വയോധികൻ തെങ്ങിൻചുവട്ടിൽ മരിച്ച നിലയിൽ; ഇടത് കണങ്കാലിൽ പൊള്ളൽ, മരണം ഷോക്കേറ്റ്?

തിരുവനന്തപുരം • വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം 60 വയസ്സ് പ്രായമുള്ളയാളെ തെങ്ങിൻചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടതു കാൽമുട്ടിന് താഴെ കണങ്കാലിൽ പൊള്ളലേറ്റ പാടുകൾ ദൃശ്യമാണ്. ശനിയാഴ്‌ച രാവിലെ 9 മണിക്ക് അതുവഴി നടന്നുപോയ സ്ത്രീയാണ് മൃതദേഹം കണ്ടത്.ശരീരത്തിൽ വയർ ചുറ്റിക്കിടന്നതിനാൽ ഷോക്കേറ്റാണോ മരണം സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിക്കുന്നു. പുരയിടത്തിൽ കാട്ടുപന്നി കയറാതിരിക്കാൻ വേലിയിൽ കറന്റ് കൊടുത്തതാണോ എന്നും സംശയമുണ്ട്.