‘മാംഗോ’യെ കണ്ടെത്തുന്നവർക്ക് 1 ലക്ഷം രൂപ; ഇതുവരെ ഡോക്ടർ ചിലവിട്ടത് 2.5 ലക്ഷം

കൊച്ചി: പ്രിയപ്പെട്ടവരെ അൽപ നേരം കാണാതെ പോയാൽ പോലും അസ്വസ്ഥരായി അവരെ കണ്ടെത്താൻ എന്തും ചെയ്യുന്നവരാണ് നമ്മൾ. സ്വത്തുവകകൾ ഭാഗം ചെയ്തു വാങ്ങി നാടു വിട്ട മുടിയനായപുത്രന് വേണ്ടി കാത്തിരിക്കുന്ന പിതാവും, 100 ആട്ടിൻ കുട്ടികളുള്ള ഇടയൻ തൻ്റെ ഒരു ആട് നഷ്ടപ്പെട്ടപ്പോൾ ബാക്കി 99നെയും കൂട്ടിലാക്കി ഒന്നിനെ അന്വേഷിച്ച് അലഞ്ഞതും കണ്ടെത്തിയ കഥയും നാം കേട്ടിട്ടുണ്ട്.  കൊച്ചിയിലെ പാലാരിവട്ടത്ത് നിന്നാണ്  പൊന്നുപോലെ കാത്ത നായയെ കിട്ടാൻ ദിനപത്രത്തിൻ്റെ കേരളം മുഴുവനുള്ള എഡിഷനുകളിൽ പരസ്യം നൽകി ഡോക്ടർ ആനന്ദ് ഗോപിനാഥ് കാത്തിരിക്കുന്നത്.

കൊംബായ് ഇനത്തിൽ പെട്ട മാംഗോ എന്നു പേരുള്ള നായയെയാണു കാണാതെ പോയത്. 25,000 രൂപയിൽ താഴെ വില വരുന്ന അഞ്ചു മാസം പ്രായമുള്ള പട്ടിയെ തിരിച്ചു കിട്ടാൻ ഡോക്ടർ ചെലവഴിച്ചത് രണ്ടര ലക്ഷം രൂപ. നായയെ തിരികെ എത്തിച്ചു നൽകുന്നവർക്കുള്ള സമ്മാനം ഒരു ലക്ഷം രൂപ.

മനോരമ ദിനപത്രത്തിലാണ് അഞ്ചു മാസം പ്രായമുള്ള നായയെ കാണാതെ പോയെന്നു പരസ്യം നൽകിയിരിക്കുന്നത്. പാലാരിവട്ടം നേതാജി റോഡിൽനിന്നു കാണാതെ പോയ നായയ്ക്കായി കേരളം മുഴുവനുമുള്ള പത്ര പരസ്യമാണ് ഡോക്ടർ നൽകിയത്. പരസ്യ നിരക്കു മാത്രം രണ്ടരലക്ഷം രൂപ വരും. ഒന്നാം പേജിൽ വലിയ പരസ്യം നൽകാൻ എന്തു ചെലവു വരുമെന്നു ചോദിച്ചാണ് ഡോക്ടർ പത്ര ഓഫിസിലെത്തിയത്. എട്ടു ലക്ഷം രൂപയെങ്കിലും ആകുമെന്നു പറഞ്ഞപ്പോൾ അതിനും ഡോക്ടർ തയാർ. ഒടുവിൽ കുറച്ചു കൂടി ചെലവു ചുരുക്കി ഉൾപ്പേജിൽ മുഴുവൻ കേരള എഡിഷനിലും പരസ്യം നൽകുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള കൊംബായ് ഇനത്തിൽ പെട്ട രണ്ടു നായക്കുട്ടികളെ രണ്ടു മാസം മുമ്പാണ് ഡോക്ടർ പണം കൊടുത്തു വാങ്ങിയത്. ഇതിൽ ഒന്നിനെയാണ് നഷ്ടമായത്. ഇടയ്ക്കെപ്പോഴോ വീടിന്റെ ഗേറ്റ് തുറന്നു കിടന്നപ്പോൾ പുറത്തേയ്ക്കു പോയതാകാമെന്നാണ് കരുതുന്നത്. നായക്കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് ആരെങ്കിലും എടുത്തുകൊണ്ടു പോയതാണോ എന്നും സംശയിക്കുന്നുണ്ട്. നായയെ കണ്ടു കിട്ടുന്നവർ തിരികെ തരണമെന്ന് ആവശ്യപ്പെട്ട് ഇതിനകം ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പത്രപ്പരസ്യം എന്ന ചിന്തയിലേയ്ക്കു വന്നത്. 

