കരിപ്പൂരിൽ പോലീസിന്റെ സ്വര്‍ണ്ണ വേട്ട തുടരുന്നു.

കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത്  കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 1.103 കിലോ സ്വർണം പൊലീസ് പിടികൂടി. 21.05.22 തിയതി 09 മണിക്ക് ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കരിപൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ തിരൂരങ്ങാടി സ്വദേശി അബ്ബാസാണ് പോലീസ് പിടിയിലായത്. 

അബ്ബാസില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന കൊടുവള്ളി സ്വദേശികളായ ഷംനാദ്, നൗഫല്‍ എന്നിവരേയും അവര്‍ വന്ന  ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

1101 ഗ്രാം സ്വര്‍ണ്ണം,  മിശ്രിത രൂപത്തില്‍ 4 ക്യാപ്സൂളുകളാക്കി തന്റെ ശരീരത്തിനകത്ത് വിദക്തമായി ഒളിപ്പിച്ച അബ്ബാസിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ  അതിജീവിച്ച്  എളുപ്പത്തില്‍ പുറത്ത് കടക്കാനായെങ്കിലും  പുറത്ത് വല വിരിച്ച് കാത്ത് നിന്ന പോലീസിനെ മറി കടക്കാനായില്ല.

 അബ്ബാസിനൊപ്പം സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ രണ്ട് കൊടുവള്ളി സ്വദേശികളെയും കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സ്വര്‍ണ്ണവാഹകര്‍ക്ക്  പുറമെ  കള്ളകടത്ത്  സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയവരെയും അത് വഴി  കള്ളകടത്തിനായി പണം മുടക്കുന്നവരെയും  കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.  
 

കഴിഞ്ഞ ഏതാനും  മാസത്തിനിടക്ക് 29-ാമത്തെ  തവണയാണ് പോലീസ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് സ്വര്‍ണ്ണം പിടികൂടുന്നത്.കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോലീസിന്റെ ഇടപെടല്‍ ശക്തമായതോടെ കള്ളകടത്ത് സംഘം മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി  അറിയാന്‍ സാധിച്ചിട്ടുണ്ട്.