പലചരക്കു കടയുടെ വരുമാനം കൊണ്ടു കണ്ടത് 11 രാജ്യങ്ങൾ; ചെലവ് 10 ലക്ഷം രൂപ, മോളിയാണ് താരം

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സ്റ്റഡി ടൂറിനു പോലും പോയിട്ടില്ലാത്ത ഇരുമ്പനം ചിത്രപ്പുഴ സ്വദേശിനി മോളി ജോയി ഒരു പലചരക്കു കടയുടെ വരുമാനംകൊണ്ടു കഴിഞ്ഞ പത്തു വർഷത്തിനകം ചുറ്റിയടിച്ചത് 11 രാജ്യങ്ങൾ. ചെലവു വന്നതു പത്തു ലക്ഷം രൂപയിൽ താഴെ മാത്രം. സ്കൂളിൽ പഠിക്കുന്ന കാലത്തു ടൂറു പോകാൻ അപ്പന്റെയും അമ്മയുടെയും പക്കൽ പൈസയില്ലായിരുന്നു, ഇന്നും ടൂറു പോകാൻ പൈസയുണ്ടായിട്ടല്ല, മനസ്സിൽ യാത്രകളോടുള്ള ആഗ്രഹം നിറഞ്ഞപ്പോൾ പൈസയൊക്കെ തനിയെ വരികയായിരുന്നെന്നു മോളി പറയുന്നു. 2012 ൽ 51 ാം വയസ്സിലായിരുന്നു ആദ്യ യാത്ര. പിന്നെ തുടർയാത്രകളായി. തിരുവാങ്കുളത്താണ് ജനിച്ചു വളർന്നതെങ്കിലും ചിത്രപ്പുഴ ഓലിപ്പുറത്തു ജോയിയെ വിവാഹം കഴിച്ചു വന്നതോടെ സ്വന്തം നാട് അതായി.
ചില അയൽവാസികൾ ചേർന്ന് കേരളത്തിനു പുറത്തേക്ക് ഒരു ടൂറു പോകുന്നെന്നു പറഞ്ഞു ക്ഷണിച്ചു. കട നോക്കാൻ ആരുമില്ല. മകൻ വിദേശത്ത്, മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പമാണ്. അയൽവീടുകളിൽ ആളുണ്ടെങ്കിലല്ലേ കട തുറക്കേണ്ടതുള്ളൂ എന്നു ചിന്തിച്ചിടത്തു നിന്നാണ് ആദ്യ യാത്ര തുടങ്ങുന്നത്. കേരളത്തിനു പുറത്തേയ്ക്കു മാത്രമായിരുന്നു അന്നത്തെ യാത്രകൾ. അന്ന് അവർക്കൊപ്പം പഴനി, മധുര, ഊട്ടി, കൊടൈക്കനാൽ, മൈസൂരു, കോവളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി. 2010 ൽ, ഒരു വിദേശ യാത്ര വേണ്ടി വന്നാലോ എന്നു ചിന്തിച്ചു പാസ്പോർട് എടുത്തു. 2012 ൽ തന്നെ ആദ്യ യാത്രയ്ക്ക് അവസരം ഒരുങ്ങി.


26 വർഷം മുമ്പു ഭർത്താവ് ജോയി തുടങ്ങിയതാണ് വീടിനോടു ചേർന്നുള്ള കൊച്ചു കട. ഉപ്പു മുതൽ കർപ്പൂരവും ചെരുപ്പും വരെ കിട്ടുന്ന, സ്ഥലത്തെ ഒരു കൊച്ചു ലുലുമാളാണ് മോളിച്ചേച്ചിയുടെ കടയെന്നു ന്യൂജെൻ പിള്ളേരു പറയും. ഭർത്താവ് കൂലിപ്പണിക്കു പോകുമായിരുന്നതിനാൽ കടയുടെ ഉത്തരവാദിത്തം അന്നുമുതലേ മോളിയുടെ ചുമലിലാണ്. 18 വർഷം മുമ്പു മകന് 20 വയസ്സും മകൾക്കു 18 വയസ്സുമുള്ളപ്പോൾ ജോയി മരിച്ചു. പിന്നെ മക്കളെ പഠിപ്പിക്കാനും വീട്ടുകാര്യങ്ങൾ നോക്കാനുമെല്ലാം ഈ കട മാത്രമായിരുന്നു വരുമാനമാർഗം. മകൻ വിദേശ ജോലിക്കു പോയി മകളുടെ വിവാഹവും കഴിഞ്ഞ് ഉത്തരവാദിത്തങ്ങൾ തീർന്നപ്പോൾ കയ്യിൽ കുറച്ചു കാശൊക്കെ വരാൻ തുടങ്ങി. അതു വച്ചായിരുന്നു അയൽവാസികൾക്കും അസോസിയേഷൻകാർക്കും ഒപ്പം യാത്രകൾ.

