◼️സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരേ കലാപശ്രമത്തിനും ഗൂഡാലോചനയ്ക്കും സര്‍ക്കാരെടുത്ത കേസ് അന്വേഷിക്കാന്‍ പന്ത്രണ്ടംഗ പ്രത്യേക സംഘം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്പെക്ടറും സംഘത്തിലുണ്ട്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ് അന്വേഷണം.
◼️സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
◼️രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18 ന്. ജൂലൈ 21 ന് വോട്ടെണ്ണും. എംപിമാരും എംഎല്‍എമാരും അടക്കം ആകെ 4,809 വോട്ടര്‍മാരാണുള്ളത്. 776 എംപിമാരും 4,033 എംഎല്‍എമാരും. എംപിമാരും എംഎല്‍എമാരും ചേര്‍ന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നോമിനേറ്റഡ് അംഗങ്ങള്‍ക്കു വോട്ടവകാശം ഇല്ല. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യാനും പിന്താങ്ങാനും 50 പേര്‍ വീതം വേണം.
◼️വിവിധ സംസ്ഥാനങ്ങളില്‍ രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന്. കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ്. എംഎല്‍എമാരെ ബിജെപി വശത്താക്കുമെന്നു ഭയന്ന് എല്ലാ സംസ്ഥാനങ്ങളിലും വിവിധ പാര്‍ട്ടികളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റി പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
◼️സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാന്‍ ഇന്നു ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ കൃഷ്ണരാജ്. സ്വപ്നയ്ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ സ്വപ്നയെ കാണാനെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം ഇന്നു പുറത്തുവിടുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
◼️മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത് ഭയം കൊണ്ടെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണ്‍ നല്ല സുഹൃത്തായിരുന്നു. ഇടനിലക്കാരനായാണ് ഷാജ് എത്തിയത്. രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചമുതല്‍ വൈകുന്നേരംവരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നികേഷ്‌കുമാര്‍ തന്നെ കാണുമെന്നും അയാള്‍ക്കു തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. സ്വപ്ന വെളിപ്പെടുത്തി.
◼️സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുക്കുമോയെന്നു ജനം ഉറ്റുനോക്കുകയാണ്. കോടതിയുടെ വരാന്തയില്‍പോലും നില്‍ക്കാത്ത കേസാണ് സ്വപ്നക്കെതിരെ എടുത്തത്. സ്വപ്നയുടെ മൊഴിയെക്കുറിച്ചല്ല, ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാനാണു പോലീസ് പ്രത്യേക സംഘം രൂപീകരിച്ചത്. കേരളം വെള്ളരിക്കാ പട്ടണമല്ല. സതീശന്‍ പറഞ്ഞു.
◼️കേരളത്തില്‍ ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല. പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണ്. ഇത് ഈദി അമീന്റെ ഭരണമാണോ? വിജിലന്‍സിന് ആളുകളെ തട്ടിക്കൊണ്ടുപോകാന്‍ എന്തധികാരം. സര്‍ക്കാര്‍ കോടതിയെ അപമാനിക്കുകയാണ്. മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയും മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടതാണെന്നും ചെന്നിത്തല പരിഹസിച്ചു.
◼️എസ്എസ്എല്‍സി പരീക്ഷാ ഫലം 15 ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 നു മുമ്പു പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഈയിടെ അറിയിച്ചിരുന്നു.
◼️കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെന്ന് ഹൈക്കോടതി. പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
◼️വിദ്യാലയങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. 'കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ 'എന്നാണ് പദ്ധതിയുടെ പേര്. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും സൗകര്യമുണ്ടാക്കും. ഇതിലൂടെ നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയ്യാറാക്കാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
◼️രാത്രി ബൈക്കില്‍ ലിഫ്റ്റു നല്‍കി കൊണ്ടുപോയയാള്‍ വാഹനാപകടത്തില്‍ വീണുപോയിട്ടും രക്ഷിക്കാതെ കടന്നു കളഞ്ഞ യുവാവിനെ അറസ്റ്റു ചെയ്തു. ചെങ്കുളം സ്വദേശി നാലാനിക്കല്‍ ജിമ്മി (28)യെ ആണ് ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ കയറ്റികൊണ്ടുപോയിരുന്ന ചെങ്കുളം പുത്തന്‍പുരക്കല്‍ ചന്ദ്രന് അപകടത്തില്‍ പരിക്കേറ്റെങ്കിലും രക്ഷിക്കാതെ ജിമ്മി ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ചന്ദ്രനെ ഇടുക്കി ചെങ്കുളം ഡാമിനു സമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
◼️കൊച്ചി മെട്രോ രണ്ടു സ്റ്റേഷനുകളിലേക്കു കൂടി നീട്ടുന്നതിന് അവസാന ഘട്ട സുരക്ഷാ പരിശോധന തുടങ്ങി. പേട്ടയില്‍നിന്ന് എസ്എന്‍ ജംഗ്ഷന്‍വരെയുള്ള പുതിയ പാതയില്‍ മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ പരിശോധന.
