◼️കെ റെയിലിന്റെ സാമൂഹികാഘാത പഠനത്തിനായുള്ള സര്‍വേക്കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഭൂവുടമകള്‍ക്കു സമ്മതമെങ്കില്‍ അതിരടയാള കല്ലിടും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കിയെങ്കിലും സര്‍വേക്കല്ലിടുന്നതു നിര്‍ത്തിവയ്ക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെന്ന് കെ റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.
◼️തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേര്‍ പദ്ധതിക്കു സംസ്ഥാനത്തു തുടക്കം. ഇതോടെ ഒരാള്‍ക്ക് എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒറ്റ തണ്ടപ്പേരിലാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ യുണീക് തണ്ടപ്പേര്‍ രസീത് ഗതാഗത മന്ത്രി ആന്റണി രാജുവിനു കൈമാറി.
◼️സംസ്ഥാനത്ത് ഇന്നും തീവ്ര മഴ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്. കാലവര്‍ഷം 27 ന് ആരംഭിക്കും. വ്യാഴാഴ്ച മുതല്‍ 24 വരെ മഴയുണ്ടാകാന്‍ സാധ്യതയില്ലെന്നാണു റിപ്പോര്‍ട്ട്.
◼️ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചതോടെ ആഗോള തലത്തില്‍ ഗോതമ്പിനു റിക്കാര്‍ഡ് വില. ടണ്ണിന് 453 അമേരിക്കന്‍ ഡോളറാണ് ഒരു ടണ്‍ ഗോതമ്പിന്റെ ആഗോള വില. 422 ഡോളറായിരുന്നു കഴിഞ്ഞയാഴ്ചത്തെ വില. 31 ഡോളറാണ് വര്‍ധിച്ചത്. യുക്രെയ്നിലെ റഷ്യന്‍ ആക്രമണം ഇരു രാജ്യങ്ങളിലെയും ഗോതമ്പ് ഉല്‍പ്പാദനത്തെയും കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്.
◼️തമിഴ്നാട്ടില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനു ചുമത്തിയ പത്തു ലക്ഷം കേസുകള്‍ റദ്ദാക്കി. കൂട്ടംകൂടിയതിനും ലോക്ഡൗണ്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ തുറന്നതിനും മറ്റുമുള്ള കേസുകളാണ് റദ്ദാക്കിയത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരായ അതിക്രമം, വ്യാജ ഇ പാസ് തയ്യാറാക്കല്‍ മുതലായ കുറ്റങ്ങള്‍ക്കെടുത്ത കേസുകള്‍ നിലനില്‍ക്കും.
◼️പാലക്കാട് എക്സൈസ് ഡിവിഷണല്‍ ഓഫീസിലെ നൂറുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനില്‍നിന്ന് വിജിലന്‍സ് പത്തു ലക്ഷം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപ ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു വിജിലന്‍സ് പിടികൂടിയത്. കള്ളുഷാപ്പ് ലൈസന്‍സികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◼️മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ മുന്‍ വില്ലേജ് ഓഫീസര്‍ കെ.കെ. അജിയെ അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയതുമൂലം എട്ടു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്.
◼️നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ശരത് പ്രതികരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ്. തെളിവ് നശിപ്പിച്ചെന്ന ആരോപണവും തെറ്റാണെന്നും ശരത് പ്രതികരിച്ചു.
◼️കെ റെയിലിനു ജിപിഎസ് സര്‍വേ നടത്താന്‍ തീരുമാനിച്ചതോടെ കല്ലിടല്‍ സര്‍വേ പൂര്‍ണമായും ഒഴിവാക്കും. 530 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ഇരുപതിനായിരത്തോളം സര്‍വേക്കല്ലിടാനായിരുന്നു പരിപാടി. എന്നാല്‍ പ്രതിഷേധ സമരങ്ങള്‍മൂലം 190 കിലോമീറ്ററില്‍ 6,020 കല്ലുകളാണു നാട്ടിയത്. ഇതില്‍ നാലിലൊരു ഭാഗം കല്ലുകളും സമരക്കാര്‍ പിഴുതെറിഞ്ഞിട്ടുണ്ട്.
