തൃശ്ശൂരിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം, അഞ്ചുപേർക്ക് പരിക്ക്

തൃശ്ശൂര്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.

ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേയ്ക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് രക്ഷയായി. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

വേഗത്തില്‍ വന്നിരുന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. കാസര്‍കോടുനിന്നും മൂന്നാറിലേക്ക് വിനോദയാത്രപോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂര്‍ സിഗ്നലില്‍ അടിക്കിടെ അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ ആമ്പല്ലൂരിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് തകര്‍ന്നിരുന്നു. അത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡില്‍ അത് മാറ്റിയിട്ട നിലയിലാണ്. ഈ സിഗ്നല്‍ ലെെറ്റ് സ്ഥാപിക്കാത്തത് മൂലം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ശരിയായി സിഗ്നല്‍ കാണാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്