◼️കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം മാറ്റി. ഒക്ടോബര്‍ 31 വരെയാണു പുതിയ സമയം. എറണാകുളം നിസാമുദ്ധീന്‍ മംഗള എക്‌സ്പ്രസ് രാവിലെ 10.40 ന് സര്‍വീസ് ആരംഭിക്കും. എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസ് വൈകീട്ട് 6.50 നാകും പുറപ്പെടുക. തിരുവനന്തപുരം -നിസാമുദ്ധീന്‍ രാജധാനി എക്സ്പ്രസുകള്‍ ഉച്ചയ്ക്ക് 2.30 നും രാത്രി പത്തിനും സര്‍വീസ് ആരംഭിക്കും. തിരുനെല്‍വേലി ജാം നഗര്‍ എക്പ്രസ് രാവിലെ 5.15 നും കൊച്ചുവേളി ഗോഗ്നഗര്‍ ഋഷികേശ് എക്സ്പ്രസ് രാവിലെ 4.50 നും സര്‍വീസ് തുടങ്ങും. കൊച്ചുവേളി ലോക്മാന്യ തിലക് ഗരീബ് രഥ് രാവിലെ 7.45 ന് പുറപ്പെടും.
◼️ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നു. രണ്ടു ഘട്ടമായി അപ്പീല്‍ സമര്‍പ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലേതു സഗരസഭാ സെക്രട്ടറിക്കുമാണ് നല്‍കേണ്ടത്. ആദ്യഘട്ട അപ്പീല്‍ ജൂണ്‍ 17 നകം നല്‍കണം. ജൂണ്‍ 28 ന് ഈ പരാതികള്‍ തീര്‍പ്പാക്കും. രണ്ടാം ഘട്ടത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ജൂലൈ എട്ടിനകം അപ്പീല്‍ നല്‍കണം.
◼️സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം.
◼️കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ അടക്കം 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു വിശദീകരണം നല്‍കി. ചില സംശയങ്ങള്‍ ദൂരീകരിക്കാനുണ്ടെന്നു പറഞ്ഞു ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.
◼️2018 ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ 925 വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അടിയന്തിരമായി തുക അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നാലു വര്‍ഷത്തോളമായിട്ടും തുക നല്‍കാന്‍ വൈകിയതിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◼️സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പെട്ട 12,306 സ്‌കൂളുകളില്‍ 7,149 സ്‌കൂളുകള്‍ അധികൃതര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. പരിശോധന നടത്തിയ 6,754 സ്‌കൂളുകളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ല. ചെറിയ അപാകതകള്‍ കണ്ടെത്തിയ 395 സ്‌കൂളുകള്‍ക്ക് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.
◼️യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപിയെ നിയമിച്ചു. പത്തു ജനറല്‍ സെക്രട്ടറിമാരുണ്ട്. വിദ്യ ബാലകൃഷ്ണന്‍ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനായും നിയോഗിച്ചു.
◼️ഇടതുമുന്നണി സര്‍ക്കാരിനെതിരെ 1000 ജന സദസുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ. ആഭ്യന്തരവകുപ്പ് പക്ഷപാതിത്വപരമായി പെരുമാറുന്നു. പോലീസ് സംഘപരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആരോപിച്ചു.
◼️കോഴിക്കോട് നാദാപുരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്പ്പിച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്കു ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
◼️കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്. മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്.
◼️ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസില്‍ ഒരു സാക്ഷികൂടി കൂറു മാറി. പതിനൊന്നാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്. ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ കൂറുമാറിയിരുന്നു.