ഇളം ചാരനിറമുള്ള ചാരക്കണ്ണുള്ള സുന്ദരനാണ് മാംഗോ. നായകളോടു തനിക്കു പ്രത്യേക ഇഷ്ടമാണെന്നു ഡോക്ടർ പറയുന്നു. കുറച്ചു നാൾ മുമ്പ് കണ്ടെയ്നർ റോഡിൽ പരുക്കേറ്റു കിടുന്ന നാടൻ പട്ടിയെ എടുത്തു കൊണ്ടു വന്നു പരിചരിച്ച് ആരോഗ്യവാനാക്കിയിട്ടുണ്ട്. കൂടപ്പിറപ്പുകളോ കാര്യമായി സുഹൃത്തുക്കളോ ഇല്ലാത്ത ഡോക്ടർക്കു നായകളോടു പ്രത്യേക സ്നേഹമാണെന്നു പരിസരവാസികളും പറയുന്നു. നായകൾ പുറത്തു പോകാനും അയൽ‌വാസികൾക്കു ശല്യമാകാതിരിക്കാനും ഡോക്ടർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആളുകളെ കണ്ടു കുരച്ചു ബഹളം ഒഴിവാക്കാൻ ഉയർന്ന മതിലും ഗേറ്റുമാണു പണിതിട്ടുള്ളത്. ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് ശല്യമുണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

എന്നിട്ടും നായ ഗേറ്റിലൂടെ പുറത്തു കടക്കുകയായിരുന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിൽ കൊംബായ് എന്ന സ്ഥലത്തു നിന്നുള്ള നായ ആയതിനാലാണ് ഈ പേരു ലഭിച്ചത്. ബ്രിട്ടിഷുകാരുടെ കാലം മുതൽ തന്നെ തദ്ദേശ വാസികൾ ഇതിനെ കാവൽ നായയായി വളർത്തുന്നുണ്ട്. മികച്ച കാവൽ നായ് ആയാണ് ഇത് പ്രദേശത്ത് അറിയപ്പെടുന്നതുതന്നെ. ബലമുള്ള പേശികളോടു കൂടിയ കരുത്തുള്ള ഇനമാണ് കൊംബായ്. യജമാനൻമാരോട് സ്നേഹവും കൂറും കാണിക്കുന്ന ഇവൻ അപരിചിതരോടു വളരെ മോശമായാണ് പെരുമാറുക. അതുകൊണ്ടു തന്നെ അപരിചിതർക്കു കൈകാര്യം ചെയ്യാനും പ്രയാസമാണ്. 

വേട്ടനായയായും പലരും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടിഷുകാർ തദ്ദേശീയരെ ആക്രമിക്കുമ്പോൾ സംരക്ഷണം ഒരുക്കാൻ തേനി ജില്ലക്കാർ ഇവരെ ഉപയോഗിച്ചിരുന്ന ചരിത്രമുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. 1960ൾക്കു ശേഷം ഇവയ്ക്കു വംശനാശം സംഭവിക്കുന്നതു ശ്രദ്ധയിൽപെട്ട സർക്കാർ മറ്റു പ്രാദേശിക നായ ഇനങ്ങൾക്കൊപ്പം ഇവയുടെ പ്രജനനത്തിനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.