കൊച്ചി• പ്രഭാഷണത്തിനിടെ വർഗീയ പരമാർശം നടത്തിയെന്ന പേരിൽ മുൻ എംഎൽഎ പി.സി.ജോർജിനെതിരെ വീണ്ടും കേസ്. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണലയിലെ മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ പ്രസംഗിക്കുമ്പോൾ ഒരു വിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.ശബ്‌ദരേഖയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ്. വിഡിയോ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടിയെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കവെ വർഗീയ പരാമർശം നടത്തിയതിന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. കേസിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പി.സി. ജോർജിനു ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജി ബുധനാഴ്ച മജിസ്ട്രേട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.സർക്കാർ വാദം കേൾക്കാതെ പി.സി. ജോർജിനു ജാമ്യം അനുവദിച്ചെന്നാണ് പൊലീസ് പക്ഷം. മേയ് 1നു പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.