ചെന്നൈ • ഓടുന്ന ട്രെയിനിന്റെ പടിയിൽനിന്ന് അഭ്യാസം കാണിച്ച കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്രസിഡൻസി കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥി നീതി ദേവൻ (19) ആണ് മരിച്ചത്. ട്രെയിനിന്റെ പടിയിലും ജനൽക്കമ്പിയിലും തൂങ്ങി അഭ്യാസം കാണിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തിൽ ഖേദം പ്രകടിപ്പിച്ച ദക്ഷിണ റെയിൽവേ, ഇതൊരു ഓർമപ്പെടുത്തലാണെന്നും ട്രെയിനിൽ അഭ്യാസം കാണിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. നീതി ദേവൻ സുഹൃത്തുക്കള്‍ക്കൊപ്പം അപകടകരമായ അഭ്യാസങ്ങൾ കാണിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.