ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മുന്‍തൂക്കം, തൃപ്പൂണിത്തുറയിൽ ബിജെപിക്ക് അട്ടിമറി ജയം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലംപ്രഖ്യാപിച്ച സീറ്റുകളില്‍ 20 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. 12 സീറ്റുകളിലാണ് യുഡിഎഫിന്റെ വിജയം. എന്‍ഡിഎ ആറ് സീറ്റുകള്‍ നേടി.

“തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബി.ജെ.പി. പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയില്‍ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി ഉയര്‍ത്തി. എല്‍ഡിഎഫിന്റെ സീറ്റുകള്‍ 23-ല്‍നിന്ന് 21 ആയി.

കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി പത്മജ എസ്.മേനോന്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കൗലത്ത് വിജയിച്ചു

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം.

കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി.

ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിന്‍സി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോള്‍.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോള്‍ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന്‍ 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന്‍ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡിഎഫ് സ്ഥാനാര്‍ഥി ഹരിദാസന്‍ കുടക്കഴിയിലിന് 115 വോട്ടു. ബിജെപി സ്ഥാനാര്‍ഥി കെ അനില്‍ കുമാറിന് 88 വോട്ടും ലഭിച്ചു.