◼️സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സര്‍വേ രീതി മാത്രമാണ് മാറ്റുന്നത്. സര്‍ക്കാര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സര്‍വേ രീതി മാറിയാല്‍ പ്രതിപക്ഷം സഹകരിക്കുമോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു സര്‍വേക്കല്ലിടല്‍ നിര്‍ത്തിവച്ചത് ജനങ്ങളുടെ വിജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ഇരുവരും വെവ്വേറെ സ്ഥലങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി മനസിലാക്കിയാണ് കല്ലിടല്‍ നിര്‍ത്തിയതെന്നു സതീശന്‍ പറഞ്ഞു. പിണറായി വിജയനു ജനങ്ങളുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെന്നു വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കെ റെയിലിന് അനുമതി നല്‍കില്ലെന്നു പിണറായി വിജയനു ബോധ്യമായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◼️സംസ്ഥാന സര്‍ക്കാരിന് ലോട്ടറിയില്‍നിന്നു വലിയ ലാഭമൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭമേയുള്ളൂ. എന്നാല്‍ രണ്ടുലക്ഷം പേരുടെ ഉപജീവനമാര്‍ഗമാണ് ലോട്ടറി എന്നും ധനമന്ത്രി വ്യക്തമാക്കി. ലോട്ടറിയിലൂടെ മൂന്നു ലക്ഷത്തോളം പേര്‍ക്ക് സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.
◼️തൃക്കാക്കരയില്‍ ആകെ എട്ടു സ്ഥാനാര്‍ത്ഥികള്‍. ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പേര് ഒന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനായിരിക്കും. അപരന്‍ ജോമോന്‍ ജോസഫിന് അനുവദിച്ച ചിഹ്നം കരിമ്പു കര്‍ഷകന്റേതാണ്. അനില്‍ നായര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍, സിപി ദിലീപ് നായര്‍ എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍.
◼️മണ്ണുത്തി - വടക്കുംചേരി ദേശീയപാതയുടെയും കുതിരാന്‍ തുരങ്കത്തിന്റെയും പണിക്ക് ദേശീയപാത അതോററ്റി 243.99 കോടി രൂപ ഗ്രാന്റായി കരാര്‍ കമ്പനിയ്ക്കു നല്‍കിയെന്നു വിവരാവകാശ രേഖ. കരാറനുസരിച്ചാണ് ഇത്രയും തുക നല്‍കിയതെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിനു നല്‍കിയ രേഖയില്‍ പറയുന്നു. തുരങ്കത്തിന്റെ പണിയ്ക്ക് 230.77 കോടി രൂപയാണ് ചെലവായത്. 42 ഇനം പണികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത് ക്രമക്കേടാണെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
◼️നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകക്കേസില്‍ പിടിയിലാകാനുള്ള അഞ്ചു പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ കൂട്ടുപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പു നടത്തി. ബില്ലിന്റെ പകര്‍പ്പ് കണ്ടെത്തി. ഷൈബിന്‍ അഷ്റഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി.
◼️കോഴിക്കോട് നടക്കാവില്‍ ഗൃഹോപകരണ വില്‍പനശാലയില്‍ തീപ്പിടിത്തം. ഗോഡൗണില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ സൂക്ഷിച്ച ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാ വിഭാഗം തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി.
◼️തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ പദവി പാടില്ലെന്ന എഐസിസി ചിന്തന്‍ ശിബിര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടി.എന്‍ പ്രതാപന്‍ എംപി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവച്ചു. സംഘടന രൂപീകരിച്ച 2017 മുതല്‍ പ്രതാപനാണ് ചെയര്‍മാന്‍. ചിന്തന്‍ ശിബിറിലെ തീരുമാനം ആദ്യം നടപ്പാക്കുന്ന നേതാവായി പ്രതാപന്‍.
◼️കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂര്‍ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
◼️കോഴിക്കോട്ടെ മോഡല്‍ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഷഹാനയും ഭര്‍ത്താവ് സജാദും താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. പറമ്പില്‍ ബസാറിലെ ഈ വാടക വീട്ടിലാണ് ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
◼️വയനാട് ജില്ലയില്‍ പൊക്ലെയിനും ജേസീബിയും അടക്കമുള്ള യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണെടുക്കുന്നതു നിരോധിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് നിലവിലിരിക്കുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 31 വരെ നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചത്.