◼️സെറിബ്രല്‍ പാള്‍സി രോഗിക്ക് പാസ് നിഷേധിച്ച കെഎസ്ആര്‍ടിസിയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. വടകര പഴങ്കാവ് സ്വദേശി മുഹീദിന് യാത്രാപാസ് അനുവദിക്കാത്തതിനെതിരെയാണ് നടപടി. കോഴിക്കോട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
◼️പത്തനംതിട്ട മെഴുവേലിയില്‍ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മര്‍ദ്ദിച്ച എസ്ഐ ജി മാനുവലിനെ പമ്പ സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. ഡിവൈഎഫ്ഐ നേതാവ് മനു സതീഷിനെയാണ് എസ്ഐ മര്‍ദ്ദിച്ചത്.
◼️മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസുമായി മുന്നോട്ട് പോകാമെന്നും മോഹന്‍ലാന്‍ തുടര്‍നടപടികള്‍ നേരിടണമെന്നും കോടതി അറിയിച്ചു. 2012 ലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.
◼️കോടതി വളപ്പില്‍ ക്വട്ടേഷന്‍ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശംവച്ച കേസില്‍ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്.
◼️കണ്ണൂര്‍ ഉളിക്കല്‍ വയത്തൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.
◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന ജൂണ്‍ 13 തിങ്കളാഴ്ച രാജ്യത്തെ എല്ലാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകള്‍ക്കു മുന്നിലും കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരിക്കേയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
◼️വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ തോരാമഴ മൂലം മഹാപ്രളയം. കഴിഞ്ഞ മാസം പകുതിയോടെ ആരംഭിച്ച മഴയാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കലാശിച്ചത്. ആസാമില്‍ ഒമ്പതു പേര്‍ മുങ്ങിമരിച്ചു. 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേര്‍ പ്രളയബാധിതരാണ്. വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്.
◼️പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ടു യുവാക്കളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് തീയിട്ടു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. യുവാക്കളിലൊരാള്‍ മരിച്ചു. മറ്റൊരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
◼️പാക് ദേശീയ അസംബ്ലി അംഗം ആമിര്‍ ലിയാക്കത്ത് ഹുസൈനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 49 വയസായിരുന്നു. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ അംഗമായിരുന്ന ഹുസ്സൈന്‍ അറിയപ്പെടുന്ന ഒരു ടെലിവിഷന്‍ അവതാരകന്‍ കൂടിയായിരുന്നു.
◼️ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഋഷഭ് പന്തിന്റെ അരങ്ങേറ്റം തോല്‍വിയോടെയായി. 31 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ഡേവിഡ് മില്ലറും 45 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ റാസ്സി വാന്‍ഡെര്‍ ദസ്സനുമാണ് ഇന്ത്യയില്‍ നിന്നും വിജയം തട്ടിയെടുത്തത്. 48 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
◼️ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള ടിക്കറ്റിനായി തിക്കിത്തിരക്കിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലാത്തി വീശി ഒഡിഷ പോലീസ്. ജൂണ്‍ 12-ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഓഫ്‌ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്കിടെയാണ് ലാത്തിച്ചാര്‍ജുണ്ടായത്.
◼️ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. വിനിമയത്തിനിടെ 13 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ, ഡോളറിനെതിരെ രൂപയുടെ മൂല്യം 77.81 ആയി താഴ്ന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും ആഭ്യന്തര വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. 77.74 എന്ന നിലയിലാണ് രൂപയുടെ വിനിമയം ഇന്ന് ആരംഭിച്ചത്. വിനിമയത്തിനിടെ 13 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ബുധനാഴ്ച റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുവന്നിരുന്നു. 10 പൈസയുടെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 77.68 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്.
◼️ഒമ്പതാമത്തെ ദിവസവും ഓഹരി വില ഇടിഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂല്യം 4.61 ലക്ഷം കോടിയായി കുറഞ്ഞു. ഒമ്പതാമത്തെ ദിവസവും ഓഹരി വില ഇടിഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂല്യം 4.61 ലക്ഷം കോടിയായി കുറഞ്ഞു. അതായത് ചുരുങ്ങിയ കാലയളവുകൊണ്ട് 1.40 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ സമ്പത്തില്‍നിന്ന് അപ്രത്യക്ഷമായത്. വ്യക്തിഗത പോളിസികളില്‍ 76 ശതമാനവും ഗ്രൂപ്പ് പോളിസികളില്‍ 89 ശതമാനവുമാണ് കമ്പനിയുടെ വിഹിതം.
