ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം. തുടക്കത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.