മുതിര്‍ന്ന പൗരന്മാർക്കും ഇനി ട്രെയിനിൽ ഫുൾചാർജ്, നിരക്കിളവില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ട്രെയിനില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കോവിഡിനു മുൻപ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനിലുണ്ടായിരുന്ന നിരക്കിളവ് പുനഃസ്ഥാപിക്കില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

സാധാരണ ടിക്കറ്റ് നിരക്കു തന്നെ സബ്‌സിഡിയുള്ളതാണ്. പ്രവര്‍ത്തനച്ചെലവുകള്‍ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും യാത്രക്കാരില്‍ നിന്ന് 45 രൂപയേ ഈടാക്കുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

60 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കു ടിക്കറ്റ് നിരക്കിന്റെ 40 ശതമാനവും 58 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവുമാണ് ഇളവ് ഉണ്ടായിരുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയിലേക്കു റെയില്‍പാത നീട്ടാന്‍ ഒന്നിലേറെ സര്‍വേകള്‍ നടക്കുന്നുണ്ട്. കോയമ്ബത്തൂര്‍- പാലക്കാട് സെക്ഷനില്‍ ആനകള്‍ ട്രെയിനിടിച്ചു കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ അടിപ്പാതകള്‍ നിര്‍മിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ പഠനയാത്രയ്ക്കു കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നു രണ്ടു വര്‍ഷമായി സ്‌കൂളുകള്‍ പഠനയാത്രകള്‍ നടത്താത്ത സാഹചര്യത്തിലാണിത്.