രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.നേരത്തെ കരാര്‍ ഒപ്പിട്ട കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ ആട്ടയുടെ വില ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ അവിടത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.

‘രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് കയറ്റുമതി താത്ക്കാലികമായി നിരോധിച്ചത്’- സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.

റഷ്യ-യുക്രെയിന്‍ യുദ്ധം മൂലം രാജ്യാന്തര വിപണിയില്‍ ഗോതമ്പിൻ്റെ വിലയില്‍ 40 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിച്ചു. ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനാല്‍ പ്രാദേശിക തലത്തില്‍ ഗോതമ്ബിന്റെ വില കൂടിയിരുന്നു.