ദേവനന്ദയുടെ മരണത്തിനു കാരണം ഷിഗെല്ല; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു

കാസർഗോഡ്:ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍.

ദേവനന്ദ മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാര്‍ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോര്‍ട്ട് നല്‍കും. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ആലോചനയുണ്ട്. ഷവര്‍മ കഴിച്ച്‌ വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയില്‍ കഴിയുന്നത്.