുതിക്കാനുള്ള ഇച്ഛാശക്തിയാണ് നമുക്കും സ്വന്തമാകേണ്ടതെന്ന് മിതാലി നമുക്ക് കാണിച്ചു തരുന്നു - *ശുഭദിനം.* 

മീഡിയ16