പി സി ജോര്‍ജിനെ സെന്‍ട്രല്‍ ജയിലേക്കു മാറ്റി

തിരുവനന്തപുരം:മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലേക്കു മാറ്റി.പി സി ജോര്‍ജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ജില്ലാ ജയിലില്‍നിന്ന് തൊട്ടടുത്തുള്ള സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി സി ജോര്‍ജിന് നല്‍കുമെന്ന് പൂജപ്പുര ജയില്‍ സൂപ്രണ്ട് പറഞ്ഞു. ജില്ലാ ജയിലില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല.

രാവിലെ 10 മണിയോടെയാണ് പി സി ജോര്‍ജിനെ ജില്ലാ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മറ്റു തടവുകാരോടൊപ്പം അഡ്മിഷന്‍ സെല്ലിലാക്കി. നിരീക്ഷിക്കാന്‍ പൊലീസുകാരെയും ചുമതലപ്പെടുത്തി. ഉച്ചയ്ക്കു ജയില്‍ ഭക്ഷണമാണ് നല്‍കിയത്. ചോറ്, സാമ്ബാര്‍, അവിയല്‍, തൈര് എന്നിവയാണ് വ്യാഴാഴ്ച ജയിലിലെ ഉച്ച ഭക്ഷണം. വൈകിട്ടു ചായ നല്‍കി. സെന്‍ട്രല്‍ ജയിലില്‍ രാത്രിയില്‍ ചോറ്, തോരന്‍, തീയല്‍ എന്നിവയാണ് ഭക്ഷണം.

തിരുവനന്തപുരത്തെ ഹിന്ദുമഹാ സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി സി ജോര്‍ജിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും കോടതി പരിഗണിക്കുന്നതിനായി നാളത്തേക്ക് മാറ്റിവച്ചു.

പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാല്‍ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.