പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഈ മാസം ആദ്യം മുതൽ കേരളത്തിലെ കൊവിഡ് കണക്ക് ക്രമാനുഗതമായി വർധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്.
മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകൾ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.