കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ തൃശൂര്‍ പൂരം വെടിക്കെട്ട്

തൃശൂർ:കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ നടത്തും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ നടത്താനാണ് തീരുമാനം.നാളെ നാല് മണിക്കാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്. ഇന്ന് കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. നാളെ വെയിലുദിച്ചാല്‍ വെടിക്കെട്ട് നടക്കും.

ഈ മാസം 11നായിരുന്നു തൃശൂര്‍ പൂരം. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല.