ആര്യനാട് എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് തലക്ക് അടിയേറ്റു. തിരുവനന്തപുരം നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വരൂപ്, എക്‌സൈസ് ഓഫീസര്‍മാരായ ഷജീര്‍, നുജുമുദ്ധീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയും കാപ്പ ചുമത്തിയിട്ടുള്ള സ്ഥിരം കുറ്റവാളിയുമായ സുഭീഷിനെ എക്‌സൈസ് സംഘം സാഹസികമായി കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം സുബീഷിന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയതായിരുന്നു. ഈ സമയത്തായിരുന്നു ആക്രമണം.ആര്യനാട് കുളപ്പടയില്‍ കൃഷിഭവന് സമീപം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കമ്പി വടി കൊണ്ടാണ് സുഭീഷ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു.