തൃശൂർ പൂരം കൊടിയേറി,ആവേശത്തിൽ പൂരപ്രേമികൾ

തൃശൂര്‍: രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമുള്ള തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി.ദേശക്കാരാണ് കൊടിയേറ്റ ചടങ്ങുകള്‍ നടത്തുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. സാധാരണയേക്കാള്‍ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് തൃശൂര്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും ഒരുക്കുന്നത്.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ ഒമ്ബതിനും പത്തരയ്ക്കും ഇടയിലായിരുന്നു മുഹൂര്‍ത്തം. തിരുവമ്ബാടിയില്‍ 10.30നും 10.55നും ഇടയില്‍ കൊടിയേറി. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകള്‍ നടക്കാറുള്ളത്.

വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്ബാടി ചന്ദ്രശേഖരന്‍ തിടമ്ബേറ്റും. വൈകിട്ട് മൂന്നരയോടെ നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളില്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും. നിയന്ത്രണമില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.