പിണറായി വിജയന്റെ കൗണ്‍ഡൗണ്‍ തുടങ്ങിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്റെ ശത്രുത താന്‍ വിഎസിനൊപ്പം നിന്നത് കൊണ്ടാണ്. തനിക്കെതിരായ നടപടികള്‍ പിണറായി വിജയന്റെ രാഷ്ട്രിയ കളിയാണ്. സ്റ്റാലിനിസ്റ്റാണ് പിണറായി. പൊലീസിനെ ഉപയോഗിച്ച് നിശബ്ദനാക്കാനാണ് പിണറായിയുടെ ശ്രമം എന്നും പി സി ജോര്‍ജ് പറഞ്ഞു.
നാല് ദിവസം അടിച്ച് പെറുക്കിയിട്ടും പി സി ജോര്‍ജിന്റെ പൊടികണ്ടെത്താന്‍ സാധിക്കാതിരുന്ന നാണംകെട്ട പൊലീസ് ആണ് പിണറായി വിജയന്റേതെന്ന് പി സി ജോര്‍ജ്. ഞാന്‍ ആരേയും കൊന്നിട്ടില്ല. കലാപത്തിന് ആഹ്വാനം നല്‍കിയിട്ടില്ല. വര്‍ഗിയക്കെതിരെ ശബ്ദം ഉയര്‍ത്തിയ പട്ടികവര്‍ഗക്കാരനായ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടാണ് പി സി ജോര്‍ജിനെ പിണറായി വിജയന്‍ വര്‍ഗീയവാദി എന്ന് വിളിക്കുന്നത്.
ഒരു സമുദായത്തിലെ ഏതാനും പേരുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോ അത് ആ സമൂഹത്തെ അപമാനിച്ചു എന്ന് വരുത്തി തീര്‍ത്ത് സമുദായത്തിന്റെ വോട്ട് അപ്പാടെ കൈക്കലാക്കാനാണ് ശ്രമം. സാമൂഹിക തിന്മകളെയാണ് തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ പ്രസംഗങ്ങളില്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. അതിനെ വര്‍ഗീയവത്കരിച്ച് തൃക്കാക്കരയില്‍ വോട്ട് നേടാന്‍ പിണറായി വിജയന്‍ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണ് തന്റെ അറസ്റ്റ് എന്നും പി സി ജോര്‍ജ് പറഞ്ഞു.
‘വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നിയമമാണ് പിണറായി നടപ്പിലാക്കുന്നത്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്ക് അനുമതി നല്‍കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു’.
മതത്തിന്റേയും വര്‍ഗത്തിന്റേയും അടിസ്ഥാനത്തില്‍ പിണറായി തൃക്കാക്കരയെ വേര്‍തിരിച്ചു. സുറിയാനി വീടുകളില്‍ റോഷി അഗസ്റ്റിന്‍ ചെല്ലും. ലാറ്റിന്‍ വീടുകളില്‍ ആന്റണി രാജു, ഈഴവ വീടുകളില്‍ മണിയാശാന്‍, മുസ്ലീം വീടുകളില്‍ റിയാസും. ഇങ്ങനെ തൃക്കാക്കരയെ വേര്‍തിരിച്ചിരിക്കുന്ന പിണറായി വിജയനാണോ തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നതെന്നും പി സി ജോര്‍ജ് ചോദിച്ചു.
20 ദിവസമായി വിഡി സതീശൻ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശൻ. 1959ൽ ഇഎംഎസിന്റെ സർക്കാർ അങ്കമാലിയിൽ 7 ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്. കമ്മ്യൂണിസ്റ്റുകാരാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. മികച്ച വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഇപ്പോൾ തല തിരിഞ്ഞ അവസ്ഥയിലാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താതിരിക്കാനാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതെന്നും അത് അനുസരിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.