*ഒരുമാസം മുന്‍പ് 15 രൂപ, ഇപ്പോള്‍ 40ന് മുകളില്‍, ഏത്തപ്പഴം 75*

സാധാരണക്കാര്‍ക്ക് എന്നും ആശ്രയമായിരുന്ന കപ്പയ്ക്കും ഒടുവില്‍ വിലക്കുതിപ്പ്. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതല്‍ 27 രൂപ വരെയാണു വില കൂടിയത്. ഇതിനൊപ്പമാണ് പഴങ്ങളുടെ വിലയും കൂടിയത്. മഴക്കാലത്ത് പഴവില കുറയുകയാണു പതിവ്. പത്തുമുതല്‍ 15വരെ രൂപയാണ് നേന്ത്രക്കായയ്ക്ക് ഉയര്‍ന്നത്. എല്ലായിനം പഴങ്ങളുടെയും വില കൂടി.



 ഉത്പാദനം കുറഞ്ഞതും വിപണിയില്‍ ക്ഷാമം നേരിടുന്നതുമാണ് വിലക്കയറ്റത്തിനു കാരണമാകുന്നതെന്നു വ്യാപാരികള്‍ പറയുന്നു.




രണ്ടുവര്‍ഷമായി കപ്പയ്ക്കു വില കുറഞ്ഞുനിന്നത് കര്‍ഷകരെ വിളവിറക്കുന്നതില്‍നിന്നു പിന്തരിപ്പിച്ചിരുന്നു. വിപണി സജീവമായപ്പോള്‍ രണ്ടുവര്‍ഷത്തെ നഷ്ടം നികത്താനുള്ള ശ്രമമാണിതെന്നും വ്യാപാരികള്‍ പറയുന്നു. ഒരുമാസം മുന്‍പ് 15 രൂപയായിരുന്നു വില. ഇപ്പോള്‍ 40 രൂപയ്ക്കു മുകളിലാണു പലയിടത്തും വില്‍പ്പന. ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. കൊറോണക്കാലത്ത് 12 രൂപയായിരുന്നു കപ്പവില. എന്നാല്‍, ഇപ്പോള്‍ വലിയ മേന്മയില്ലാത്ത മരച്ചീനിക്കുപോലും 40-45 രൂപ വരെ നല്‍കണം.

ഏത്തപ്പഴത്തിന് 75 രൂപ വരെ വിലയുണ്ട്. 50 രൂപയില്‍നിന്നാണ് ഇത്രയും വില ഉയര്‍ന്നത്. ഞാലിപ്പൂവന് 78-80 രൂപ വിലയുണ്ട്. ഇത് 58-60 രൂപ മാത്രമായുണ്ടായിരുന്നതാണ്. 31 രൂപയുണ്ടായിരുന്ന റോബസ്റ്റയ്ക്ക് 44 രൂപയായി. ഏറ്റവും വിലകുറവുള്ള പാളയന്‍കോടനുപോലും വില 40-നു മുകളിലാണ്. ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്. കേരളത്തിലേക്കു മേട്ടുപ്പാളയത്തുനിന്നാണ് നേന്ത്രക്കായ കൂടുതലായി വരുന്നത്. നാടന്‍കുലകള്‍ വിപണിയിലുണ്ടെങ്കിലും വേഗം വിറ്റുപോകുന്നു.