അടുത്ത വീട്ടിലെ റിട്ടയേർഡ് അധ്യാപിക മേരിച്ചേച്ചി വിദേശ യാത്രയ്ക്കു പോകാൻ തീരുമാനിച്ചപ്പോൾ വരുന്നോ എന്നു ചോദിച്ചു. തനിക്കു യാത്ര ചെയ്യാനുള്ള ഇഷ്ടം അവർക്കു നന്നായി അറിയാം. കേരളത്തിനു പുറത്തു യാത്രകൾ പോയിട്ടുണ്ടെങ്കിലും വിദേശയാത്രയ്ക്കു ചെല്ലുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു. രണ്ടു വർഷം മുമ്പുതന്നെ പാസ്പോർട്ടെടുത്തു തയാറായിരിക്കുകയാണെന്ന് ആരറിയാൻ. വരാമെന്നു പറഞ്ഞ് ഇറങ്ങിത്തിരിച്ചു.

റോയൽ ഒമാനിയ എന്ന ടൂർ ഏജൻസിക്കൊപ്പമായിരുന്നു ആദ്യ യാത്ര. 10 ദിവസത്തെ യൂറോപ്യൻ പര്യടനമാണ് പദ്ധതിയിലുള്ളത്. ആദ്യ വിമാനയാത്ര ശരിക്കും ആഘോഷിച്ചു. ഒരിക്കലും കാണാനാകുമെന്നു പ്രതീക്ഷിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞപ്പോൾ ലോകം എത്ര വിശാലമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കൂടുതൽ യാത്രകൾ പോകണമെന്നു മനസ്സിൽ കുറിച്ചിട്ടു. യാത്രാ തീരുമാനങ്ങൾ എല്ലാം സ്വന്തമാണ്. മക്കളോടു പോലും ചോദിക്കേണ്ടതില്ല. പക്ഷേ അവർ കട്ട സപ്പോർട്ടാണ്. ആദ്യ യാത്രയിലൊഴികെ പരിചയക്കാരും കൂടെയുണ്ടായിരുന്നില്ല.
അടുത്ത യാത്ര സിംഗപ്പൂർ മലേഷ്യ. മോളിച്ചേച്ചിയോടു വരുന്നോ എന്നു ചോദിച്ചപ്പോൾ കാലിനു വേദനായാണ്, എല്ലാ അനുഗ്രഹവുമുണ്ടാകും, പോയി വരൂ. എന്നു പറഞ്ഞു യാത്രയാക്കി. പിന്നെ ഏജൻസിക്കൊപ്പം ഡൽഹി, യുപി ഉൾപ്പടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു. യുകെയിലേക്ക് 15 ദിവസത്തെ യാത്ര. ഏറ്റവും ഇഷ്ടമായ നഗരം ലണ്ടനാണ്. ഒരു കപ്പൽ യാത്ര നടത്തിയതാണ് ഏറ്റവും മനോഹരമായ അനുഭവം. ആംസ്റ്റർഡാമിൽനിന്നു റോമിലേക്കുള്ള യാത്ര ഒരു ആഡംബരക്കപ്പലിലായിരുന്നു. ഒരിക്കലും മറക്കാനാകാത്ത അനുഭവം. കഴിഞ്ഞ നവംബറിലാണ് അമേരിക്കയിലേയ്ക്കുള്ള യാത്ര. 15 ദിവസം നീണ്ട യാത്രയിൽ ന്യൂയോർക്കും വാഷിങ്ടനും ഫിലാഡൽഫിയയും ന്യൂജഴ്സിയുമെല്ലാം സന്ദർശിച്ചു. നയാഗ്ര വെള്ളച്ചാട്ടം കണ്ടതും മറക്കാനാകാത്ത അനുഭവമായി.
കടയിൽ നിരവധി വനിത, യാത്രാ മാസികകൾ വിൽക്കാനായി ഇടുന്നുണ്ട്. അതെല്ലാം വായിക്കുന്ന ശീലം പണ്ടേ ഉണ്ട്. അങ്ങനെ വായിച്ചാണ് ലോക രാജ്യങ്ങളെ കുറിച്ച് അറിയുന്നത്. ഒരിക്കൽ താനും വിദേശ യാത്രകൾ നടത്തും എന്നു മോളി ചിന്തിച്ചു. ഒരിക്കലും പ്രായോഗികമാകുമെന്നു വിശ്വസിച്ചിരുന്നില്ല. പക്ഷേ തനിക്കും അതിനു സാധിക്കുമെന്നു തെളിയിച്ചു. അതും വലിയ വരുമാനമോ സമ്പാദ്യമോ ഇല്ലാതെയുള്ള യാത്രകൾ.