◼️കണ്ണൂര്‍ പിലാത്തറയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന കെസി റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറെ മര്‍ദ്ദിച്ചതിനു കടയുടമയടക്കം മൂന്നുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
◼️പാലത്തോള്‍ മപ്പാട്ടുകര റെയില്‍വേ മേല്‍പാലത്തില്‍ നില്‍ക്കവേ, അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വീണ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ മാറി കട്ടുപ്പാറ തടയണക്ക് അരികില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ പ്രകമ്പനത്തില്‍ കയ്യില്‍നിന്ന് കുഞ്ഞ് പുഴയിലേക്കു വീണെന്നാണ് പറയുന്നത്.
◼️ഏറ്റുമാനൂരില്‍ കുടുംബ വഴക്കിനിടെ മകന്‍ തള്ളിയിട്ട അച്ഛന്‍ മരിച്ചു. മാടപ്പാട് സ്വദേശി മാധവന്‍ ആണ് മരിച്ചത്. 79 വയസായിരുന്നു. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര്‍ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരന്‍ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഇന്നു ലിസ്റ്റ് ചെയ്യും. ഓഹരികള്‍ 2.94 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷം എല്‍ഐസി ആറു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ മൂല്യമുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ കമ്പനിയായി മാറും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് എല്‍ഐസിയേക്കാള്‍ മൂല്യമുള്ള കമ്പനികള്‍.
◼️വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി. വിമാനക്കമ്പനികള്‍ ടിക്കറ്റു നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത.
◼️വാരാണാസിയിലെ ജ്ഞാന്‍വ്യാപി മസ്ജിദ് സമുച്ചയത്തിലെ കുളം സീല്‍ ചെയ്തു. കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വാരാണാസി ജില്ലാ കോടതി കുളം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ കുളം വറ്റിച്ചു പരിശോധിച്ചപ്പോള്‍ ശിവലിംഗം കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്.
◼️ഇരുപതുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത സഹോദരന്മാര്‍ അറസ്റ്റില്‍. മുംബൈയിലെ ധാരാവിയിലാണ് സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതിന് അനില്‍ ചോഹന്‍, സഹോദരന്‍ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്.
◼️കാഷ്മീരിലെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നു പ്രസ്താവിച്ച ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെതിരെ ഇന്ത്യ. വര്‍ഗീയ അജണ്ട ഇന്ത്യയോടു വേണ്ടെന്നാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഒഐസിയുടേത് അനാവശ്യ പ്രസ്താവനയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
◼️മസ്‌കറ്റ്- ബെംഗളൂരു വിമാനത്തില്‍ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ ബഹളമുണ്ടാക്കുകയും ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തതിനെത്തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തിരമായി ഇറക്കി. വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ മുഹമ്മദ് സറഫുദ്ദീന്‍ ഉള്‍വാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
◼️ഇന്ത്യാ - നേപ്പാള്‍ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയില്‍ ബുദ്ധ പൂര്‍ണ്ണിമ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറു കരാറുകളില്‍ ഒപ്പിട്ടു.
◼️സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കാന്‍ ദേശീയ സമിതി രൂപീകരിച്ചെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. പുതിയ സാമ്പത്തിക നയവും കടമെടുപ്പും അടക്കമുള്ള കാര്യങ്ങള്‍ ഈ സമിതിയാണ് തീരുമാനിക്കുക. പുതിയ ബഡ്ജറ്റ് അവതരപ്പിക്കും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യ വത്കരിക്കും. റെനില്‍ വിക്രമസിംഗെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെയ്ക്കു പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
◼️കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. ശക്തമായ പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്ച തടസപ്പെടുത്തിയ സാഹചര്യത്തിലാണു സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്.
◼️റഷ്യയില്‍നിന്ന് ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. വിതരണം ചെയ്ത വൈദ്യുതിക്കു പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്ട്രിസിറ്റി കമ്പനിയായ ആര്‍എഒ നോര്‍ഡിക് ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിയത്.
