മുൻകൂർ ജാമ്യാപേക്ഷ നൽകി പി.സി ജോർജ്; അപേക്ഷ സമർപ്പിച്ചത് മകനും അഭിഭാഷകനുമായ ഷോൺ ജോർജ്

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പി.സി ജോർജ്. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുൻ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മകനും അഭിഭാഷകനുമായ ഷോൺ ജോർജാണ് പി.സി ജോർജിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും ഹർജിയിൽ പിസി ജോർജ് പറഞ്ഞു. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങൽ തീരുമാനിച്ചിട്ടില്ലെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.അതേസമയം, പി.സി ജോർജിന് വേണ്ടി വീട്ടിലും മറ്റും തെരഞ്ഞുവെങ്കിലും കണ്ടെത്താൽ സാധിച്ചിട്ടില്ലെന്ന് സി എച്ച് നാഗ രാജു പറഞ്ഞു. പി.സി ജോർജ് ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.