പത്താം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. കൂടുതൽ പഠിക്കാൻ സാധിക്കാതിരുന്നതിൽ കാര്യമായ വിഷമമൊന്നുമില്ല. കുറച്ച് ഇംഗ്ലിഷ് അറിഞ്ഞിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഇനി പഠിച്ചു വലിയ ആളായി ജോലി വല്ലതും ലഭിച്ചിരുന്നെങ്കിൽ ഈ യാത്രകളൊന്നും സാധിക്കുമായിരുന്നില്ലല്ലോ എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ട്. ജോലിയിൽ കുടുങ്ങി ഇവിടെ കഴിയുമായിരുന്നു. ഇതു സ്വന്തം ബിസിനസ് ആയതിനാൽ ഇഷ്ടമുള്ളപ്പോൾ തുറക്കാം, അടയ്ക്കാം. തന്റെ യാത്രകളിൽ നാട്ടിലുള്ളവർക്കും സന്തോഷം.
കടയിൽനിന്നുള്ള വരുമാനം തന്നെയാണ് യാത്രകൾക്കെല്ലാം ചെലവഴിക്കുന്നത്. ലോണെടുക്കുന്ന പതിവില്ലെങ്കിലും കയ്യിലുള്ള സ്വർണം പണയം വയ്ക്കുന്ന പതിവുണ്ട്. യാത്ര കഴിഞ്ഞു മടങ്ങി വന്നു കടയിലെ വരുമാനം കൊണ്ടു തന്നെ അതെല്ലാം അടച്ചു തീർക്കും. വീട്ടിലെ ഭക്ഷണ ചെലവുകൾ നടക്കുന്നതു കടയിൽ നിന്നുള്ള വരുമാനം കൊണ്ടു തന്നെയാണ്. മകൻ ഒരിക്കലും പണം ചോദിക്കുകയോ എടുക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എല്ലാ മാസവും നല്ലൊരു തുക മിച്ചം വയ്ക്കാനും സാധിക്കുന്നുണ്ട്.യാത്രകളിൽ കാര്യമായി പണം ചെലവഴിക്കുന്ന പതിവില്ലാത്തതിനാൽ യാത്രാ സാമ്പത്തിക പ്ലാനുകൾ കൃത്യമായി നടപ്പാക്കാൻ സാധിക്കും. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് പലർക്കും വലിയ ചെലവുണ്ടാക്കുന്നത്. അനാവശ്യ വാങ്ങലുകൾ ഒഴിവാക്കിയാൽത്തന്നെ ചെലവും കാര്യമായി കുറയ്ക്കും. കുഞ്ഞുങ്ങൾക്കു കുറച്ചു ചോക്കലേറ്റ് കൊണ്ടുവന്നാൽ അവർക്കു സന്തോഷമാണ്.

പത്തു ലക്ഷം രൂപയോളമാണ് ഇതുവരെ യാത്രകൾക്കു വേണ്ടി വന്നത്. വിദേശയാത്രകൾക്ക് ഇപ്പോൾ കയ്യിൽ കാശില്ലെങ്കിലും മനസ്സിൽ സ്വപ്നങ്ങളുണ്ട്. സ്പോൺസർമാർ വരുമെന്നു കേട്ടിട്ടുണ്ട്, ആരെങ്കിലും തയാറായാൽ യാത്ര ചെയ്യാൻ തയാറാണ്. അതിനു മുമ്പു കേരളത്തിൽ ഇനിയും കാണാത്ത ചില സ്ഥലങ്ങളുണ്ട്. മൂന്നാർ ഇതുവരെ അഞ്ചു പ്രാവശ്യം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആലപ്പുഴയിൽ ഒരു ബോട്ട് യാത്ര നടത്താൻ സാധിച്ചിട്ടില്ല. കൊല്ലം, വയനാട്, ആലപ്പുഴ ഒക്കെ പോകണമെന്നു വലിയ ആഗ്രഹമുണ്ട്. ഒരിക്കൽ പള്ളിയിൽ പോയപ്പോൾ ബീച്ചിൽ മാത്രം ഇറങ്ങിയതാണ് ആകെ ഉണ്ടായിട്ടുള്ള ആലപ്പുഴ യാത്ര. അവിടെ ഒരു ഹൗസ് ബോട്ട് യാത്ര പോകണമെന്നാണ് ആഗ്രഹം. ചെലവു കുറവുണ്ട് എന്നതും നാട്ടിലെ യാത്രാ തീരുമാനത്തിനു പിന്നിലുണ്ട്. – മോളി ജോയി പറയുന്നു.