കൊട്ടാരക്കര : ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ കൃഷ്ണൻപോറ്റി മകൻ 36 വയസ്സുള്ള സജിത്തിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണങ്കോട് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂർ കാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഇരണൂർ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രം എന്നിവിടങ്ങളിലെ മോഷണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ താമസിച്ച് ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന ടിയാനെ പിടിക്കുന്നതിനുവേണ്ടി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം കൊട്ടരക്കര പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം കൊല്ലം റൂറൽ ജില്ലയിലും അയൽ ജില്ലകളിലുമായി കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന അന്വേഷണത്തിലൊടുവിലാണ് ഇയാൾ പിടിയിലായത്. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ കണ്ടെത്തുന്നതിന് യാതൊരുതുമ്പും പോലീസിന് ലഭിച്ചിരുന്നില്ല. മുൻപ് ഇയാൾ നടത്തിയ മോഷണ പരമ്പരകളുടെ വിവരങ്ങൾ ശേഖരിച്ച് കൊട്ടാരക്കര പോലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിലെ പൂജാരി ആയി ജോലിനോക്കിയിട്ടുള്ള ഇയാൾ പൂയപ്പള്ളി കരിങ്ങന്നൂർ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂർ ആദിശമംഗലം ക്ഷേത്രം എന്നിവടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. ജയിൽ ശിക്ഷക്ക് ശേഷം ഈ വർഷം മാർച്ച് 30 തിന് പുറത്തിറങ്ങിയ പ്രതി ചാത്തന്നൂർ, എഴുകോൺ, ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ ഉൾപ്പെടെ എട്ടോളം മോഷണങ്ങൾ നടത്തിയിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപു , എസ്. ഐ രാജീവ്.ജി ,
എസ്.ഐ ജോൺസൻ.കെ, സി.പി.ഒ മാരായ ജയേഷ് ,സലിൽ, കിരൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.