BREAKING NEWS വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവുശിക്ഷയും പിഴയും

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം തടവ് ശിക്ഷ. ആത്മഹത്യാ പ്രേരണയ്ക്ക് ആറു വർഷം തടവ്.പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ രണ്ടുലക്ഷം വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.വിധിക്ക് മുൻപ് 45ലേറെ മിനിറ്റ് കോടതി ഇന്ന് വാദം കേട്ടു.

അതേ സമയം ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച കോടതിയോട് അച്ഛനെ നോക്കാന്‍ മറ്റാരുമില്ലെന്നായിരുന്നു കിരണിൻ്റെ മറുപടി. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതി പറഞ്ഞു.

വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിനു തുല്യമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വാദിച്ചു. കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി വിസ്മയയുടെ മുഖത്ത് ചവിട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ല. നിയമം പാലിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥൻ തന്നെ സ്ത്രീധനം ചോദിച്ച് വാങ്ങിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും പ്രോസിക്യൂഷൻ ആവർത്തിച്ചു.