കാർമൽ ആശുപത്രിയിൽ മോഷണം സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ . തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻ കുഴി വീട്ടിൽ ജയചന്ദ്രൻ നായർ (62) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2 ന് ആലുവ കാർമൽ ആശുപത്രിയിലാണ് സംഭവം. കാഷ്വാലിറ്റിയുടെ മുൻവശം കസേരയിൽ വച്ചിരുന്ന രണ്ടരപ്പവൻ സ്വർണ്ണവും, 14500 രൂപയയും അടങ്ങിയ കവർ ഇയാൾ മോഷ്ടിക്കുകയായിരുന്നു. കരിമുകൾ പിണർമുണ്ട സ്വദേശി അബ്ദുൽകരീമും കുടുംബവും മതിലകത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആലുവ കാർമൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവരുടെ ബാഗ് മോഷണം പോയത്. എസ്.എച്ച്.ഒ എൽ അനിൽകുമാർ, എ.എസ്.ഐ ടി.എസ്.അരുൺ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.