BREAKING NEWS പി സി ജോര്‍ജ് അറസ്റ്റില്‍;ജോര്‍ജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു

കൊച്ചി:മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത ജനപക്ഷം നേതാവ് പിസി ജോര്‍ജ് അറസ്റ്റില്‍.കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എആര്‍ ക്യാമ്പിലെത്തിച്ച്‌ പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫോര്‍ട്ട് സ്‌റ്റേഷനില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൊച്ചിയില്‍ എത്തിയിരുന്നു.

പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്‌റ്റേഷനു മുന്നില്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവരെ നീക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചു. ജോര്‍ജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഈ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്തു.

മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം സ്‌റ്റേഷനില്‍ എത്തിയ ജോര്‍ജ് നിയമത്തിനു വിധേയമാവുന്നതായി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്.ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷവും സമാന പ്രസംഗം നടത്തിയെന്ന് വെണ്ണലയിലെ വിദ്വേഷ പ്രസഗം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

വെണ്ണലയിലെ മത വിദേഷ പ്രസംഗത്തിന്റെ ടേപ്പുകളും കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. നേരത്തെ, വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.