സോളാര്‍ കേസ്; കെ.ബി. ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യംചെയ്തു

പത്തനാപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ-യെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. പത്തനാപുരത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്.

ഗണേഷ് കുമാറാണ് പരാതിക്കാരിയുടെ പിന്നിലെന്ന് ഉമ്മൻ ചാണ്ടി നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നും ലൈംഗീക പീഡനം ഉണ്ടായെന്ന് പറയുന്ന പരാതിക്കാരിയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നിലും ഗണേഷ് കുമാറാണെന്നായിരുന്നു ആരോപണം. വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള മറ്റ് നേതാക്കളേയും സിബിഐ വിശദമായി ചോദ്യം ചെയ്യും.

അതേസമയം കഴിഞ്ഞ ദിവസം കേസില്‍ പ്രതികളായ ഹൈബി ഈഡന്‍ എം.പിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഗണേഷ് കുമാറിനേയും ചോദ്യം ചെയ്തത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.