സ്വന്തം ശരീരത്തെ ക്യാൻസർ കാർന്നു തിന്നുന്നത് കണ്ടിട്ടും അത് വകവയ്ക്കാതെ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ രമ്യ എന്ന നഴ്സ് ഇനി ഓർമ്മമാത്രം

സ്വന്തം ശരീരത്തെ ക്യാൻസർ  കാർന്നു തിന്നുന്നത് കണ്ടിട്ടും അത് വകവയ്ക്കാതെ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ രമ്യ എന്ന നഴ്സ്   ഇനി ഓർമ്മമാത്രം. പാൻക്രിയാസിന് ക്യാൻസർ  ബാധിച്ച ശേഷവും രണ്ടാഴ്ച മുമ്പ് വരെ  ജോലിക്കെത്തിയിരുന്ന പച്ചടി സ്വദേശി കൊച്ചുപറമ്പിൽ രമ്യമോൾ (38) ഒരു  മാലാഖയെപ്പോലെ കഴിഞ്ഞദിവസം    സ്വർഗ്ഗത്തിലേക്ക്   പറന്നുപോയി.   

രമ്യ  വെറുമൊരു നഴ്‌സല്ല ശരിക്കുമൊരു മാലാഖയായിരുന്നെന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

 'സാരമില്ല കേട്ടോ...... എല്ലാം ശരിയാകും.....’ എന്നും പറഞ്ഞ് കൂടെ രണ്ടുവരി പാട്ടും പാടിയാണ്  രോഗികളുടെ ഹൃദയത്തിലേക്ക് അവർ  ആഴ്ന്നിറങ്ങിയത്.

രോഗം  അവഗണിച്ച് കോവിഡ് കാലത്തും  ഡ്യൂട്ടി  മുടക്കാതെ സ്വന്തം കാറോടിച്ച് രമ്യ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തി സേവനം ചെയ്തു.  കോവിഡ് കാലത്ത്  ജോലിക്ക് വരേണ്ടതില്ലന്ന് രമ്യയോട് പറഞ്ഞിട്ടും സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ചപ്പോഴും ആശുപത്രിയിലെ സേവനങ്ങൾക്കായി രോഗം വകവയ്ക്കാതെ  അവർ  ഓടിയെത്തുമായിരുന്നുവെന്ന് സഹപ്രവർത്തകരായ കനിയമ്മ, റിന്റ, നിഷ ബീവി, മായമോൾ, സത്യപ്രിയ എന്നിവർ പറയുന്നു.  

നഴ്സിങ് ഓഫിസറായി ജോലി ചെയ്യുന്നതിനിടെ 2019ലാണ് രമ്യയ്ക്ക് പാൻക്രിയാസിൽ കാൻസർ കണ്ടെത്തിയത്.  എറണാകുളം അമൃത ആശുപത്രിയിൽ  റേഡിയേഷൻ നടക്കുന്ന സമയങ്ങളിൽ മാത്രം  അവധിയെടുക്കുമായിരുന്ന രമ്യ പിന്നീട് രോഗം പിടിമുറുക്കിയതോടെ ചികിത്സ തിരുവനന്തപുരം RCC യിലേക്ക് മാറ്റി.

ആഴ്ചയിലെ അവധി RCC
യിലേക്കുള്ള യാത്രകളായിരുന്നു   രമ്യയ്ക്ക്.  പിന്നീട് രോഗം മൂർച്ഛിച്ചതോടെ രണ്ടാഴ്ച മുൻപ് അവധിയെടുത്തു. ജോലി ചെയ്യുന്നില്ലെങ്കിലും തനിക്ക് ആശുപത്രിയിൽ വരണം എന്നു പറഞ്ഞ് ഒരാഴ്ച മുമ്പ് താലൂക്കാശുപത്രിയിലെ വാർഡിൽ രോഗിയായി രമ്യ എത്തി. കൂടെ ജോലി ചെയ്തവർ കൂട്ടായി നിന്നു. ഒടുവിൽ ബുധൻ രാവിലെ തനിക്കു വീട്ടിൽ പോകണമെന്നു പറഞ്ഞ് തിരികെ പച്ചടിയിലെ വീട്ടിലെത്തിയെങ്കിലും രാത്രിയോടെ മരിച്ചു. മരിക്കാത്ത ഓർമ്മകൾക്കൊപ്പം ആശുപത്രിയിലെ ഒരു പരിപാടിക്കിടെ അവസാനമായി രമ്യ പാടിയ സ്‌ഫടികം എന്ന സിനിമയിലെ ‘ഓർമ്മകൾ... ഓർമ്മകൾ....ഓടക്കുഴലൂതി....’ എന്ന പാട്ട് സഹപ്രവർത്തകരായ നഴ്സുമാരുടെ മനസ്സിൽ വിങ്ങുന്ന ഓർമ്മയായി അവശേഷിച്ചു. രമ്യമോളുടെ സംസ്കാരം കഴിഞ്ഞ വൈകിട്ട് പച്ചടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടത്തി. ഏക മകൾ എവറിൻ ഹോളിക്രോസ് കോൺവെൻ്റ് ഹൈസ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്