സംസ്ഥാനത്ത് 1,465 പേർക്ക് കൂടി കോവിഡ്,ആറ് മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നും ആയിരത്തിന് മുകളിലാണ് രോ​ഗികള്‍.ഇന്ന് 1465 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ആറ് പേര്‍ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച്‌ ഇന്ന് രോ​ഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.

ഇന്നും ഏറ്റവും കൂടുതല്‍ രോ​ഗികള്‍ എറണാകുളം ജില്ലയിലാണ്. 475 പേര്‍ക്കാണ് ജില്ലയില്‍ രോ​ഗം സ്ഥിരീകരിച്ചത്.

അതിനിടെ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.

ഈ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.