ബസ് ഡ്രൈവർ കം കണ്ടക്ടർമാരായ രണ്ടുപേർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി; യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ.

പത്തനംതിട്ട : ഡ്യൂട്ടിക്ക് വരാതെ സ്വിഫ്റ്റ് ബസ് ഡ്രൈവർ കം കണ്ടക്ടർമാരായ രണ്ടുപേർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെ പത്തനംതിട്ടയിൽ യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ. പത്തനംതിട്ട ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പോവേണ്ടിയിരുന്ന ബസ്സിലെ ബുക്ക് ചെയ്ത യാത്രക്കാരാണ് ഡിപ്പോയിൽ മണിക്കൂറുകളോളം കുടുങ്ങിയത്. 4 മണിക്ക് ജോലിക്ക് എത്തേണ്ട ഇരുവരും വന്നില്ല. ഉദ്യോഗസ്ഥർ മാറി മാറി രണ്ടുപേരേയും ഫോൺവിളിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു. ഇതോടെ യാത്രക്കാർ ബഹളം വെച്ച് സ്റ്റാൻഡിൽ കുത്തിയിരുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർഥികൾ ഉൾപ്പെടെ 25 ഓളം പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. മറ്റ് സ്റ്റാൻഡുകളിൽ സീറ്റ് ബുക്ക് ചെയ്ത് കാത്തു നിന്നവരും ഇതോടെ വലഞ്ഞു. യാത്രക്കാർ ബഹളം വെച്ച് മറ്റ് ബസ് പോവുന്നതും തടഞ്ഞു. ഇതോടെ ഡിപ്പോ അധികൃതരും കുടുങ്ങി. ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവർമാരാകട്ടെ സ്വിഫ്റ്റ് ബസ് അവരുടെ ജീവനക്കാർ തന്നെ ഓടിക്കട്ടെയെന്ന നിലപാടുമെടുത്തു. യാത്രക്കാർ വഴിയാധാരമാകുന്ന സ്ഥിതിയായതോടെ ഡിപ്പോയിൽ നിന്ന് പത്താനപുരവുമായി ബന്ധപ്പെട്ടു അവിടെ നിന്നും രണ്ടുപേർ വരാമെന്ന് സമ്മതിച്ചതോടെയാണ് ആശങ്ക മാറിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട ബസ് ബഹളത്തിന് ശേഷം പുറപ്പെട്ടത് രാത്രി ഒമ്പതരയോടെയാണ്.