ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസർകോട് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ നിന്ന് ഷവർമ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടർന്ന് ഇന്നലെയാണ് നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേർകൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയിൽ എത്തി.തുടർന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവർമ്മ കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.