ട്രെയിൻ നിർത്തിയിട്ട് അസി. ലോക്കോപൈലറ്റ് രണ്ടെണ്ണം വീശാൻ മുങ്ങി; പ്രകോപിതരായി യാത്രക്കാർ 

പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ നിർത്തിയിട്ട് അസി. ലോക്കോപൈലറ്റ് മദ്യപിക്കാനായി മുങ്ങി. ഒരുമണിക്കൂറോളം ട്രെയിൻ വൈകിയതിനെ തുടർന്ന് ‌യാത്രക്കാർ പ്രതിഷേധിച്ചു.   സമസ്തിപൂരിൽ നിന്ന് സഹർസയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഹസൻപൂർ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് പോകാനായി കുറച്ചുനേരം നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി) കരൺവീർ യാദവ് എജിനിൽ നിന്ന് മുങ്ങി.ട്രെയിൻ പോകാനായി സിഗ്നൽ നൽകിയിട്ടും നീങ്ങാത്തതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചു. ഇതിനിടെ, ട്രെയിൻ വൈകിയതിൽ പ്രകോപിതരായ യാത്രക്കാരും രം​ഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ  മാർക്കറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട നിലയിൽ ലോക്കോപൈലറ്റിനെ കണ്ടെത്തി. ഗവൺമെന്റ് റെയിൽവേ പൊലീസിനെ  (ജിആർപി) വിവരമറിയിച്ചതിനെ തുടർന്ന് ലോക്കോപൈലറ്റിനെ അറസ്റ്റ് ചെയ്തു.അതേ ട്രെയിനിൽ ചുമതലയുണ്ടാ‌യിപുന്ന മറ്റൊരു എഎൽപിക്ക് സ്റ്റേഷൻ മാസ്റ്റർ മെമ്മോ നൽകി. ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അലോക് അഗർവാൾ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 


ലോക്കോപൈലറ്റിന് ചായ കുടിക്കാൻ ആ​ഗ്രഹം, റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ടു; അന്വേഷണവുമായി റെയിൽവേ

പട്‌ന: ചായകുടിക്കാൻ റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റുമാർക്കെതിരെ അന്വേഷണം. ഗ്വാളിയോർ-ബറൗണി എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റുമാരാണ് ബീഹാറിലെ സിവാൻ സ്‌റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിൽ  ചായ കുടിക്കാനായി ട്രെയിൻ നിർത്തിയത്. സംഭവം വാർത്തയായതോടെ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. ഗാർഡിനോടും ലോക്കോ പൈലറ്റുമാരോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻഇആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പങ്കജ് സിങ് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പുലർച്ചെ 5.27 ന് സിവാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റുമാരിൽ ഒരാൾ ലോക്കോമോട്ടീവിൽ നിന്നിറങ്ങി ചായക്കടയിലേക്ക് പോയത്.  5.30ന് സിവാൻ സ്‌റ്റേഷനിൽ നിന്ന്  ട്രെയിൻ പുറപ്പെട്ടപ്പോൾ ലോക്കോ പൈലറ്റിന് തന്റെ സഹായി ലോക്കോമോട്ടീവ് ക്യാബിനിനുള്ളിൽ ഇല്ലെന്ന് അറിയാമായിരുന്നു. സമീപത്തെ റെയിൽവേ ക്രോസിലെ ചായക്കടക്ക് സമീപം ചായയുമായ അസി. ലോക്കോപൈലറ്റ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അസി. ലോക്കോപൈലറ്റ് ചായക്കുടിച്ച് അവസാനിക്കും വരെ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയിട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ടതോടെ ഇരുവശത്തും വാഹനങ്ങൾ അധിക സമയം കുടുങ്ങിക്കിടന്നു. സംഭവം സ്റ്റേഷൻ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് സിവാൻ സ്റ്റേഷൻ മാസ്റ്റർ അനന്ത് കുമാർ പറഞ്ഞു.