പി സി ജോർജ് ഒളിവിൽ? പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അരിച്ചുപെറുക്കി പൊലീസ്, ഇന്നും തെരച്ചിൽ തുടരും

കൊച്ചി: പി സി ജോര്‍ജിനെ (P C George) കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും തുടരാൻ പൊലീസ് (Kerala Police). ഇന്നലെ പി സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും  പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം.അതേസമയം, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.‌വെണ്ണല പ്രസംഗത്തിന്‍റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും  കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം  ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്.രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.