രാജ്യത്തെ ഇരുപത്തിയഞ്ചാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു.

ദില്ലി: രാജ്യത്തെ ഇരുപത്തിയഞ്ചാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി കടുത്ത തീരുമാനങ്ങളെടുക്കാനും, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇലക്ഷന്‍ കമ്മീഷന്‍ മടിക്കില്ലെന്ന് രാജീവ്കുമാർ പറഞ്ഞു. 2020 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയാണ് രാജീവ് കുമാർ. 1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ സ്ഥാനത്ത് നിന്ന് സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവിലാണ് ചുമതലയേറ്റത്. രാജീവ് കുമാറിനായിരിക്കും 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെയും വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും മേല്‍നോട്ട ചുമതല. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന് കാലാവധിയുള്ളത്. ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ, നബാർഡ് അഗം, ഇക്കണോമിക് ഇന്റലിജന്റ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി രാജീവ് കുമാറിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കിയത്.