◼️ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 17 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◼️ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ഡിജിറ്റല്‍ പേയ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ പേടിഎമ്മും. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും അതുകൊണ്ട് ലൈസന്‍സിന് അപേക്ഷ നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഒരു മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎം രാജ്യത്ത് ക്യൂആര്‍ കോഡും വാലറ്റ് ട്രെന്‍ഡുകളും ആരംഭിച്ചു. പേടിഎമ്മിന്റെ വായ്പാ ബിസിനസ്സിന് ഇപ്പോള്‍ 20,000 കോടി രൂപ വാര്‍ഷിക റണ്‍ റേറ്റ് ഉണ്ട്. ഏപ്രിലില്‍ മാത്രം കമ്പനി പ്ലാറ്റ്ഫോം വഴി 1,657 കോടി രൂപയുടെ (221 മില്യണ്‍ ഡോളര്‍) 2.6 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു. മൊത്തം മര്‍ച്ചന്റ് പേയ്മെന്റ് വോള്യത്തിലോ ജിഎംവിയിലോ 100 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. ഇത് 0.95 ലക്ഷം കോടി രൂപയായി (12.7 ബില്യണ്‍ ഡോളര്‍).
◼️വീണ്ടും നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. എംസിഎല്‍ആര്‍ നിരക്കാണ് ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ട് മാസത്തില്‍ രണ്ടാം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചത്. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതോടെ ബേസ് റേറ്റ് 7.20 ശതമാനമായി. എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയാണ് 7.20 ശതമാനമാക്കിയത്. ഇതോടെ രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ത്തി. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു.
◼️നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന് 'ഒ2'വിന്റെ ടീസര്‍ റിലീസ് ചെയ്തു. സസ്പെന്‍സ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഎസ് വിഘ്‌നേശ് ആണ്. ബസ് അപകടത്തില്‍പ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുളള പോരാട്ടവുമാണ് ചിത്രമെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. 'ഒ2'വില്‍ ജാഫര്‍ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുക.
◼️തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിക്രം'. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഒരുമാസ് എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍. എന്നാല്‍ ട്രെയിലറില്‍ പ്രേക്ഷകര്‍ തെരഞ്ഞത് നടന്‍ സൂര്യയെ ആണ്. ഇതുവരെ 10 മില്യണ്‍ കാഴ്ച്ചക്കാരെയാണ് ട്രെയിലര്‍ സ്വന്തമാക്കിയത്. ജൂണ്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യും. വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം.
◼️ഇന്ത്യയിലെ ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വീണ്ടും മുന്നേറ്റവുമായി ഐക്കണിക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണ്‍. 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റില്‍ ഏറ്റവും മികച്ച വില്‍പ്പനക്കാരനായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തിലെ ഹാര്‍ലി-ഡേവിഡ്‌സണിന്റെ വിപണി പങ്കാളിത്തം 37 ശതമാനമാണ്. 2021 സാമ്പത്തിക വര്‍ഷം ഇത് 27 ശതമാനമായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് മൊത്തം 601 ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. അതില്‍ 531 യൂണിറ്റുകളും 1,000 സിസിക്ക് മുകളിലുള്ളവയാണ്.
◼️തീവ്രമായ രാഷ്ട്രീയ ഇടപെടലുകളായി അനുഭവപ്പെടുന്ന എഴുത്ത്. മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനായുള്ള ജാഗ്രത്തായ പരിശ്രമങ്ങള്‍. ശിഥില സ്വപ്നങ്ങളുടെയും ധാര്‍മ്മികതയുടെയും സാമൂഹ്യനീതിയുടെയും ഉള്ളറകളിലേക്കുള്ള അന്വേഷണങ്ങള്‍. കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക ചരിത്രത്തിന്റെ അടയാളചിഹ്നം കൂടിയാണ് 'ചുവന്നചിഹ്നങ്ങള്‍'. നാലാം പതിപ്പ്. എം. സുകുമാരന്‍. ഡിസി ബുക്സ്. വില 247 രൂപ.
