കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിൽ. പഴയകുന്നുമ്മേൽ, വട്ടപ്പാറ, വി. വി സദനത്തിൽ നിന്നും ചാരുപാറ,തമ്പുരാട്ടിപ്പാറ ക്ഷേത്രത്തിനുസമീപം അനുഗ്രഹ വീട്ടിൽ താമസിക്കുന്ന വിനോദ് (48)ആണ് അറസ്റ്റിലായത്.
മെയ് 22ന് രാത്രിയിലാണ് പുതിയകാവ് ദേവീ ക്ഷേത്രത്തിലെ മുൻവശത്തെ കാണിക്കവഞ്ചിയില പൂട്ട് തകർത്ത് മോഷണം നടന്നത്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ക്ഷേത്രഭാരവാഹികൾ ആണ് കാണിയ്ക്കവഞ്ചി തകർന്ന നിലയിൽ കാണുന്നത്. തുടർന്ന് കിളിമാനൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കാണിക്കവഞ്ചിയിൽ ഏകദേശം രണ്ടായിരത്തോളം രൂപ ഉണ്ടാകുമെന്നും പോലീസിനെ അറിയിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മറ്റു കേസുകൾ നിലവിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, എഎസ്ഐ ഷജിം, സി.പി.ഒമാരായ മഹേഷ്, ബിനു, അരുൺ, കിരൺ, ശ്രീരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.