ഭാര്യയെയും മക്കളെയും കൊന്ന് ഓൺലൈനിൽ വാങ്ങിയ ഇലക്ട്രിക് വാളുപയോഗിച്ച്, അരുംകൊല വിവാഹ വാർഷിക ദിനത്തിൽ

ചെന്നൈ: പല്ലവാരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഓൺലൈൻ വഴിവാങ്ങിയ ഇലക്ട്രിക് വാൾ ഉപയോഗിച്ചായിരുന്നു അരുംകൊലയും ആത്മഹത്യയും. കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഐടി കമ്പനിക്കാരനായ പ്രകാശാണ് ഭാര്യ ഗായത്രി, മക്കളായ നിത്യശ്രീ, ഹരികൃഷ്ണൻ എന്നിവരെ കഴുത്തറുത്ത് കൊന്നതിന് ശേഷം ജീവനൊടുക്കിയത്. പ്രകാശിന്‍റേയും ഗായത്രിയുടേയും വിവാഹ വാർഷിക ദിനത്തിൽ തന്നെയായിരുന്നു ദാരുണമായ കൊലപാതകങ്ങളും ആത്മഹത്യയും. ചെന്നൈ പല്ലാവരം പൊഴിച്ചല്ലൂരിലാണ് സംഭവം.വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ഇന്ന് പുലർച്ചെയാണ് ക്രൂരകൃത്യം നടന്നത്. ഈ മാസം 19ന് പ്രകാശ് ഓൺലൈൻ വഴി ഒരു പവർ സോ വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം പ്രകാശും സ്വയം കഴുത്തറുക്കുകയായിരുന്നു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കടലാസിൽ എഴുതി വാതിലിൽ പതിച്ചിരുന്നു. ഇത്രയും ദിവസം മുമ്പേ വാൾ വാങ്ങി സൂക്ഷിച്ചതുകൊണ്ട് മുൻകൂട്ടി ആസൂത്രണം നടന്നതായി പൊലീസ് സംശയിക്കുന്നു.ഇന്നലെ പുലർച്ചെ, വീട്ടിലെത്തിയ പ്രകാശിന്റെ അച്ഛനാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടത്. എല്ലാവരുടെയും ശരീരങ്ങൾ ഒരേ മുറിയിൽ തന്നെ ആയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വാങ്ങി വച്ച ഇലക്ട്രിക് വാൾ എടുത്ത് ഉപയോഗിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രകാശിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് ഭീഷണികൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഫോൺ രേഖകൾ പരിശോധിച്ചുവരികയാണെന്ന് ചെന്നൈ ശങ്കർ നഗർ പൊലീസ് അറിയിച്ചു.