ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്തണോ? എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു ചേര്‍ക്കണോ? കുടിവെള്ള കണക്ഷന്‍ എടുക്കണോ? എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ ഇതിനെല്ലാം അവസരമുണ്ട്... സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15ന് കനകക്കുന്നില്‍ തുടങ്ങുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ഒരുകുടക്കീഴില്‍ ലഭിക്കും. പൂര്‍ണമായും ശീതീകരിച്ച പവലിയനില്‍ പതിനഞ്ചോളം വകുപ്പുകളുടേതായി ഇരുപതോളം സേവന സ്റ്റാളുകളാണ് ഇവിടെ ഒരുക്കുന്നത്. മെയ് 15ന് തുടങ്ങുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള 22ന് സമാപിക്കും.
സൗജന്യമായി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനും ഐടി വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇവിടെ എന്റോള്‍ ചെയ്യാം. ആധാറിലെ മൊബൈല്‍ നമ്പര്‍ പുതുക്കല്‍, അഞ്ച് വയസിലും 15 വയസിലുമുള്ള നിര്‍ബന്ധിത ആധാര്‍ പുതുക്കല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഐ.ടി.മിഷന്റെ സ്റ്റാളിലുണ്ടാകും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കുന്ന സ്റ്റാളില്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍, സീനിയോറിറ്റി പുനസ്ഥാപിക്കല്‍, സ്വയം തൊഴില്‍, കരിയര്‍ ഗൈഡന്‍സ്, വൊക്കേഷണല്‍ ഗൈഡന്‍സ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും (പേര് ചേര്‍ക്കല്‍ - ഒഴിവാക്കല്‍, തെറ്റ് തിരുത്തല്‍, മേല്‍വിലാസം തിരുത്തല്‍) പൊതുവിതരണ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താം. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസന്‍സിനായുള്ള മോക്ക് ടെസ്റ്റുകള്‍ക്കുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്.
അനെര്‍ട്ട് സ്റ്റാള്‍ വഴി വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് രജിസ്‌ട്രേഷന്‍ നടത്താം. അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ആവാസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷനുള്ള അവസരം തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ ലഭിക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റില്‍ വെള്ളം, പാല്‍, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ പരിശോധിക്കാന്‍ അവസരവുമുണ്ടാകും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സൗജന്യ മണ്ണു പരിശോധന നടത്തി നല്‍കും. ഇതിനായി പ്രദര്‍ശന നഗരിയില്‍ മൊബൈല്‍ ലാബ് യൂണിറ്റ് സജ്ജമാക്കുന്നുണ്ട്. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍, വൈദ്യുതി കണക്ഷനുള്ള അപേക്ഷ എന്നിവയാണ് കെ.എസ്.ഇ.ബി സ്റ്റാളില്‍ ഒരുക്കുന്നത്.
യുണീക്ക് ഹെല്‍ത്ത് ഐ.ഡി രജിസ്‌ട്രേഷന്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ വഴി ലഭ്യമാക്കും.
രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയാണ് സ്റ്റാളുകളുടെ സേവനം ലഭ്യമാവുക. ഇതു കൂടാതെ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ഉള്‍പ്പെടെ 250 ഓളം സ്റ്റാളുകളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അണിനിരക്കുന്നത്.