◼️വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ സ്ഥിരീകരിച്ചവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുമെന്ന് പഠനം. വാക്സിന്റെ രണ്ട് ഡോസും എടുത്തശേഷം ഒമൈക്രോണ്‍ വന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. കോവിഡ് വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ ബാധിച്ചവര്‍, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസ് വാക്‌സിനെടുത്തവര്‍, ഒമൈക്രോണ്‍ പിടിപെട്ട ഇതുവരെ വാക്‌സിനെടുക്കാത്തവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ച് ആളുകളുടെ രക്ത സാംപിള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഓമൈക്രോണ്‍ സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് ഗവേഷകര്‍ നല്‍കുന്നത്. വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ വന്നവരിലെ ആന്റിബോഡി വിവിധ ഡെല്‍റ്റാ വകഭേങ്ങളെ ശക്തമായി പ്രതിരോധിക്കും. കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ബയോഎന്‍ടെക് എസ് ഇ കമ്പനിയും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. പഠനത്തിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വ്യക്തമായ അനുമാനത്തിലെത്താന്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. അതുകൊണ്ട് പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോവിഡിനെതിരേ പ്രതിരോധ ശേഷി കൈവരിക്കാനായി ആളുകള്‍ രോഗം തേടി പോകരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
*ശുഭദിനം*
അവന്‍ അന്ന് നന്നേ തളര്‍ന്നിരുന്നു. രാവിലെ മുതല്‍ ആ ചെറിയ കുട്ടയിലെ പച്ചക്കറികള്‍ വില്‍ക്കാന്‍ നടക്കുന്നതാണ്. കയ്യിലാണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ പോലുമുള്ള പൈസയില്ല. അവന് ഒരടിപോലും വെയ്ക്കാന്‍ സാധിക്കാതായപ്പോള്‍ അവന്‍ അടുത്തുള്ള ഒരു വീട്ടില്‍ കയറി കുറച്ച് ഭക്ഷണം ചോദിക്കാന്‍ തീരുമാനിച്ചു. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന് ഒരു യുവതി ഇറങ്ങിവന്നു. ഭക്ഷണം ചോദിക്കാന്‍ ഉള്ള മടികൊണ്ട് അവന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു, പക്ഷേ, ആ യുവതിയ്ക്ക് അവന്‍ നന്നേ തളര്‍ന്നിരിക്കുന്നു എന്ന് മനസ്സിലായി. അവര്‍ ഒരു വലിയ ഗ്ലാസ് നിറയെ പാല്‍ അവന് കുടിക്കാന്‍ കൊടുത്തു. അവന്‍ ആസ്വദിച്ച് ആ പാല്‍ കുടിച്ചു. അവരോട് അവന്‍ കണ്ണ് നിറഞ്ഞ് കൈകൂപ്പി. അവര്‍ അവനെയാത്രയാക്കി. തിരിച്ചുപോകുമ്പോള്‍ അവന് എന്തെന്നില്ലാത്ത ഉന്മേഷം തോന്നി. വര്‍ഷങ്ങള്‍ കടന്നുപോയി. ആ യുവതിയ്ക്ക് പ്രായമായി. അവരെ ഒരസുഖം പിടികൂടി. നാട്ടിലെ ഡോക്ടര്‍മാര്‍ അവരെ പട്ടണത്തിലേക്ക് മാറ്റി. ആ ഹോസ്പിറ്റലില്‍ ചെറുപ്പക്കാരനായ മിടുക്കനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. അയാള്‍ അവര്‍ക്ക് മികച്ച് ചികിത്സ തന്നെ നല്‍കി. കൂടുതല്‍ സമയം അവരോടൊപ്പം തന്നെ ചിലവഴിച്ചു. അവസാനം അവരുടെ രോഗം മാറി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയപ്പോള്‍ അവരെ തേടി ഒരു ബില്ലെത്തി. വളരെ ടെന്‍ഷനോടെയാണ് അവര്‍ ആ ബില്ല് തുറന്ന് വായിച്ചത്. അതിലെ തുക കണ്ട് അവരുടെ കണ്ണ് നിറഞ്ഞു. പക്ഷേ, അതിന്റെ അടുത്ത പേജില്‍ ആ തുക അടച്ചതിന്റെ രസീതിയും കൂടെ ഉണ്ടായിരുന്നു. ഒപ്പം ഒരു കുറിപ്പും. ' ഒരു ഗ്ലാസ്സ് പാലിന് പകരം ഈ ബില്‍ ഞാനെടുക്കുന്നു... ' ജീവിതം അങ്ങിനെയാണ് എന്താണ് നാം മറ്റുളളവര്‍ക്ക് നല്‍കുന്നത് അത് നമുക്ക് കാലം തിരികെ തരിക തന്നെ ചെയ്യും.. തിന്മചെയ്ത് തിന്മ തിരിച്ചുവാങ്ങുന്നതിനേക്കാള്‍ നമുക്ക് നന്മകളെ ഒരു ജീവിതചര്യയാക്കാം. - *ശുഭദിനം*
MEDIA 16 NEWS