ആഗ്രഹം സഫലമായ ദിവസം ഷിനോയിയെ മരണം കൊണ്ടുപോയി: സ്വപ്നം ബാക്കിയാക്കി വിഷ്ണുവും പോയി: തീരാനോവ്

ചെങ്ങന്നൂർ എംസി റോഡിൽ മുളക്കുഴയിൽ ബുധനാഴ്ച രാത്രി കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് സുഹൃത്തുക്കളായ രണ്ടു യുവാക്കൾ. എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയ് (25), ചേർത്തല പള്ളിപ്പുറം കെആർ പുരം കണിച്ചേരി വെളി സജീവിന്റെ മകൻ വിഷ്ണു (26) എന്നിവരാണു മരിച്ചത്. ഷിനോയ് കൊട്ടാരക്കര നാടല്ലൂർ മഹാശിവക്ഷേത്രത്തിലും വിഷ്ണു ചോറ്റാനിക്കര എരിവേലി ശ്രീവല്ലേശ്വരം ക്ഷേത്രത്തിലും കീഴ്‌ശാന്തിമാരാണ്.ബുധനാഴ്ച രാത്രി പതിനൊന്നരയോടെ മുളക്കുഴ വില്ലേജ് ഓഫിസിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നു ബത്തേരിക്കു പോയ ബസും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. നിശ്ശേഷം തകർന്ന കാർ ബസിനടിയിൽ കുടുങ്ങി. ഇതുവഴിയെത്തിയ ലോറിയിൽ കയർ കെട്ടി വലിച്ചാണു കാർ പിന്നോട്ടു നീക്കിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണു കാറിനുള്ളിൽ കുടുങ്ങിയ വിഷ്ണുവിനെയും ഷിനോയിയെയും പുറത്തെടുത്തത്.
ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നെന്നു പൊലീസ് പറഞ്ഞു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ഷിനോയിയുടെ അമ്മ: വിജി. സഹോദരി: ഷിജി. വിഷ്ണുവിന്റെ അമ്മ: ഗിരിജ, സഹോദരി: മഞ്ജുള.

ഞെട്ടൽ മാറാതെ ഷാനി

മുളക്കുഴ : ‘സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞതനുസരിച്ചാണ് അപകടസ്ഥലത്തേക്ക് എത്തിയത്. ബസിനടിയിൽ കുരുങ്ങിക്കിടക്കുന്ന കാറാണ് ആദ്യം കണ്ടത്. അതിനുള്ളിൽ രണ്ടുപേരുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് പിന്നീടാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമമായി പിന്നീട്. പിന്നാലെയെത്തിയ ലോറിയിൽ കയർ കെട്ടി കാർ പിന്നിലേക്കു വലിച്ചുനീക്കി. ഏറെ നേരം പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും...’ മുളക്കുഴയിൽ അപകടസ്ഥലത്തു രക്ഷാപ്രവർത്തനത്തിനെത്തിയ മുളക്കുഴ തച്ചക്കുന്നിൽ ഷാനി മുഹമ്മദിന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

