ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിലെ പത്തോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചായത്തിൽ നിന്ന് വിരമിച്ച സ്വീപ്പറിന്റെ യാത്രഅയപ്പ് ചടങ്ങിനോടനുബന്ധിച്ച് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി.
കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ നടന്ന സത്കാരത്തിന്റെ ഭാഗമായി ഫ്രൈഡ് റൈസ്, ചിക്കൻ, ഐസ്ക്രീം എന്നിവയാണ് ഉണ്ടായിരുന്നത്. പിറ്റേദിവസം ശാരീരിക അസ്വസ്ഥതകളും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് പലരും ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഏകദേശം 65ഓളം പേർ ഭക്ഷണം കഴിച്ചെന്നാണ് വിവരം. ആശുപത്രിവിട്ട ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി.