കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നകേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി, കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ഇവിടെയെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, ആലുവ ‘പത്മസരോവരം’ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.