ഷിനോയിയുടെ വേർപാട് ആഗ്രഹം സഫലമായ ദിവസം

തുറവൂർ : റോഡരികിൽ ഒരു വീട്. മുറ്റത്ത് വാഹനം കയറ്റണമെന്ന ആഗ്രഹം സഫലമായ ദിവസം തന്നെയാണ് ഷിനോയിയുടെ വേർപാട്.റോഡിൽ നിന്നു 300 മീറ്ററോളം മാറിയാണ് കോടംതുരുത്ത് എഴുപുന്ന കറുകപ്പറമ്പിൽ ഷിനോയ് താമസിച്ചിരുന്നത്. വീട്ടിലേക്കുള്ള, മൂന്നടി മാത്രം വീതിയുള്ള വഴിയിൽ ഇരുചക്രവാഹനം പോലും എത്താൻ പ്രയാസമാണ്. കാർ കയറ്റാവുന്ന തരത്തിലൊരു വീടും സ്ഥലവും സ്വപ്നം കണ്ട ഷിനോയിക്കും കുടുംബത്തിനും അതു സാധ്യമായി. ഒരു വർഷത്തെ കാലാവധി പറഞ്ഞുറപ്പിച്ച് വീടും സ്ഥലവും വാങ്ങാമെന്ന കരാറിൽ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ബുധനാഴ്ച അവിടെ പാലു കാച്ചുകയും ചെയ്തു.
പാലുകാച്ചലിനു ശേഷം ക്ഷേത്രത്തിലെ ശാന്തി ജോലിയുടെ തിരക്കുകൾ കാരണം രാത്രി സുഹൃത്തിനൊപ്പം മടങ്ങിയതാണ്. അത് അപകടത്തിലേക്കുള്ള യാത്രയായി.ചെറുപ്പത്തിലേ വീടിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തവനാണ് നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്ന ഷിനോയ്. പഠന ശേഷം ക്ഷേത്രത്തിലെ ശാന്തിജോലി തുടങ്ങി.വ്യാഴാഴ്ച പുലർച്ചെ പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ക്ഷേത്രത്തിലെത്തേണ്ട ആവശ്യം പറഞ്ഞ് സന്ധ്യയോടെ ബന്ധുവിന്റെ കാറെടുത്തു പുറപ്പെട്ടു. നാട്ടിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു ഷിനോയ്. കുഞ്ഞാലി നഗർ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്.

വിഷ്ണുവിന്റെ വിയോഗം ആഗ്രഹങ്ങൾ സഫലമാവാതെ

പൂച്ചാക്കൽ : വീടിന്റെ നിർമ്മാണം പൂർത്തിയാക്കണം, സഹോദരിയുടെ നിശ്ചയിച്ച വിവാഹം നന്നായി നടത്തണം ... ആഗ്രഹങ്ങളെല്ലാം ബാക്കിവച്ചാണ് വിഷ്ണുവിന്റെ വിയോഗം. ബുധനാഴ്ച ചെങ്ങന്നൂരിൽ കാർ അപകടത്തിൽ മരിച്ച പള്ളിപ്പുറം പഞ്ചായത്ത് 15–ാംവാർഡ് കണിച്ചേരിവെളി സജീവിന്റെയും ഗിരിജയുടെയും മകൻ കെ.എസ്.വിഷ്ണു (25)വിനെക്കുറിച്ച് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമുള്ള ഓർമ്മകൾ ഇങ്ങനെ. 4 വർഷമായി ചോറ്റാനിക്കര എരിവേലി ശ്രീവല്ലേശ്വരം ക്ഷേത്രത്തിലെ കീഴ്‌ശാന്തിയായി ജോലിചെയ്യുകയായിരുന്നു വിഷ്ണു. അവിടെ താമസിച്ച് ജോലിചെയ്യുന്നതിനിടെ സമയം ലഭിക്കുമ്പോഴെല്ലാം വീട്ടിലെത്തും.
സഹോദരിക്ക് സുഖമില്ലാതിരുന്നതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ചോറ്റാനിക്കരയിൽ നിന്ന് വിഷ്ണു വീട്ടിലേക്ക് പോന്നത്. സഹോദരിയെ ബുധനാഴ്ച ആശുപത്രിയിൽ നിന്നു വീട്ടിൽ കൊണ്ടുവന്നതിനുശേഷം രാത്രിയാണ് കൊല്ലം കൊട്ടാരക്കര നെടുവത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ശാന്തി ജോലിക്ക് സുഹൃത്ത് ഷിനോയിയുമായി വിഷ്ണു പോയത്. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ രണ്ടുമണിയോടെ വീട്ടിലെത്തിച്ചു. മൂന്നുമണിയോടെ മൃതദേഹം ചിതയിലേക്ക് എടുത്തതോടെ പലരുടെയും നിലവിളികൾ ഉച്ചത്തിലുയർന്നു.