പരക്കെ മഴയ്‌ക്ക് സാധ്യത,രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്;സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തിയേക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

അതേ സമയം അസാനി’ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞതിനു പിന്നാലെ കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും എത്തുന്നു.കാലവര്‍ഷം ഈ മാസം 15ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ, ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തും.

അടുത്ത 5 ദിവസം ആന്‍ഡമാനില്‍ കനത്ത മഴ പെയ്തേക്കും. 60 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത ഉണ്ട്. സാധാരണ, ആന്‍ഡമാനില്‍ മേയ് 22നും കേരളത്തില്‍ ജൂണ്‍ ഒന്നിനുമാണു കാലവര്‍ഷം എത്താറുള്ളതെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് പറഞ്ഞു.

വരുന്ന 5 ദിവസം കേരളത്തില്‍ പരക്കെ മഴ കിട്ടും. ശക്തിയായ മഴ പെയ്യുമെന്ന വിലയിരുത്തലോടെ ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കിയിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു.