ആര്‍സിബിയെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലിൽ


അഹമ്മദാബാദ്: ഐപിഎല്‍  രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് (60 പന്തില്‍ പുറത്താവാതെ 106) രാജസ്ഥാന് ജയമൊരുക്കിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആര്‍സിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.