◼️രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് ബ്രഹ്‌മാസ്ത്ര. 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഗുരു- ദ മാസ്റ്റര്‍ ഓഫ് ലൈറ്റ് എന്നാണ് തന്റെ കഥാപാത്രത്തെ അമിതാഭ് ബച്ചന്‍ പരിചയപ്പെടുത്തുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. നാഗാര്‍ജുനയും 'ബ്രഹ്‌മാസ്ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
◼️കമല്‍ഹാസന്‍ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്. വിക്രമിനൊപ്പം ജൂണ്‍ 3 ന് റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് 44 കോടി മാത്രമേ നേടാനായുള്ളൂ. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. 50 കോടിയാണ് മേജര്‍ ഇതുവരെ നേടിയത്. പ്രൃഥ്വിരാജ് റിലീസ് ചെയത ചില തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചിരുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ 4,500 ഓളം സ്‌ക്രീനുകളിലാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്.
◼️ലംബോര്‍ഗിനി ഉറൂസ് 2018-ല്‍ വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം ഇറ്റാലിയന്‍ കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ട്. ഇന്നുവരെ, ഈ സൂപ്പര്‍ എസ്യുവിയുടെ 20,000 യൂണിറ്റുകള്‍ നിര്‍മ്മിച്ചു. 20,000 തികയുന്ന ഉറുസ് വയോള മിത്രാസ് ഫിനീഷിങ്ങില്‍ ഒരുക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ വാഹനം അസര്‍ബൈജാനിലുള്ള ഉപഭോക്താവിന് കൈമാറിയതായി കമ്പനി അറിയിച്ചു. ഉറുസിന്റെ കുതിച്ചുയരുന്ന വില്‍പ്പന കമ്പനിയുടെ സാന്റ് അഗത ബൊലോഗ്‌നീസ് ഫാക്ടറിയുടെ വലുപ്പം 80,000 മുതല്‍ 160,000 ചതുരശ്ര മീറ്ററായി ഇരട്ടിയാക്കാന്‍ കാരണമായി. കുതിച്ചുയരുന്ന ഡിമാന്‍ഡിനനുസരിച്ച് പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചതിനാലാണിത്.
◼️മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം . രണ്ടു വാള്യങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. 'സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും ഭാഗം 1,2'. വില 1,999 രൂപ.
◼️ഡയബറ്റിസ് അഥവാ പ്രമേഹം ഉള്ളവരുടെ വീട്ടില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ പെട്ടെന്നു മനസ്സിലാക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ആശുപത്രിച്ചെലവ് കുറയ്ക്കാനും ഈ ലളിത ഉപകരണം കൊണ്ട് സാധിക്കും. ആയിരം രൂപയ്ക്ക് ഗുണമേന്മയുള്ളതും വാറന്റിയുള്ളതുമായ ഉപകരണവും സൗജന്യ പരിശീലനവും ലഭിക്കും. വീട്ടില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ അത് ഒരു ചെറിയ ഡയറിയിലോ ചാര്‍ട്ടിലോ എഴുതിവച്ച് കണ്‍സല്‍റ്റേഷന്‍ സമയത്തു കാണിച്ചാല്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡോക്ടറെ സഹായിക്കും. നമ്മുടെ നാട്ടില്‍ നിന്നു ഗ്ലൂക്കോമീറ്റര്‍ വാങ്ങുന്നതാണ് നല്ലത്. തുടര്‍ സര്‍വീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം. അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകള്‍ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടയ്ക്കുക. മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുന്‍വശവും ഒഴിവാക്കി വശങ്ങളില്‍ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്. ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും റിസല്‍ട്ട് വ്യത്യാസമുണ്ടാകും. ലാബിലെ റിസള്‍ട്ടിനെക്കാളും കുറച്ചു കൂടുതലാകും വീട്ടില്‍ നോക്കുമ്പോഴത്തെ റിസള്‍ട്ട്. ലാബിനെയോ ഗ്ലൂക്കോമീറ്ററിനെയോ സംശയിക്കേണ്ടതില്ല.
ശുഭദിനം മീഡിയ16