കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. അദ്ദേഹം ഉടൻ സമാജ് വാദി പാർട്ടിയിൽ ചേർന്നേക്കും.കപിൽ സിബൽ എസ്പിയുടെ രാജ്യസഭാ എംപിയാകും. ഉത്തർപ്രദേശ് വിധാൻ സഭയിലെത്തി കപിൽ സിബൽ നോമിനേഷൻ നൽകി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.

കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയിൽ പ്രമുഖനായിരുന്നു കപിൽ സിബൽ. കോൺഗ്രസിൽ നിന്ന് താൻ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ വ്യക്തമാക്കി.

രാജസ്ഥാനിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിലും പങ്കെടുക്കാതെ കപിൽ സിബൽ വിട്ടുനിന്നിരുന്നു.ഉത്തർപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപിൽ സിബലിന് നൽകിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആർഎൽഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.